കുമ്മനത്തിനും സുധാകരനുമായി കോണ്‍ഗ്രസ്-ബിജെപി വെച്ചുമാറല്‍

Sharing is caring!

Special Reporter 

രാജ്യം നിര്‍ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാഷ്ട്രീയമോ വികസനമോ പറയാതെ എങ്ങനെയും ജയിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും ബിജെപിയും. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും കേരളത്തില്‍ ജയിക്കാന്‍ ബിജെപിയും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും നടത്തിയ രഹസ്യധാരണകള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചർച്ചയാവുകയാണ്. മുസ്ലീംലീഗിലെ എസ്.ഡി.പി.ഐ ചര്‍ച്ചകളില്‍ തുടങ്ങിയ ഈ രഹസ്യമായ പരസ്യം ഇപ്പോള്‍ തിരുവനന്തപുരം-കണ്ണൂര്‍ സീറ്റ് വെച്ചുമാറല്‍ തന്ത്രങ്ങളിലാണ് എത്തിനില്‍ക്കുന്നത്.

തിരുവനന്തപുരത്ത് എങ്ങനെയും കുമ്മനത്തെ ജയിപ്പിക്കുക എന്നതാണ് ബിജെപിയുടെ തീരുമാനം. ഒരു സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യം കൈവരിക്കാന്‍ തിരുവനന്തപുരവും കുമ്മനവും ആണ് നല്ലതെന്ന് ആര്‍എസ്എസ് കരുതുന്നു. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക എന്നതാണ് കെ സുധാകരന്‍ കണ്ണൂര്‍ സീറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. പക്ഷെ, രണ്ട് സീറ്റുകള്‍ വെച്ചുമാറാനുള്ള കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണ പുറത്തുവന്നതോടെ പ്രാദേശിക പ്രവര്‍ത്തകര്‍ അമര്‍ഷത്തിലുമാണ്.
തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനത്തിനായി കോണ്‍ഗ്രസുകാരും കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനായി ബിജെപിക്കാരും പരസ്യമായി രംഗത്ത് വന്നതോടെയാണ് സാധാരണക്കാരായ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷം ഉടലെടുത്തത്. തിരുവനന്തപുരത്ത് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണ കഴിഞ്ഞ ദിവസം ഡിസിസി ജനറല്‍ സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരുന്നു.

കുമ്മനംരാജശേഖരന് വോട്ട് മറിക്കാനായി തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറി നില്‍ക്കുന്ന സ്ഥിതിയാണ് തിരുവനന്തപുരത്തുള്ളത്. വീടുകള്‍ കയറി വോട്ട് ചോദിക്കാനോ ബൂത്ത് പ്രവര്‍ത്തനം നടത്താനോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ല. കഴിഞ്ഞ രണ്ട് തവണയും ശശി തരൂരിനായി ശക്തമായ പ്രചരണം സംഘടിപ്പിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ കൂലിക്ക് പോസ്റ്റര്‍ ഒട്ടിക്കുക മാത്രമാണ് ചെയ്യുന്നത്. ഭൂരിപക്ഷം സ്ഥലങ്ങളിലും കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പോലും പ്രവർത്തിക്കുന്നില്ല.

ശബരിമല സ്ത്രീപ്രവേശനം വന്‍ വിവാദമായപ്പോള്‍ കോണ്‍ഗ്രസില്‍ മറ്റാരും പറയാത്ത രീതിയില്‍ സംഘപരിവാറിന്‍റെ ആശയത്തെയും സമരത്തെയും കെ സുധാകരന്‍ ഉയര്‍ത്തിപ്പിടിച്ചത് അന്ന് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് കണ്ണൂര്‍ മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് പിടിക്കാനായിരുന്നു എന്ന കാര്യം ഇപ്പോഴാണ് പുറത്തുവന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ എങ്ങനെയാണോ, അതുപോലെയാണ് കണ്ണൂരില്‍ ബിജെപിയുടെ പ്രവര്‍ത്തനം. സി കെ പത്മനാഭനെ പോലെ മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിയായിട്ടും ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് പ്രവര്‍ത്തനം നടത്താനോ പോസ്റ്റര്‍ പ്രചരണത്തിനോ തയ്യാറാകാത്ത സ്ഥിതിയാണ് കണ്ണൂരിലുള്ളത്. പല സ്ഥലങ്ങളിലും വീടുകള്‍ കയറി സുധാകരനെ ജയിപ്പിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. തിരുവനന്തപുരത്ത് കുമ്മനത്തെ സഹായിച്ചാല്‍ കണ്ണൂരില്‍ സുധാകരനെ സഹായിക്കാമെന്നാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

യുഡിഎഫിന്‍റെ സീറ്റായിരുന്ന കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പി കെ ശ്രീമതി ടീച്ചറിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐഎം പിടിച്ചെടുത്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സിപിഐഎം വോട്ട് ചോദിക്കുന്നത്. കെ സുധാകരന് ബിജെപി വോട്ട് കൂടി കിട്ടിയാലെ ജയിക്കാന്‍ പറ്റുള്ളു എന്ന സ്ഥിതിയാണ്. എന്നാല്‍, ബിജെപി പ്രവർത്തകർ വോട്ട് കോണ്‍ഗ്രസിന് കൊടുക്കുകയാണെങ്കില്‍ അത് കണ്ണൂരിൽ സിപിഎമ്മിന് തലവേദനയാകും. തിരുവനന്തപുരം രണ്ട് തവണയും വലിയ വിജയം നേടിയ യുഡിഎഫ് മണ്ഡലമാണ്. എന്നാല്‍ ഇത്തവണ പഴയപോലെ പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതില്‍ ശശി തരൂര്‍ നിരാശയിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com