സാനിറ്ററി നാപ്കിന്നിനായി വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്യാംപെയിന്
ചെന്നൈ എസ്ആര്‍എം കോളേജിലെ 91 വിദ്യാര്‍ത്ഥികള്‍ സാനിറ്ററി നാപ്കിന് ശേഖരണവുമായി ഓണ്‍ലൈന്‍ ക്യാംപെയിന് ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയിലെ ചേരിനിവാസികളായ സ്ത്രീകളില്‍ ശുചിത്വബോധവല്‍ക്കരണം നടത്തുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം
വെബ് ഡസ്ക്
അരുണാചലം മുരുകാനന്ദന് കോയമ്പത്തൂരില്‍ നിന്നുമാണ് പാഡ്മാനായി രാജ്യത്ത് വിപ്ലവം തീര്‍ത്തത്. അക്ഷയ്കുമാര്‍ അരുണാചലമായി വേഷമിട്ട സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇന്ത്യമുഴുവന്‍ പാഡ്മാന് ചലഞ്ച് നടന്നു. കേരളത്തില്‍ നിന്നും നടന് ജയസൂര്യയും ഈ ചലഞ്ചില്‍ പങ്കാളിയായിരുന്നു. ഇപ്പോള്‍ ചെന്നൈ എസ്ആര്‍എം കോളേജിലെ 91 വിദ്യാര്‍ത്ഥികള്‍ സാനിറ്ററി നാപ്കിന് ശേഖരണവുമായി ഓണ്‍ലൈന്‍ ക്യാംപെയിന് ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയിലെ ചേരിനിവാസികളായ സ്ത്രീകളില്‍ ശുചിത്വബോധവല്‍ക്കരണം നടത്തുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.
എസ്ആര്‍എം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ബ്ലൂമിങ് ബീക്കന്‍ എന്ന സന്നദ്ധസംഘടനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗിവ് പാഡ്സ്, ഗിഫ്റ്റ് ഹൈജീന്‍ എന്ന പേരിലാണ് പ്രചരണം ആരംഭിച്ചത്. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം ആയ WWW.FUELADREAM.COM മുഖേനയാണ് പണം സ്വരൂപിക്കുന്നത്. ഇപ്പോള്‍ തന്നെ ആറ് ലക്ഷത്തിലധികം തുക സമാഹരിച്ചുകഴിഞ്ഞു.
ചെന്നൈ പെരുങ്കളത്തൂരിലുള്ള ചേരിയില്‍ നടത്തിയ സന്ദര്‍ശനമാണ് കോളേജ് വിദ്യാര്‍ത്ഥികളെ ഇരുത്തിചിന്തിപ്പിച്ചത്. പണസമാഹരണത്തിനായി 91 പേരുടെ ടീം ഉണ്ടാക്കി അവര്‍ മുന്നിട്ടിറങ്ങി. ഒരാള്‍ പതിനായിരം രൂപയെങ്കിലും സമാഹരിക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ അമ്പതിനായിരത്തിന് മുകളില്‍ വരെ സമാഹരിച്ചവര്‍ ഇന്ന് ഇക്കൂട്ടത്തിലുണ്ട്. ഫെയ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെയാണ് ഇവര്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. ഏപ്രില്‍ ആദ്യത്തോടെ നാപ്കിന് വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു.
മാര്‍ച്ച് 10 വരെയാണ് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്യംപെയിന് നടക്കുന്നത്. കുറഞ്ഞ വിലയില്‍ ഗുണമേډയുള്ള പാഡുകള്‍ എന്നതായിരുന്നു അരുണാചലത്തിന്റെ ലക്ഷ്യം. ദൃഢനിശ്ചയത്തിന് മുന്നില്‍ ത്യാഗങ്ങള്‍ സഹിച്ച് അദ്ദേഹം വിജയം കണ്ടെത്തി. അതേ ദൃഢനിശ്ചയത്തോടെയാണ് ശുചിത്വരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ 91 വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മലയാളി കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ പ്രവര്‍ത്തനത്തില്‍ സജീവപങ്കാളികളായുണ്ട്. തന്റെ ഭാര്യയുടെ കഷ്ടപ്പാടാണ് അരുണാചലത്തിന്റെ കണ്ണുതുറപ്പിച്ചതെങ്കില് ദരിദ്ര ജനവിഭാഗങ്ങളുടെയും ചേരിനിവാസികളുടെയും അവസ്ഥ നേരില്‍ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പുതിയ മാതൃക തീര്‍ക്കുന്നത്. ഇന്ത്യയൊട്ടാകെ ഈ ശുചിത്വപ്രവര്‍ത്തനം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.