കോവിഡ് 19 : ഇനിയുള്ള ഒരാഴ്ച രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ..

Sharing is caring!

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. 65 വയസിന് മുകളിലുള്ളവരും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും വീടിന് പുറത്തിറങ്ങരുതെന്ന് കേന്ദ്രം പുറത്തിറക്കിയ സർകുലറിൽ പറയുന്നു. ജനപ്രതിനിധികളോ സര്‍ക്കാര്‍ ജോലിക്കാരോ ആരോഗ്യപ്രവര്‍ത്തകരോ, വൈദ്യസഹായം ആവശ്യമുള്ളവരോ അല്ലാത്ത 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നതായും കേന്ദ്രം അറിയിച്ചു. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഈ മാസം 22 മുതല്‍ 29 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.

വിദ്യാര്‍ഥികള്‍ക്കും, രോഗികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ഒഴികെയുള്ള സൗജന്യ യാത്രകള്‍ റെയില്‍വേയും വ്യോമയാനവകുപ്പും നിര്‍ത്തലാക്കണം, അടിയന്തര/അത്യാവശ്യ സേവന മേഖലകളില്‍ ഉള്‍പ്പെടാത്ത സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം, ആള്‍ത്തിരക്ക് നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ വകുപ്പിലെ ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതി, ഇവരുടെ ജോലി സമയം ക്രമീകരിക്കണം എന്നിവയാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങൾ.

കൊറോണ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com