എന്തുകൊണ്ട് അവള്‍ക്കൊപ്പം.. ? വിമര്‍ശകര്‍ക്ക് ആമി ധന്യയുടെ ചുട്ടമറുപടി

ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന കുറേയേറെ ചോദ്യങ്ങളും മുനവെച്ച ആക്ഷേപങ്ങളുമുണ്ട്…. അവള്‍ക്കൊപ്പം നില്‍ക്കുന്നവരെല്ലാം കേള്‍ക്കേണ്ടി വരുന്ന
ചില ‘റെഡിമെയ്ഡ് ‘ ചോദ്യങ്ങൾ …. അവഗണിക്കുന്തോറും പതഞ്ഞുപൊങ്ങി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍…  ഈ ചോദ്യങ്ങളിലൂടെ പ്രതിരോധവുമായി മുന്നോട്ടുവരുന്നവരെയെല്ലാം നിശബ്ദരാക്കി കളയാം എന്നു കരുതുന്ന ചിലരുണ്ട്.
അവരോടാണ് പറയാനുള്ളത്.

ആമി ധന്യ എഴുതുന്നു.. 

#അവൾക്കൊപ്പം എന്ന ഹാഷ് ടാഗുകള്‍ സോ_കോള്‍ഡ് പുരോഗമന വാദികളെയടക്കം പലരെയും ഭ്രാന്തുപിടിപ്പിച്ചിട്ടു തുടങ്ങിയിട്ടുണ്ട്. ചില മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍, അസ്വസ്ഥരാവുന്ന ഒരു വിഭാഗം ആളുകള്‍ എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. നിലവിലെ വ്യവസ്ഥിതിയില്‍ വലിയ മാറ്റങ്ങളൊന്നും വേണ്ടെന്ന ഗൂഢമായൊരു ആഗ്രഹം ഉള്ളില്‍ കൊണ്ടുനടക്കുന്നവര്‍. ഉപരിവിപ്ലവമായ പുരോഗമന ആശയങ്ങളും ഉള്ളിലെ ഇത്തരം ചില സ്വാര്‍ത്ഥതകളും തമ്മില്‍ ടാലിയാവാതെ വരുമ്പോള്‍ ഭ്രാന്തുപിടിക്കുന്നതും ആക്രോശിക്കുന്നതുമൊക്കെ സാധാരണമാണ്. കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ട് എന്നൊരു ശുഭസൂചകമായ സന്ദേശം കൂടിയുണ്ടല്ലോ ഇതിനെല്ലാം പിറകില്‍. അതു മതി. റോം അല്ലേലും ഒറ്റരാത്രി കൊണ്ട് ഉണ്ടായതല്ലല്ലോ!

പറയാന്‍ വന്നത് അതൊന്നുമല്ല, എന്തുകൊണ്ട് അവള്‍ക്കൊപ്പം? അവളൊരു സെലബ്രിറ്റിയായതു കൊണ്ടല്ലേ? ജിഷയ്ക്കും സൗമ്യയ്ക്കും നീതി കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഫെമിനിസ്റ്റാണല്ലേ? അന്ധമായ ദിലീപ് വിരോധമാണല്ലേ? ദിലീപ് നിങ്ങളോടൊക്കെ എന്ത് ചെയ്തിട്ടാ? നിങ്ങക്കൊന്നും വേറെ പണിയില്ലേ?

ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന കുറേയേറെ ചോദ്യങ്ങളും മുനവെച്ച ആക്ഷേപങ്ങളുമുണ്ട്…. അവള്‍ക്കൊപ്പം നില്‍ക്കുന്നവരെല്ലാം കേള്‍ക്കേണ്ടി വരുന്ന
ചില ‘റെഡിമെയ്ഡ് ‘ ചോദ്യങ്ങൾ …. അവഗണിക്കുന്തോറും പതഞ്ഞുപൊങ്ങി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍…  ഈ ചോദ്യങ്ങളിലൂടെ പ്രതിരോധവുമായി മുന്നോട്ടുവരുന്നവരെയെല്ലാം നിശബ്ദരാക്കി കളയാം എന്നു കരുതുന്ന ചിലരുണ്ട്.
അവരോടാണ് പറയാനുള്ളത്.

നിങ്ങളുടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം ഉള്ളതുകൊണ്ട് തന്നെയാണ് #അവൾക്കൊപ്പം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.
( അല്ലാതെ, പ്രത്യുപകാരത്തിന്റെ ഭാഗമായോ ശക്തനായ കുറ്റാരോപിതനെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നാളെ അയാള്‍ പ്രതികാരം ചെയ്യും എന്ന ഭീതി കൊണ്ടോ അല്ല!)

1. എന്തുകൊണ്ട് അവള്‍ക്കൊപ്പം?

