കേരളത്തിന്‍റെ ആകാശ സ്വപ്നങ്ങൾക്ക് ചിറകുവിരിയുന്നു

Sharing is caring!

വെബ് ഡസ്ക്
സംസ്ഥാനത്തെ വ്യോമയാന സർവ്വീസുകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും തീരുമാനം. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ എർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ ഉണ്ടായത്.  പുതിയതായി ആരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ ആഭ്യന്തര-അന്താരാഷ്ട്ര സർവ്വീസുകൾ, ശബരിമലയിൽ പുതിയ വിമാനത്താവളം, എയർസ്ട്രിപ്പ് എന്നിവ യോഗത്തിൽ ചർച്ചയായി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്  നിലവിൽ എയർ ഇന്ത്യാ എക്‌സ്പ്രസ് ഷാർജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കാണ്  സർവീസ് നടത്തുന്നത്.  മാർച്ചോടെ ബഹ്‌റൈൻ, കുവൈത്ത്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്ക് കൂടി  സർവീസ് വ്യാപിപ്പിക്കുമെന്നും തിരുവനന്തപുരം- കണ്ണൂർ സർവീസിനുള്ള സാധ്യത കൂടി പരിശോധിക്കുന്നുണ്ടെന്നും എയർ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള  യോഗത്തിൽ അറിയിച്ചു.  കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാൾ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അമിത നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകിയതായും വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കുമെന്നും എയർ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള പറഞ്ഞു.
ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്‌ളി, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സർവീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് മാർച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാർച്ചിലും രണ്ടു മാസങ്ങൾക്കുള്ളിൽ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കറ്റിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഗോ എയർ അധികൃതർ യോഗത്തിൽ പറഞ്ഞു. സ്‌പൈസ് ജെറ്റ് അധികൃതർ കണ്ണൂരിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്നും അറിയിച്ചു.
പുതുതായി ആരംഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളായ ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആവശ്യമാണെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വർധിച്ച ആവശ്യമുണ്ട്. എന്നാൽ കണ്ണൂരിൽ നിന്ന് വിദേശ വിമനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്.  ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോർട്ട് സർക്കാർ പരിഗണനയിലാണെന്നും കാസർകോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. കേരളത്തിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയോട് പറഞ്ഞു. കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ, കേന്ദ്ര സിവിൽ ഏവിയേഷൻ ജോയിൻറ് സെക്രട്ടറി ഉഷാ പാഡി, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത-വ്യോമയാന പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കണ്ണൂർ വിമാനത്താവള എം.ഡി വി. തുളസീദാസ്, എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ എസ്. ശ്രീകുമാർ, മറ്റു വിമാനത്താവള പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com