ബ്രിട്ടണ് ‘ബ്രാ’ ഊരിയപോള് ലോക രാജ്യങ്ങള്‍ കിതപ്പു തുടങ്ങിയോ.. – സാബി മുഗു
കുറച്ച് ദിവസങ്ങളായി ലോക രാജ്യങ്ങളും സാമ്പത്തിക നയതന്ത്രജ്ഞരും ഉറ്റു നോക്കുന്നിടമാണ് യൂറോപ്യന്‍ യൂണിയന്. അന്താരാഷ്ട്രതലത്തില്‍ കേട്ട് കൊണ്ടിരിക്കുന്ന വാക്കുകളാണ് ബ്രിട്ടണ് , യൂറോപ്യന്‍ യൂണിയന് , ബ്രക്ക്സിറ്റ് , ഹിതപരിശോധന തുടങ്ങിയവ. സത്യത്തില്‍ എന്താണ് ഇവയൊക്കെ..? ഇവയും ലോക രാജ്യങ്ങളും തമ്മില്‍ എന്താണ് ബന്ധം..?
യൂറോപ്യന്‍ യൂണിയന്.?
ഏകീകൃത യൂറോപ്യന്‍ യൂണിയന് വേണ്ടി 1951 മുതലുള്ള ശ്രമങ്ങളുടേയും പൊതു പരിപാടികളില്ക്കൂടിയുള്ള ആഹ്വാനങ്ങളുടേയും ഫലമായാണ് 1992 ലെ മസ്ട്രീച്ച് ഉടമ്പടിയിലൂടെ യൂറോപ്യന്‍ യൂണിയന്റെ പിറവി. 1952 ല്‍ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ലക്സംബര്‍ഗ്, നെതര്‍ലാന്റ് എന്നീ 6 സ്ഥാപക രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്കിയ യൂറോപ്യന്‍ കോള്‍ ആന്റ് സ്റ്റീല്‍ കമ്മ്യൂണിറ്റിയാണ് പിന്നീട യൂറോപ്യന്‍ യൂണിനായി മാറിയത്. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. ഭൗമ പരമായി നോക്കുകയാണെങ്കില്‍ ഒരു വ്യതിരിക്ത വന്‍കര എന്ന നിലയില്‍ യൂറോപ് അഞ്ചാം സ്ഥാനത്തും, ജന സംഖ്യയില്‍ മൂന്നാമതുമാണ്. യൂറോപ്പിലെ 50 രാഷ്ട്രങ്ങളില്‍ റഷ്യയാണ് വിസ്തീര്ണ്ണാടിസ്ഥാനത്തില് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏറ്റവും ചെറിയ രാജ്യം വത്തിക്കാനും. പുരാതന ഗ്രീസിലെയും, റോമിലേയും ആള്‍ക്കാരായിരുന്നു യൂറോപ്പിലെ സംസ്കാരത്തെ ശാക്തീകരിച്ചത്. പതിനാറാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടക്ക് ഭരിച്ചിരുന്ന യൂറോപ്യന്‍ സാമ്രാജ്യങ്ങളാണ് സംസ്കാരത്തെ ആഗോള വല്കരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മതങ്ങള്‍ക്കും സംസ്കാരത്തിലും, തത്വശാസ്ത്രത്തിലും, നിയമത്തിലും വളരെ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു.
യൂറോപ്യന്‍ യൂണിയന് സവിശേഷത..!
ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപാര നയം, പൊതു മത്സ്യ ബന്ധന നയം, പൊതുവായ നിയമങ്ങള്‍ , സ്വതന്ത്രമായ സഞ്ചാരം എന്നിവയാണ് യൂണിയന്റെ സവിശേഷതകള്‍ . 19 രാജ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ച യൂറോയാണ് പൊതു നാണയം. ഈ രാജ്യങ്ങളെ യൂറോ സോണ്‍ എന്നാണറിയപെടുന്നത്. എന്നാല്‍ ബ്രിട്ടണ് പൊതു നാണയമായി യൂറോയെ അംഗികരിച്ചിട്ടിലാത്തതിനാല് യൂറോ സോണിന് പുറത്താണ്. പൗരന്മാര്ക്ക്സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്ന രാജ്യങ്ങളെ ഷെന്‍കണ്‍ രാജ്യങ്ങളായി അറിയപെടുന്നു. എന്നാല്‍ ബ്രിട്ടണ് ഷെന്‍കണ്‍ ഇതര രാജ്യമാണ്.
യൂറോപ്യന്‍ യൂണിയന് ഭരണം!
യൂറോപ്യന്‍ പാര്‍ലിമെന്റ്, യൂറോപ്യന്‍ നീതിന്യായ കോടതി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ യൂണിയന് മന്ത്രിസഭ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഘടകങ്ങള്‍ . ജന സംഖ്യയുടെ അനുപാതത്തിലാണ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നത്. പ്രസിഡന്റ് ഉള്‍പെടെ നിലവില്‍ 751 അംഗങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്റിലുള്ളത്. ഇതില്‍ 73 അംഗങ്ങള്‍ ബ്രിട്ടനില്‍ നിന്നാണ്.
ബ്രിട്ടണ് : ഇംഗ്ലണ്ടും സ്കോട്ടലന്റും ചേര്‍ന്ന് ബ്രിട്ടണുണ്ടായി….