ഓരോ വ്യക്തിയ്ക്കും അവന്റേതായ/ അവളുടേതായൊരു പേഴ്‌സണല്‍ സ്‌പെയ്‌സ് ഉണ്ട്. അതിലേക്കുള്ള ഏതുതരം കടന്നുകയറ്റവും അതിക്രമവും ക്രൈം തന്നെയാണ്. ഈ കേസിലും കൃത്യമായിട്ട് കാണാവുന്ന രണ്ടു പേരുണ്ട്, ഒരു വേട്ടക്കാരനും ഒരു
ഇരയും. ഒരുപാട് തെളിവുകളുടെ നിഴലില്‍ കുറ്റാരോപിതനായി, പല തവണ ജാമ്യം നിഷേധിക്കപ്പെട്ട നില്‍ക്കുന്ന ഒരാളുണ്ട് അകത്ത്. പുറത്ത്, അക്രമത്തിന്‌ ഇരയാകേണ്ടി വന്ന, അകത്തു കിടക്കുന്ന കുറ്റാരോപിതന്റെ കോക്കസുകാര്‍ നിരന്തരം ചളിവാരിയെറിയുന്ന ഒരു പെണ്‍കുട്ടിയുമുണ്ട്.

ഇവരില്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നുള്ളതില്‍, മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ആര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കാരണം 66 ദിവസത്തെ ജയില്‍ ജീവിതത്തേക്കാള്‍ ഭയാനകമാണ്, ഓടുന്ന കാറില്‍ രണ്ടര മണിക്കൂര്‍ ആ പെണ്‍കുട്ടി അനുഭവിച്ച പീഡനം. ജയിലില്‍ കിടക്കുന്നവന് മരണഭീതിയുടെ ആവശ്യമില്ല. പുറത്തു നില്‍ക്കുന്നതിലും സുരക്ഷിതനാണ് അയാള്‍ ജയിലിന് അകത്ത്. കോടതി ശിക്ഷ വിധിക്കും വരെ ഒരാളും അയാളെ ശിക്ഷിക്കില്ല.

പക്ഷേ, അവളുടെ അവസ്ഥ അതല്ലായിരുന്നു, വേട്ടമൃഗങ്ങളെ പോലെയുള്ള മനുഷ്യര്‍ക്കിടയില്‍ മരണമാണോ ജീവിതമാണോ ഇനിയെന്താണ് തനിക്കു മുന്നിലുള്ളതെന്ന് പോലും അറിയാതെ, കരഞ്ഞും പേടിച്ചും നിസ്സഹായയായി പോയ ഒരുവളുണ്ട്. അതൊരു റേപ്പ് ക്വട്ടേഷന്‍ ആയിരുന്നെന്ന് അറിഞ്ഞപ്പോള്‍ മുറിവേറ്റ ഒരു മനസ്സുണ്ട്. ആ പെണ്‍കുട്ടിയെ മറന്നു കളയുന്നത്, കണ്ടില്ലെന്നു നടിക്കുന്നത് സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ സ്വാതന്ത്യത്തിലേക്കും അവകാശങ്ങളിലേക്കും ശരീരത്തിലേക്കുമൊക്കെ കടന്നുകയറിയ ‘ക്രൂരത’ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഏറ്റവും മാതൃകാപരമായി തന്നെ. അത് ഒരു വ്യക്തി വീണു കാണാനുള്ള ആഗ്രഹം കൊണ്ടല്ല.

സമൂഹത്തിന്റെ ക്രമസമാധാന നില തകര്‍ക്കാതെ നിലനിര്‍ത്തി കൊണ്ടുപോകുന്ന ചില ശരി- തെറ്റുകളുടെ, മാനുഷികതയുടെ അളവുകോലുകളുണ്ട്. ആ അളവുകോലുകള്‍ അങ്ങനെ തന്നെയിരിക്കാന്‍ വേണ്ടിയാണ്. അതിന്റെ ഉറപ്പിലാണ്, നീതിപീഠത്തിലും പൊലീസിലുമൊക്കെയുള്ള വിശ്വാസത്തിന്റെ ബലത്തിലാണ് സമൂഹത്തിലെ വലിയൊരു ജനവിഭാഗം ജീവിച്ചുപോരുന്നത്. അതുകൊണ്ട് തന്നെ ആ വിശ്വാസം തകരാതിരിക്കേണ്ടത് ഒരു ജനാധിപത്യസമൂഹത്തിന്റെ കൂടി ആവശ്യകതയാണ്.

