കോബാസ് കേരളത്തിൽ : ഇനി 4 മിനുട്ട് മതി ഹൃദ്രോഗം കണ്ടുപിടിക്കാൻ

വെബ് ഡസ്ക്
ജീവിതശൈലിയുടെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ ഇന്ന് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഉടമകളാണ്. എന്നാൽ ഹൃദയാഘാതം കണ്ടുപിടിക്കാൻ നാല് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണ് ആശുപത്രികളിലുള്ളത്. ഇതിന് മാറ്റം വരുകയാണ് ഇപ്പോൾ. ഹൃദയാഘാതം മിനുട്ടുകൾക്കുള്ളിൽ കണ്ടുപിടിക്കുന്ന ഉപകരണം കേരളത്തിലെത്തിയിരിക്കുകയാണ്.
ഹൃദയാഘാതം രക്ത പരിശോധനയിലൂടെ എത്രയും വേഗം കണ്ടു പിടിക്കാനുള്ള കോബാസ് എച്ച് 232 എന്ന ഉപകരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ആശുപത്രി വികസന സമിതിയുടെ ലാബിൽ ഇനി മുതൽ ഈ ഉപകരണം വഴി അതിവേഗം രോഗം കണ്ടു പിടിക്കാനാകും. 14 മിനിട്ടിനുള്ളിൽ ഫലം ലഭിക്കും. ഏറ്റവും ആധുനികമായ പോയിന്റ് ഓഫ് കെയർ ടെക്നോളജി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സമയനഷ്ടമില്ലതെ ഇനി മുതൽ രോഗം കണ്ടു പിടിച്ച് ചികിത്സ നൽകാനാകും.
ഹൃദ്രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യരംഗത്ത് വൻ മുന്നേറ്റങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ പെറ്റുപെരുകുകയാണ് എന്നതാണ് യാഥാർത്ഥ്യം. രോഗം വരാതെ നോക്കുന്നതോടൊപ്പം രോഗത്തെ ഇല്ലാതാക്കുന്നതിന് ആധുനിക സംവിധാനം ഏർപ്പെടുത്തുക എന്നതും പ്രധാനമാണ്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ സർക്കാർ ആശുപത്രികൾ മുഖം മാറുകയാണ്. അടിസ്ഥാന വികസനത്തിലും ആധുനിക സംവിധാങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിലും സർക്കാർ ആശുപത്രികൾ മുന്നിട്ടിറങ്ങിയാലെ സാധാരണക്കാരന് നല്ല ചികിത്സ കിട്ടുകയുള്ളു.
ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് കുറേക്കൂടി വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ കോബാസ് എച്ച് 232 എന്ന പുതിയ ഉപകരണം എത്തിയതോടെ കഴിയും. രോഗികളുടെ ബാഹുല്യം കാരണം കൃത്യമായ സമയത്ത് പരിശോധനകൾ പൂർത്തിയാക്കി ചികിത്സ ലഭ്യമാക്കാൻ പ്രയാസപ്പെടുന്ന ഡോക്ടർമാർക്ക് ഈ ഉപകരണം ഏറെ സഹായകരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *