മുഖ്യമന്ത്രിയുടെ വിദേശയാത്ര : യഥാര്‍ത്ഥ്യം ഇതാണ്..

Sharing is caring!

സനക് മോഹൻ

പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വി ടി ബല്‍റാം എംഎല്‍എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഇപ്പോള്‍. മുഖ്യമന്ത്രി വിദേശത്ത് പോയത് വെറുതെയായി എന്ന അര്‍ത്ഥത്തില്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെയാകെ ഇകഴ്ത്തിക്കാട്ടുന്ന പ്രചരണമാണ് നടത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പ്രചരണമെന്ന് വസ്തുതകള്‍ പറയുന്നു.

14 ാം കേരള നിയമസഭയുടെ 14 ാം സെക്ഷനില്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് 28.01.2019 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഒരു ഉത്തരമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 59 ാം നമ്പര്‍ ചോദ്യമായി വി ടി ബല്‍റാം എംഎല്‍എ ഉന്നയിച്ച മുഖ്യമന്ത്രിയുടെ വിദേശയാത്രയാണ് വിഷയം. മുഖ്യമന്ത്രി സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ച് വിദേശയാത്ര നടത്തിയെന്ന തരത്തിലാണ്  ചര്‍ച്ചകള്‍. നിയമസഭാ വെബ്സൈറ്റിലെ 59 ാം നമ്പര്‍ ചോദ്യവും ഉത്തരവും പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. ആര്‍ക്കും പരിശോധിക്കാം. എന്താണ് യാഥാര്‍ത്ഥ്യം.?

28.01.2019 ല്‍ മുഖ്യമന്ത്രിയുടെ മറുപടിക്കായി നക്ഷത്രചിഹ്നമിടാത്ത 218 ചോദ്യങ്ങളാണുഉള്ളത്. ഇതില്‍ വി ടി ബൽറാമിന്‍റേത് ഉൾപ്പെടെ  19 ചോദ്യങ്ങളും പ്രളയത്തെ സംബന്ധിച്ചാണ്. ഈ 19 ചോദ്യങ്ങളില്‍ മൂന്ന് ചോദ്യങ്ങള്‍ക്കൊഴികെ മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. വി ടി ബല്‍റാമിന്‍റെ ചോദ്യവും മുഖ്യമന്ത്രി നൽകിയ ഉത്തരവും പരിശോധിച്ച്  നോക്കാം.

“പ്രളയ ദുരിതാശ്വാസത്തിന് സംഭാവന അഭ്യര്‍ത്ഥിക്കാനായി മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നോ” എന്നാണ് വി ടി ബല്‍റാം ചോദിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങള്‍ നല്‍കാന്‍ സന്നദ്ധമായ സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതും സഹായം അഭ്യര്‍ത്ഥിച്ച് വിദേശരാജ്യങ്ങളിലേക്ക് മന്ത്രിമാര്‍ യാത്രയ്ക്കൊരുങ്ങിയതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രിക്ക് മാത്രം വിദേശയാത്രയ്ക്ക് അനുമതി ലഭ്യമാവുകയും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുമായിരുന്നു. വി ടി ബല്‍റാമിന്‍റെ രണ്ടാമത്തെ ചോദ്യം വിദേശത്ത് ചെന്ന മുഖ്യമന്ത്രിക്ക് എത്ര തുക സംഭാവന ലഭിച്ചു എന്നാണ്. റസീറ്റ് അച്ചടിച്ച് സംഭാവന പിരിക്കാനല്ല മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനം നടത്തിയതെന്ന് വ്യക്തമാണ്. ചര്‍ച്ചകളും യോഗങ്ങളും നടത്തി ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പെടെയുള്ളവ അഭ്യര്‍ത്ഥിക്കാനാണ് മുഖ്യമന്ത്രി പോയത്. വിദേശ മലയാളികള്‍ക്കിടയില്‍ മുഖ്യമന്ത്രി നടത്തിയ അന്നത്തെ പ്രസംഗങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. ഇത്തരം അഭ്യര്‍ത്ഥനകളുടെ ഭാഗമായി വിദേശത്ത് നിന്നും വ്യക്തിപരമായും ക്രൗഡ് ഫണ്ടിംഗ് ആയും പണവും മറ്റ് ആവശ്യസാധനങ്ങളും കേരളത്തിലെത്തിയിട്ടുമുണ്ട്. ഇതൊക്കെ അന്ന് വാര്‍ത്തയായതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചവരും ലുലു ഗ്രൂപ്പിനെ പോലുള്ളവര്‍പ്രഖ്യാപിച്ചതും ഉദാഹരണങ്ങള്‍. ഇത് സംബന്ധിച്ച ഏഷ്യാനെറ്റ് വാർത്ത തന്നെ ഇതോടൊപ്പം കൊടുക്കുന്നു.

ലോകത്താകെയുള്ള മലയാളികളെ കൂട്ടിയോജിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ തോത് വര്‍ദ്ധിപ്പിക്കുകയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇത് വ്യക്തമാക്കി കൊണ്ട് ഉത്തരം നല്‍കിയപ്പോള്‍ മുഖ്യമന്ത്രിക്ക് ഗള്‍ഫില്‍ പോയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്നാണ് വ്യാഖ്യാനിച്ചത്. കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലെ പ്രധാന നിക്ഷ്പക്ഷ മാധ്യമങ്ങള്‍ വരെ അത് ഏറ്റെടുത്തു. “മുഖ്യമന്ത്രി തെണ്ടാന്‍ പോയിട്ട് ഒന്നും കിട്ടിയില്ലെന്ന്” വരെ മാധ്യമ ജഡ്ജിമാര്‍ പറഞ്ഞു. കേരളത്തെയും മുഖ്യമന്ത്രിയെയും അപമാനിക്കുകയും കേരളം ഒരിക്കലും കരകയറരുത് എന്നാഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഈ പുകമറ സൃഷ്ടിക്കുന്നത്.

എൽഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും പുതിയൊരു കേരളത്തിനായി പിണറായി വിജയൻ എന്താണ് ലക്ഷ്യം വെക്കുന്നതെന്നും മനസിലാക്കാന്‍ വി ടി ബല്‍റാമിന് പുറമെ പ്രളയവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മറ്റ് ചോദ്യങ്ങളും മുഖ്യമന്ത്രി നല്‍കിയ ഉത്തരങ്ങളും നോക്കാം.

പ്രളയത്തില്‍ എല്ലാം നഷ്ടമായ പത്തനംതിട്ട ജില്ലയിലെ കച്ചവടക്കാരുടെ നഷ്ടത്തെക്കുറിച്ചും അവരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും രാജു എബ്രഹാം എംഎല്‍എയുടേതാണ് ആദ്യ ചോദ്യം. താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിച്ച കണക്ക് ചാര്‍ട്ട് സഹിതവും ഉജ്ജീവന പദ്ധതിയുടെ വിശദാംശങ്ങളും ഉത്തരത്തില്‍ കൊടുത്തിട്ടുണ്ട്. കച്ചവടക്കാരുടെ നിലവിലുള്ള വായ്പയെ സംബന്ധിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