ഇവിടെ വ്യക്തമായും ഒരു അനീതി നടന്നിട്ടുണ്ട്. ആ അനീതിയോട് ശക്തമായി തന്നെ പ്രതികരിക്കാന്‍ മുന്നോട്ട് വന്നൊരു പെണ്‍കുട്ടിയുമുണ്ട്. അവള്‍ക്കൊപ്പം നില്‍ക്കുക എന്നത് മനുഷ്യത്വത്തിന്റെ ശരിയാണ്. അതില്‍ അസ്വാഭാവികതയൊന്നുമില്ല…. അവള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്, നമുക്കൊപ്പം കൂടിയാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്ന ഓരോ സ്ത്രീയും അവളില്‍ കാണുന്നത് തന്നെ തന്നെയാണ്. നാളെ തനിക്കൊരു അപകടം വന്നാലും നിയമകൂടം നീതി നിഷേധിക്കില്ലെന്ന ഒരു വിശ്വാസമാണ് ആ നിലപാടിന്റെ കാതല്‍.

2. അവളൊരു സെലബ്രിറ്റിയായതു കൊണ്ടല്ലേ?

ഒരിക്കലുമല്ല. അവള്‍ അനുഭവിച്ച അപമാനങ്ങളുടെ, വേദനകളുടെ, ഭീതികളുടെ, സങ്കടങ്ങളുടെ കൂടെയാണ് ഞങ്ങള്‍. റേപ്പ് ക്വട്ടേഷന്‍ എന്നൊരു കേസ് ഇനിയൊരു സ്ത്രീക്കു നേരെയും ഉയരരുതെന്ന ആഗ്രഹം കൊണ്ടാണ്. കുടിപ്പകകള്‍ തീര്‍ക്കാനും, പെണ്ണിനെ നിശബ്ദയാക്കാനും അവളുടെ ശരീരത്തെ ഒരു ആയുധമാക്കുന്ന വൃത്തിക്കെട്ട പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണം എന്നുള്ളതു കൊണ്ടാണ്. അവളുടെ സിനിമകള്‍ കണ്ടതു കൊണ്ടോ, താര ആരാധന കൊണ്ടോ അല്ലത്…. തീര്‍ച്ചയായും, അവള്‍ ചെയ്യുന്ന ജോലിയോട്, അവളുടെ കരിയറിനോട് ആദരവുണ്ട്. പക്ഷേ അതിലേറെ ആദരവുണ്ട്, അവളെന്നെ വ്യക്തിയോട്… പ്രതികരിക്കാനും നീതി കിട്ടും വരെ പോരാടാനും തയ്യാറായ അവളുടെ ആര്‍ജ്ജവത്തോട്…

3. ജിഷയ്ക്കും സൗമ്യയ്ക്കും നീതി കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?

അന്നും അവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു, ഞങ്ങള്‍. നിര്‍ഭാഗ്യവശാല്‍, തനിക്കു സംഭവിച്ചത് എന്തെന്ന് തുറന്നുപറയാന്‍ അവരെയൊന്നും ബാക്കിവച്ചില്ല വേട്ടക്കാര്‍. പ്രതികരിക്കാനും നീതിയ്ക്കു വേണ്ടി പോരാടാനും കഴിയാതെ അവര്‍ ലോകം വിട്ടുപോയി. അങ്ങനെ ക്രൂരമായ വിധിക്ക് അടിമപ്പെട്ട് ഇല്ലാതായി പോയവരുടെ, പ്രതികരിക്കാനാവാതെ പോയവരുടെയൊക്കെ നിലവിളികള്‍ക്കുള്ള മറുപടി കൂടിയാവുകയാണ്, ഇവിടെ അവള്‍. സമൂഹം എത്രയൊക്കെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും എനിക്ക് നീതി കിട്ടണം എന്ന് ഉറക്കെ പറയാന്‍ ധൈര്യം കാണിച്ച് അവള്‍ കാലത്തിന് മറുപടി കൊടുക്കുകയാണ്. കീഴ്‌വഴക്കങ്ങള്‍ പൊളിച്ചുവാര്‍ക്കുകയാണ്. അങ്ങനെയൊരു മാറ്റം ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവള്‍ക്കൊപ്പം നില്‍ക്കേണ്ടത് ഞങ്ങളുടെ കടമയായി തന്നെ കാണുന്നു.

4. ഫെമിനിസ്റ്റാണല്ലേ?

വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഹനിക്കുന്നവര്‍ക്കും അന്യായങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തുമ്പോള്‍, വേട്ടക്കാരന് സഹതാപവും ഇരയ്ക്ക് ആക്ഷേപവും ചൊരിയുന്ന ഒരു വൃത്തിക്കെട്ട സിസ്റ്റത്തിന് എതിരെ പ്രതിരോധം തീര്‍ക്കുമ്പോള്‍ നിങ്ങള്‍ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നുവെങ്കില്‍ വിളിച്ചോളൂ…. അതില്‍, നിങ്ങള്‍ ഒളിപ്പിച്ചുവെച്ച പരിഹാസചുവയ്ക്ക് ഞങ്ങളും പുല്ലുവിലയെ കല്‍പ്പിക്കുന്നുള്ളൂ… നിങ്ങള്‍ക്ക് നല്‍കേണ്ട ബഹുമാനവും ആദരവും മാന്യതയും ഒരു തരിമ്പും കുറവില്ലാതെ അങ്ങോട്ട് തരുന്നുണ്ട്. തിരിച്ച് അതേ അളവില്‍ തന്നെ അത് തിരിച്ചുകിട്ടുമ്പോള്‍ പുലരുന്ന സുന്ദരലോകത്തിന്റെ പേരാണ് സുഹൃത്തേ സമത്വം എന്നത്.

5. അന്ധമായ ദിലീപ് വിരോധമാണല്ലേ? ദിലീപ് നിങ്ങളോടൊക്കെ എന്ത് ചെയ്തിട്ടാ?

ദിലീപ് ഞങ്ങളോടാരോടും ഒന്നും ചെയ്തിട്ടില്ല. അന്ധമായ വിരോധവും ആ മനുഷ്യനോടില്ല. അത്തരമൊരു വിരോധം മലയാളികള്‍ക്കുണ്ടായിരുന്നെങ്കില്‍ അയാള്‍ ജനപ്രിയനും കുടുംബപ്രേക്ഷരുടെ പ്രിയ സൂപ്പര്‍താരമോ ആയി മാറുകയില്ലായിരുന്നല്ലോ! ഇവിടെ പ്രശ്‌നം അതല്ല, പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കില്‍ എന്തു പോക്രിത്തരം ചെയ്താലും അത് ആരാധാനയുടെയും കടപ്പാടുകളുടെയും പേരില്‍ കണ്ടില്ലെന്നു വയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ചില ബാഹ്യശക്തികളുടെ ഇടപെടലുകളാണ്.

മനപൂര്‍വ്വം ചിലര്‍ സൃഷ്ടിച്ചെടുക്കുന്ന ചില സഹതാപനാടകങ്ങളുടെ പൊള്ളത്തരം തിരിച്ചറിയുന്നുണ്ട് ജനങ്ങള്‍. കേസ് മുറുകുന്നു എന്നു കാണുമ്പോള്‍, പഴുതുകള്‍ ഇല്ലാതാവുന്നു എന്നു കാണുമ്പോള്‍… എന്നാല്‍ പിന്നെ ഇരയെ താറടിച്ച് പൊതുബോധം മാറ്റിയെടുത്തേക്കാം എന്നു കരുതി, ചില അനുകൂല ശക്തികള്‍ കളിക്കുന്ന കണ്‍കെട്ട് നാടകം ഉണ്ടാക്കുന്നത് അറപ്പ് മാത്രമാണ്. അതിന് കൂട്ടുനില്‍ക്കുന്ന ചില സെലബ്രിറ്റികളുടെ സാന്നിധ്യം പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്നത്‌ അസ്വസ്ഥതകളാണ്….

നിങ്ങളുടെ ഭാഷയില്‍ ചോദിച്ചാല്‍, അപകടത്തില്‍ പെട്ട ഒരു ചങ്ങാതിയെ സന്ദര്‍ശിക്കുന്നു. അതില്‍ എന്താണ് തെറ്റ്? ശരിയാണ് സുഹൃത്തേ… അതില്‍ തെറ്റില്ല. പക്ഷേ അത് പക്ഷപാതപരമാകുമ്പോഴാണ് പ്രശ്‌നം. അവളും നിങ്ങളുടെ പലരുടെയും സുഹൃത്തായിരുന്നവളാണ്… അപകടത്തില്‍ പെട്ടവളാണ്….
നീതി, സൗഹൃദത്തിലായാലും തുല്യമാകേണ്ട ഒന്നല്ലേ? അതുകൊണ്ടാണ്, ഇരയാക്കപ്പെട്ടവളെ മനപൂര്‍വ്വം മറന്ന്, പ്രതി സ്ഥാനത്തു നിൽക്കുന്നവനെ ചേര്‍ത്തുപിടിക്കുമ്പോള്‍ അതൊരു ശരികേടായി പോകുന്നത്….
ആ ശരികേടിനെ വിമര്‍ശിക്കുമ്പോള്‍ ഹാലിളകിയിട്ട് കാര്യമില്ല….

വീണ്ടും പറയുന്നു:
‘പക്ഷേ’കള്‍ ഇല്ലാതെ, നിലപാടുകളുടെ ഉറപ്പോടെ…..

#അവൾക്കൊപ്പം
#അവൾക്കൊപ്പം_മാത്രം

Leave a Reply

Your email address will not be published. Required fields are marked *