തമിഴ് നാട്ടിൽ മാധ്യമപ്രവർത്തകർക്ക് കൊവിഡ് വ്യാപിക്കുന്നു, ജാഗ്രത വേണമെന്ന് കേന്ദ്രം..

Sharing is caring!

ചെന്നൈ നഗരത്തിൽ കൂടുതൽ മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 10 മാധ്യമ പ്രവർത്തകർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ആറ് പേർ ഒരു തമിഴ് ചാനലിലെ മാധ്യമപ്രവർത്തകരാണ്. ഇതോടെ ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ മാധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി.

ചാനൽ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടർന്ന് ഒരു പ്രമുഖ തമിഴ് ന്യൂസ് ചാനൽ ഇന്ന് തത്സമയ സംപ്രേക്ഷണം നിർത്തിയിരുന്നു. നേരത്തെ തന്നെ അമ്പതോളം മാധ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ മാധ്യമപ്രവർത്തകർ നിരീക്ഷണപട്ടികയിൽ വരും.

മറ്റൊരു ചാനലിലെ സബ് എഡിറ്റര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസ് റീഡര്‍മാരടക്കം ഇരുപത്തിമൂന്ന് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപ്ത്രത്തിലെ ലേഖകന്‍ ആരോഗ്യസെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന തുടങ്ങി.

ജീവനക്കാർക്ക് സൺ ന്യൂസ് ചാനൽ നൽകിയ സേഫ്റ്റി സ്യൂട്ട്

ചെന്നൈയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മാധ്യമപ്രവർത്തകർക്ക് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൊവിഡ് ബാധിത മേഖലയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം കേന്ദ്രം പുറപ്പെടുവിച്ചു. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ്-19മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ആരോഗ്യസുരക്ഷയ്ക്കും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

തമിഴ്നാട്ടിൽ ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. കോയമ്പത്തൂരില്‍ 134പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കൊവിഡ്.ചെന്നൈയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 1596 ആയി. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ മാത്രം ഇരുന്നൂറോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com