അമേരിക്കയിലെ പാർക്കുകൾ അടുത്ത ആഴ്ച തുറക്കും
കോവിഡ് 19 ഭീതിയിൽ അടച്ചിട്ട അമേരിക്കയിലെ പാർക്കുകൾ തുറക്കുന്നു. മേയ് 9 മുതലാണ് പാർക്കുകളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ലോകപ്രശസ്തമായ ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്ക്, ഉത്തയിലെ ബ്രൈസ് കാന്യൺ നാഷണൽ പാർക്ക്, നോർത്ത് കരോലിനയിലുളള ഗ്രേറ്റ് സ്മോകി മൗണ്ടെയ്ൻ നാഷണൽ പാർക്ക് എന്നിവയാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുക.

കോവിഡ് 19 ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ സഞ്ചാരികൾ എത്തുന്ന സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ട്. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പാർക്കുകൾ പ്രവർത്തിക്കുക.
എന്നാൽ ബ്രൈസ് കാന്യൺ നാഷണൽ പാർക്ക് അടുത്ത ഘട്ടത്തിൽ മാത്രമേ പൂർണമായും തുറന്ന് പ്രവർത്തിക്കുകയുള്ളു. ബാക്കിയുള്ള പാർക്കുകളിൽ പ്രവേശനം സാധാരണഗതിയിലായിരിക്കും. ജൂൺ മാസത്തോടെ മറ്റ് സഞ്ചാരകേന്ദ്രങ്ങളും തുറക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