1707 ല്‍ ആനി രാജ്ഞിയുടെ ഭരണത്തിന് കീഴിലാണ് ഇംഗ്ലണ്ടും സ്കോട്ട്ലന്റും ചേര്‍ത്ത് ഗ്രേറ്റ് ബ്രിട്ടണ് ഉണ്ടായത്. 1801 ല്‍ ഐയര്ലെന്റിന്റെ കൂടിചേരലോട് കൂടി ആഗോളാടിസ്ഥാനത്തില്‍ വലിപ്പത്തില്‍ എട്ടാം സ്ഥാനവും, ജനസാന്ദ്രതയില്‍ മൂന്നാം സ്ഥാനവുമുള്ള യുണൈറ്റഡ് കിങ്ഡം രൂപം കൊണ്ടു.
ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും..!
1973 മുതലാണ് ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായത്. തൊട്ടടുത്ത വര്‍ഷം സമാനമായ ഹിതപരിശോധന നടത്തിയെങ്കിലും ഫലം യൂറോപ്യന്‍ യൂണിയനോടൊപ്പം നില്‍ക്കാനായിരുന്നു. യൂറോ സോണിന്റെ ഏകീകൃത നാണ്യമായ യൂറോ 1992 ല്‍ നിലവില്‍ വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടണില്‍ ഔദ്യോഗികമായത്. അത് തന്നെ ബ്രിട്ടന്റെ ഔദ്യോഗിക നാണയമായ പൗണ്ട് നില നിര്‍ത്തിക്കൊണ്ടായിരുന്നു.
യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തിക കരാറുകള്‍ ബ്രിട്ടന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ഹനിക്കുന്നുവെന്നാണ് ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പറയുന്നവരുടെ വാദം. മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്റേയും യൂകീപ് പാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷിനുമാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. അതേ സമയം പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ , പ്രതിപക്ഷ നേതാവ് ജെറെമി കോര്ബേല് , ലണ്ടന്‍ മേയര്‍ സാദിഖ് ഖന് , മുന്‍ പ്രധാന മന്ത്രിമാരായ, സര് ജോണ്‍ മേജര്‍ , ടോണി ബ്ലയര്‍ എന്നിവരുള്‍പെടെ നിരവധി പ്രമുഖര്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവരാണ്.
ബ്രക്സിറ്റ് ഫലപ്രകാരം ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന് വാദിക്കുന്നവരാണധികവും. 51.9% വോട്ട് നേടിയാണ് ചരിത്രപരമായ തീരുമാനം എടുത്തത്. 3 കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ഹിത പരിശോധനയില്‍ 17,410,742 ബ്രിട്ടണ് യൂണിയന് വിടുന്നതിനെ അനുകൂലിച്ചു. 16,141,241 പേര് യൂണിയനില്‍ തുടരുന്നതിലും അനുകൂലിച്ചു. ഹിത പരിശോധനയില്‍ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി യൂറോപ്യന്‍ യൂണിയന് കത്തെഴുതും. രണ്ട് വര്‍ഷത്തോളം നീണ്ട് നില്ക്കുന്ന നടപടി ക്രമങ്ങള്ക്കൊടുവിലേ ഔദ്യോഗികമായി അംഗരാജ്യത്തിന് യൂറോപ്യന്‍ യൂണിയന് വിടാന്‍ കഴിയൂ..
അവരെന്തും ചെയ്തൊടെ, ഇതില്‍ നമുക്കെന്ത് കാര്യം..? കണ്ണും മൂടിയിരിക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി..
ലോക സാമ്പത്തിക രംഗത്ത് അഞ്ചാം സ്ഥാനമുള്ള ബ്രിട്ടണ്‍ന്റെ പിന്മാറ്റം ആഗോള രാജ്യങ്ങളെ സാമ്പത്തികമായി കനത്ത ആഘാതം സൃഷ്ടിച്ച് തുടങ്ങിയിരിക്കുന്നതിന്റെ റിപൊര്ട്ടുകള് വന്ന് തുടങ്ങി. പൗണ്ടിന്റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപെടുത്തിയത്. സെന്‍സെക്സ് 800 പോയന്റും നിഫറ്റി 250 പോയന്റും താഴ്ന്നു. രൂപയുടെ മൂല്യത്തിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഇന്ത്യ-ജപ്പാന് തുടങ്ങിയ രാജ്യങ്ങളുടെ ഓഹരി വിപണികളില്‍ ബ്രക്സിറ്റിന്റെ ഫലം പ്രതിഫലിച്ച് തുടങ്ങി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ് പുറത്താവുന്നതിലൂടെ വീണ്ടും പ്രശനങ്ങള്‍ ഉടലെടുക്കുകയാണ്. സ്വതന്ത്ര്യ സ്കോട്ടലന്റിനായുള്ള മുറവിളിയും തുടങ്ങിക്കഴിഞ്ഞു. ലോകത്ത് സാമ്പത്തികം, വ്യാപാരം, കുടിയേറ്റം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വ്യാപക പ്രതിഫലനമാണ് ബ്രക്സിറ്റ് സൃഷിടിക്കാന്‍ പോവുന്നത്. പ്രധാന മന്ത്രിയുടെ രാജിയും കൂടി ആവുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് നേരിട്ട് കാണാം..
