മുലയൂട്ടല്‍ ചിത്രം ലോകത്ത് ആദ്യമല്ല..

Sharing is caring!

”മുലക്കരത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു നങ്ങേലിയുടെ മുലപറിച്ചെറിയല്‍. വേര്‍തിരിവുകളുടെ പീഡനങ്ങള്‍ക്കെതിരെ സമരം ചെയ്താണ് കേരളം മാറ് മറക്കാനുള്ള സ്വാതന്ത്ര്യം നേടിയത്. സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സ്ത്രീ സമര മുഖത്തിറങ്ങുമ്പോള്‍ അതിനെ അധിക്ഷേപിക്കാനാണ് പരിഷ്കൃത കേരളം വ്യഗ്രത കാട്ടുന്നത്.”

സനക് മോഹന്‍ 

ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തിനെതിരെയുള്ള പ്രചരണമാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയ മുഴുവന്‍. അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഗൃഹലക്ഷ്മിക്കെതിരെയും മോഡലായ ജിലു ജോസഫിനെതിരെയും വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. മാതൃത്വത്തെ അപമാനിക്കുന്നു, കേരളത്തിലെ പുരുഷന്‍മാര്‍ മാതൃത്വത്തെ തുറിച്ചുനോക്കാറില്ല എന്നൊക്കെയാണ് ഇത്തരക്കാരുടെ വാദം. എന്നാല്‍ ഇത് കേരളത്തിന്‍റെ മാത്രം പ്രശ്നമല്ല. ലോകത്തെല്ലായിടത്തും സ്ത്രീസുരക്ഷിതത്വം പൂര്‍ണതോതില്‍ നടപ്പിലായിട്ടില്ലെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പുറത്തുവരുന്നത്.

ആള്‍ക്കുട്ടങ്ങള്‍ക്കിടയില്‍ കുഞ്ഞിന് മുലകൊടുക്കാന്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ധൈര്യം വരാത്ത കാലത്താണ് നാം ജീവിക്കുന്നത്. അതിന് തുറിച്ചുനോട്ടമാണോ കാരണം എന്ന് ചോദിച്ചാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടാത്തതുകൊണ്ടാണ് എന്നാണ് ഉത്തരം. ഞങ്ങള്‍ തുറിച്ചുനോക്കാറില്ല എന്നല്ല, ആ അമ്മയ്ക്ക് നാം ഉള്‍പ്പെടുന്ന സമൂഹത്തിനകത്ത് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല എന്നാണ് ലോകം പറയുന്നത്. ലോകത്തിലെ പല മാസികകളും ഈ വിഷയത്തെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തി. അതിന്‍റെയൊക്കെ കവര്‍ ചിത്രത്തില്‍ മോഡലുകള്‍ കുഞ്ഞിന് മുലകൊടുക്കുന്നതായി വന്നിട്ടുണ്ട്.

ജിലു ജോസഫ് എന്ന മോഡല്‍ അവരുടെ തൊഴില്‍ ചെയ്തു എന്ന് കാണാതെ, അവര്‍ അമ്മയല്ല, അവര്‍ക്ക് മുലകൊടുക്കാന്‍ അറിയില്ല എന്നൊക്കെ മലയാളികള്‍ പറയുമ്പോള്‍ ലോകത്തിന് മുന്നില്‍ തന്നെ നാം തലകുനിക്കേണ്ടി വരികയാണ്. നിങ്ങള്‍ ഒരു മാതാവെന്ന നിലയില്‍ തൃപ്തയാണോ.? മുലയൂട്ടുന്ന സെല്‍ഫികളെ അമ്മമാര്‍ അഭിമാനത്തോടെ കാണണം, എങ്ങനെ മുലയൂട്ടണം തുടങ്ങിയ വിഷയങ്ങളില്‍ ലോകമാസികകളില്‍ വന്ന ചിത്രങ്ങള്‍ നോക്കുക. സ്ത്രീയുടെ, അമ്മയുടെ സുരക്ഷിതത്വമാണ് വിഷയം. അത് മറച്ചുവെച്ച് ഞങ്ങള്‍ മാതൃത്വത്തെ ബഹുമാനിക്കുന്നവരാണ് എന്ന് പറഞ്ഞുള്ള പ്രചരണം നടത്തുന്നവര്‍ സ്ത്രീസുരക്ഷയെ കുറിച്ച് ബോധവാډാരല്ല എന്ന് വേണം കരുതാന്‍.

ഒരു അമ്മയ്ക്ക് തന്‍റെ കുഞ്ഞിന് മുലകൊടുക്കാന്‍ മടിച്ച് നില്‍ക്കേണ്ട അവസ്ഥ ഇല്ലാതാവുക എന്ന മുദ്രാവാക്യം നാം ഏറ്റെടുക്കേണ്ട കാലമാണിത്. തുറന്നിട്ട മുലകളെ കാണിച്ച് തുറിച്ച് നോക്കരുത് എന്ന് പറയരുത് എന്നൊക്കെ ട്രോളുകള്‍ ഇറക്കുന്നവര്‍ ഈ മുദ്രാവാക്യത്തെ അറിഞ്ഞോ അറിയാതെയോ കണ്ടില്ലെന്ന് നടിക്കുകയാണ്.

മുലപറിച്ചെറിഞ്ഞ നങ്ങേലിയുടെ നാട്ടില്‍ മാറ് മറക്കാന്‍ അകാശമുണ്ടായപ്പോള്‍ ഇപ്പോള്‍ മാറ് കാണിക്കാനാണ് ചിലര്‍ക്ക് വ്യഗ്രത എന്നൊക്കെയാണ് ചിലരുടെ പരാമര്‍ശങ്ങള്‍. മുലക്കരത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു നങ്ങേലിയുടെ മുലപറിച്ചെറിയല്‍. വേര്‍തിരിവുകളുടെ പീഡനങ്ങള്‍ക്കെതിരെ സമരം ചെയ്താണ് കേരളം മാറ് മറക്കാനുള്ള സ്വാതന്ത്ര്യം നേടിയത്. സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സ്ത്രീ സമര മുഖത്തിറങ്ങുമ്പോള്‍ അതിനെ അധിക്ഷേപിക്കാനാണ് പരിഷ്കൃത കേരളം വ്യഗ്രത കാട്ടുന്നത്. ലോകത്ത് പല ഇടങ്ങളിലും നടന്ന സമരം കേരളത്തില്‍ പ്രതിഫലിച്ചതില്‍ നാം അഭിമാനിക്കുകയാണ് വേണ്ടതെന്ന് ഇനിയെങ്കിലും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com