റീബില്‍ഡ് കേരള പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജോര്‍ജ്ജ് എം തോമസ് എംഎല്‍എ, പ്രളയദുരിതാശ്വാസ സഹായത്തെ സംബന്ധിച്ച് പി അബ്ദുള്‍ഹമീദ് എംഎല്‍എ എന്നിവരും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. കെ എം ഷാജി, സി മമ്മൂട്ടി, പി ഉബൈദുള്ള, പി കെ അബ്ദുറബ്ബ് എന്നീ യുഡിഎഫ് എംഎല്‍എമാര്‍ പ്രളയബാധിതര്‍ക്കുള്ള വിദേശസഹായത്തെ കുറിച്ചാണ് ചോദിച്ചിട്ടുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നും സഹായ വാഗ്ദാനം ലഭിച്ചതും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതും ഉത്തരത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല, ലോകബാങ്കില്‍ നിന്നുള്‍പ്പെടെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പ്രകാരം 26718 കോടി രൂപയുടെ നാശനഷ്ടം പ്രളയത്തെ തുടര്‍ന്ന് കേരളത്തിനുണ്ടായെന്നും 31000 കോടി രൂപയെങ്കിലും പുനര്‍നിര്‍മ്മാണത്തിന് വേണ്ടിവരുമെന്നും അനില്‍അക്കരയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 24,893 കോടി രൂപയാണ് പുനര്‍നിര്‍മ്മാണത്തിന് കണക്കാക്കിയിട്ടുള്ളതെന്നും ഉത്തരത്തിലുണ്ട്. 2904.85 കോടി രൂപ ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമായതായും മുഖ്യമന്ത്രി പറയുന്നു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ച് യു ആര്‍ പ്രദീപ്, പി ജെ ജോസഫ് എന്നിവരും പ്രളയദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമായ തുകയുടെ കണക്കിനെ സംബന്ധിച്ച് വി എസ് ശിവകുമാറും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമായ സഹായത്തെ സംബന്ധിച്ച് സി എഫ് തോമസ്, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, ഡോ. എന്‍ ജയരാജ് എന്നിവരും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സാമ്പത്തിക സഹായത്തിന്‍റെ പട്ടിക ഉത്തരത്തില്‍ മുഖ്യമന്ത്രി നല്‍കുകയും ചെയ്തിട്ടുണ്ട്.

എ പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി ഡി സതീശന്‍ എന്നിവര്‍ സാലറി ചലഞ്ചിനെ കുറിച്ചാണ് ചോദ്യം ഉന്നയിച്ചത്. ഇതുവരെ സാലറി ചലഞ്ചില്‍ പിരിച്ചുകിട്ടിയ തുക, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും സാലറി ചലഞ്ചില്‍ പങ്കെടുത്തവരുടെ കണക്ക് എന്നിവയെല്ലാം ഇനംതിരിച്ച് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി ഉത്തരം നല്‍കിയത്.

എന്‍ എ നെല്ലിക്കുന്നിന്‍റെ ചോദ്യത്തിന് 69076 പേര്‍ക്ക് അടിയന്തിര പ്രളയ സഹായമായി 10,000 രൂപ അനുവദിച്ചതായും പത്തനംതിട്ട ജില്ലയിലെ 279 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 1070 പേര്‍ക്കും എറണാകുളം ജില്ലയിലെ 823 പേര്‍ക്കും അധിക സഹായം ലഭ്യമായതും ഭൂരിഭാഗം പേരില്‍ നിന്നും തിരികെ വാങ്ങിയതും ഡാറ്റാ എന്‍ട്രിയില്‍ പറ്റിയ പിഴവും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായത്തെ സംബന്ധിച്ച് പി കെ ശശി എംഎല്‍എയും പ്രളയപുനര്‍നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികളും കേന്ദ്രം അതിനോട് കാണിക്കുന്ന സമീപനത്തെ സംബന്ധിച്ച് ജോണ്‍ ഫെര്‍ണാണ്ടസ്, പി ടി എ റഹീം, സജി ചെറിയാന്‍ എന്നിവരും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തവും കൃത്യവുമായ ഉത്തരങ്ങളാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്. 19 ചോദ്യങ്ങളും അതിന്‍റെ ഉത്തരങ്ങളും വായിച്ചുനോക്കിയാല്‍ ഏതൊരു സാധാരണക്കാരനും സര്‍ക്കാര്‍ നടത്തുന്ന പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ അതില്‍ നിന്നും വി ടി ബല്‍റാമിന് നല്‍കിയ ഉത്തരം മാത്രം എടുത്ത് വക്രീകരിച്ച് അവതരിപ്പിച്ച ശേഷം മുഖ്യമന്ത്രിയെ ഒന്നിനും കൊള്ളില്ലെന്നും സര്‍ക്കാര്‍ പ്രളയാനന്തര പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഒന്നും ചെയ്യുന്നില്ലെന്നും പണം വെറുതെ കിടക്കുകയാണെന്നുമാണ് വരുത്തിതീര്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com