കോവിഡ് 19 : രാജ്യത്ത് 40 കോടി തൊഴിലാളികൾ പട്ടിണിയിലേക്ക്..
കോവിഡ് പ്രതിസന്ധി ഇന്ത്യയിൽ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) യാണ് ഇന്ത്യ, നൈജീരിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ അടച്ചുപൂട്ടല്‍ അനൗദ്യോഗിക മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് അറിയിച്ചത്.
രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രൂക്ഷമായ ആഗോളപ്രതിസന്ധിയാണ് നിലവിലുള്ളത്. ഇന്ത്യയിൽ 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ഏകദേശം 40 കോടിയോളം തൊഴിലാളികൾ കടുത്ത ദാരിദ്ര്യത്തിന്റെ പിടയിലായേക്കും. കോവിഡ് കാലത്തെ തൊഴിലാളി സാഹചര്യം വിലയിരുത്തിക്കൊണ്ട് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.
അടച്ചുപൂട്ടല്‍ ലോകത്തെ 300 കോടിയിലധികം തൊഴിലാളികളെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 രണ്ടാംപാദത്തിൽ ആകെയുള്ള തൊഴിൽ സമയത്തിൽ 6.7 ശതമാനം ഇല്ലാതാകും. തൊഴിൽ സമയം കുറയുന്നത് 19.5 കോടി മുഴുവൻസമയ തൊഴിലാളികൾക്ക് തിരിച്ചടിയാകും.
സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുക, തൊഴിലുകൾ സംരക്ഷിക്കുക, സംരംഭങ്ങളും സ്വയംതൊഴിലുകളും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.