പതിനായിരങ്ങള്‍ കൂടെയുണ്ടെന്നതോ നിയമോപദേശം? കള്ളങ്ങള്‍ പുറത്താകുന്നു…

Sharing is caring!

വെബ്‌ ഡസ്ക്

ശബരിമലയിലെ സമരവുമായി ബന്ധപ്പെട്ട് ബിജെപി അദ്ധ്യക്ഷന്‍ അഡ്വ. പി ശ്രീധരന്‍പിള്ളയുടെ പ്രസംഗവും അദ്ദേഹത്തിന്‍റെ മറുപടിയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതിന് ശേഷം ബിജെപി നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളും ശ്രീധരന്‍പിള്ള നടത്തിയ വിശദീകരണവും കേരളത്തിന് ദുസ്സൂചനകളാണ് നല്‍കുന്നത്. ശബരിമല വിധിയെ അടിസ്ഥാനമാക്കി ബിജെപി കേരളത്തില്‍ നടത്തിയ ഗൂഢാലോചനയാണ് പുറത്തുവരുന്നത്.

പ്രസംഗ വിവാദത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞ കാര്യങ്ങള്‍ തികച്ചും തെറ്റാണെന്ന് പ്രസംഗത്തില്‍ നിന്നുതന്നെ വ്യക്തമാവുകയാണ്.

അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പറയുന്നത് നോക്കു: “തന്ത്രി കുടുംബത്തിന് ഇന്ന് ഏറ്റവും കൂടുതല്‍ വിശ്വാസം ബിജെപിയിലാണ് അല്ലെങ്കില്‍ അതിന്‍റെ സംസ്ഥാന അദ്ധ്യക്ഷനിലാണ്. സ്ത്രീകള്‍ സന്നിധാനത്ത് എത്താറായപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. പൂട്ടിയിട്ടാല്‍ കോടതിയലക്ഷ്യമാകില്ലെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആശങ്ക. ഞാന്‍ പറഞ്ഞു, തിരുമേനി, ഇത് കണ്ടംപ്റ്റ് ഓഫ് കോര്‍ട്ടില്‍ നില്‍ക്കില്ല, കണ്ടംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസെടുക്കുന്നെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക, പതിനായിരം പേരുണ്ടാകും കൂട്ടത്തില്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് സാറ് പറഞ്ഞ ഒരൊറ്റ വാക്ക് മതി എന്ന് പറഞ്ഞുകൊണ്ട്..” ഇതാണ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലെ വാചകം.

എന്നാല്‍ പത്രസമ്മേളനം നടത്തി ശ്രീധരന്‍പിള്ള പറഞ്ഞത് നിയമോപദേശം തേടി തന്നെ പലരും വിളിക്കാറുണ്ടെന്നും അങ്ങനെ വിളിച്ചതാണ് തന്ത്രിയും എന്നാണ്. തന്ത്രി കുടുംബത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിശ്വാസം ബിജെപിയിലാണ് എന്ന് പറഞ്ഞാണ് പ്രസംഗത്തിലെ വിവാദ വാചകങ്ങള്‍ പറഞ്ഞുതുടങ്ങുന്നത്. ഇത് മറച്ചുവെച്ച് കള്ളം പറയുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍. ഇനി തന്ത്രി വിളിച്ചത് നിയമോപദേശത്തിനാണ് എന്ന് സമ്മതിച്ചാല്‍ തന്നെയും ഒരു അഡ്വക്കറ്റ് എന്ന നിലയില്‍ ഇങ്ങനെയാണോ നിയമോപദേശം കൊടുക്കേണ്ടത്.? കണ്ടംപ്റ്റ് ഓഫ് കോര്‍ട്ടില്‍ വരില്ല എന്ന് പറഞ്ഞതിന് ശേഷം പതിനായിരങ്ങളെ അറസ്റ്റ് ചെയ്താല്‍ മാത്രമെ നിങ്ങളെ അറസ്റ്റ് ചെയ്യു എന്ന് പറയുന്നതാണോ നിയമോപദേശം.?

ഇതിന് ശേഷം പ്രസംഗത്തില്‍ പറയുന്നത് സര്‍ക്കാരും പോലീസും തന്നെ ഒന്നാം പ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതീയലക്ഷ്യത്തിന് കേസെടുത്തു എന്നാണ്. എന്നാല്‍ ഇന്ന് പത്രസമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞത്, ഒന്നാം പ്രതിയും രണ്ടാംപ്രതിയും തമ്മില്‍ ഫോണ്‍വിളിക്കുകയും സംസാരിക്കുകയും ചെയ്യും. അതില്‍ എന്താ കാര്യം എന്നാണ്. തന്ത്രി വിളിച്ച ദിവസം ശബരിമലയില്‍ രണ്ട് യുവതികള്‍ സന്നിധാനം വരെ എത്തിയ ദിവസമായിരുന്നു എന്നത് മറച്ചുവെച്ചാണ് ഇവിടെയും കള്ളം ആവര്‍ത്തിച്ചത്. പത്രസമ്മേളനത്തില്‍ തെറ്റിദ്ധരിപ്പിക്കും വിധം കാര്യങ്ങളെ വളച്ചൊടിച്ചാണ് ശ്രീധരന്‍പിള്ള സംസാരിച്ചത്.

തുടക്കം മുതല്‍ ബിജെപിയല്ല വിശ്വാസികളാണ് ശബരിമലയില്‍ സമരം ചെയ്യുന്നത് എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ബിജെപി നേതാക്കളാകെ സമരമുഖത്തുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി ശബരിമലയില്‍ നടന്ന സംഘര്‍ഷങ്ങളും മറ്റും വിശ്വാസികളുടെ മേലിലായിരുന്നു. പ്രത്യക്ഷത്തില്‍ സമരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ശബരിമലയ്ക്ക് പുറത്തുള്ള സമരങ്ങളാണ് ബിജെപി നേരിട്ട് ഏറ്റെടുത്തത്. പന്തളത്ത് നിന്നും സെക്രട്ടറിയേറ്റിലേക്ക് ജാഥ നടത്തിയപ്പോഴും ബിജെപി പറഞ്ഞത് വിശ്വാസികളുടെ സമരത്തിന് പിന്തുണ എന്ന് മാത്രമാണ്.

അതേസമയം അനൗദ്യോഗികമായി ശബരിമലയെ മുന്‍നിര്‍ത്തി വ്യാപകമായ നുണപ്രചരണമാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരുന്നത്. ഉറവിടം വ്യക്തമല്ലെങ്കിലും നുണകള്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങളായിരുന്നു. വിശ്വാസികളെയാകെ തെറ്റിദ്ധരിപ്പിക്കുതും കലാപത്തിന് വരെ സാധ്യതയുള്ളതുമായ തെറ്റിദ്ധാരണാപരമായ പ്രചരണങ്ങളാണ് കേരളത്തില്‍ നടന്നത്. സാധാരണക്കാരായ ജനങ്ങള്‍ ഈ പ്രചരണത്തില്‍ വീഴുകയും സര്‍ക്കാരിന്‍റെ ഭാഗത്ത് എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ടെന്നും കരുതുന്ന സ്ഥിതിയുണ്ടായി. നുണകള്‍ പോകുന്ന അത്രയും വേഗത്തില്‍ സത്യം പ്രചരിപ്പിക്കപ്പെടില്ല എന്നത് സര്‍ക്കാരിനും സിപിഎമ്മിനും തിരിച്ചടിയായിരുന്നു.

ഈ പ്രചരണങ്ങളുടെയെല്ലാം കേന്ദ്രം ബിജെപി തന്നെയാണെന്ന് കൃത്യമായും വ്യക്തമാക്കുന്ന വാക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതാവ് എം ടി രമേശ് ശബരിമലയില്‍ നിന്നും മാധ്യമങ്ങളോട് പറഞ്ഞത് ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ പാര്‍ട്ടി നിലപാടാണ് എന്നാണ്. എന്നാല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ നിയമോപദേശം തേടാനാണ് വിളിച്ചത് എന്നൊക്കെയുള്ള കള്ളങ്ങള്‍ പറഞ്ഞ് ഉരുണ്ടുകളിക്കുകയാണുണ്ടായത്.

പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളെ പത്രസമ്മേളനത്തില്‍ പാടെ നിഷേധിക്കുകയും കുറെയേറെ ആരോപണങ്ങള്‍ പറഞ്ഞ് ശ്രദ്ധതിരിക്കാനുള്ള ശ്രമവും ശ്രീധരന്‍പിള്ള നടത്തി. കേരളത്തിനെതിരെ രഹസ്യ അജണ്ടകള്‍ ഇനിയും തയ്യാറാക്കി വെച്ചാണ് ഇവര്‍ സംസാരിക്കുന്നത് എന്ന് വേണം അനുമാനിക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com