പലരും സങ്കുചിതമായ താൽപര്യത്തോടെയാണ് ചർച്ചയിൽ ഇടപെടുന്നത് : അശോകന്‍ ചരുവില്‍

Sharing is caring!

അശോകന്‍ ചരുവില്‍ എഴുതുന്നു.. 

എസ്.ഹരീഷിന് തന്റെ ‘മീശ’ എന്ന നോവൽ പിൻവലിക്കേണ്ടി വന്ന സാഹചര്യം അത് ഉണ്ടാക്കുന്ന ഭീകരതയുടെ സമഗ്രതയിൽ ചർച്ച ചെയ്യപ്പെടുന്നില്ല എന്നു തോന്നുന്നു. ജനാധിപത്യവാദികൾ എന്ന് അവകാശപ്പെടുന്ന പലരും തങ്ങളുടെ സങ്കുചിതമായ വ്യക്തി താൽപ്പര്യങ്ങൾ ഉപയോഗിച്ചാണ് ചർച്ചയിൽ ഇടപെടുന്നത്. ഹരീഷിന്റേത് മാർക്കറ്റിംഗ് തന്ത്രമാണ് എന്നു പറയാനുള്ള ബുദ്ധിമാന്ദ്യവും ചിലർ പ്രകടിപ്പിക്കുന്നു. തങ്ങളുടെ അസൂയയും കുശുമ്പും അപകർഷതാബോധവും ആണ് ചർച്ചയിൽ പങ്കെടുക്കുന്ന പലരും പ്രകടിപ്പിക്കുന്നത്‌.

സത്യത്തിൽ ഇത് നാം ജീവിക്കുന്ന ലോകം എത്രമാത്രം അപായകരമായിരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. പ്രതിനായക കഥാപാത്രത്തിന്റെ മൗലീക സംഭാഷണത്തിനു പോലും ഇടം നൽകാത്ത വിധം എഴുത്തിൽ ഫാസിസ്റ്റുകൾ ഇടപെടുമ്പോൾ എഴുത്ത് എന്ന പ്രക്രിയ അവസാനിക്കുന്നു. ഫിക്ഷൻ ജനാധിപത്യത്തിന്റെ ഭാഗമാകുന്നത് അതിൽ വിവിധ അഭിപ്രായങ്ങൾ ഉൾച്ചേരുന്നു സംവദിക്കുന്നു എന്നതുകൊണ്ടാണ്‌. ഒരാളുടെ ആശയത്തെ മാത്രം മുൻനിർത്തി നോവലുണ്ടാക്കാനാവില്ല. എഴുത്തുകാരനു പോലും ചെറിയ ഒരിടമേ അതിൽ അനുവദിക്കപ്പെടുന്നുള്ളു. ആശയങ്ങളുടെ നൂറു പൂക്കൾ വിടരുകയാണവിടെ. രാമായണത്തിൽ രാമനു മാത്രമല്ല; രാവണനും ഇടമുണ്ട്‌.

എഴുത്തിന്റെ ഈ ജനാധിപത്യ പ്രക്രിയയെ സംഘപരിവാർ ഭയപ്പെടുന്നു. അധികാരികളായിട്ടും എഴുത്തുകാരും കലാകാരന്മാരും തങ്ങളുടെ വരുതിയിൽ ആവുന്നില്ല എന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. പലരേയും ഭയപ്പെടുത്തിയിട്ടും വെടിവെച്ചു കൊന്നിട്ടും കല പാറിപ്പറന്ന് പാടുക തന്നെയെന്ന് അവർ അറിയുന്നു. എഴുത്ത് എന്ന ജനാധിപത്യവൽക്കരണം നിലനിൽക്കുന്നേടത്തോളം തങ്ങളുടെ നില പരുങ്ങലിലാണ് എന്ന് അവർക്കറിയാം. അതുകൊണ്ട് എഴുത്തിനും ജീവദായകമായ ഭാവനക്കും അന്ത്യം കുറിക്കുക എന്ന നിലപാടിലേക്ക് അവർ നീങ്ങിയിരിക്കുന്നു.

പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വര താലിബാൻ കീഴടക്കിയ ശേഷവുള്ള അവിടത്തെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് മലാലാ യൂസഫ്സായ് എന്ന പെൺകുട്ടി തന്റെ ആത്മകഥയിൽ എഴുതുന്നുണ്ട്. അവർ വീടുകളിൽ കടന്നുവന്ന് എല്ലാ സംഗീത ഉപകരണങ്ങളും കാസറ്റുകളും പിടിച്ചെടുത്ത് റോഡിൽ കൂട്ടിയിട്ട് കത്തിച്ചു. അതിനുശേഷം അവർ എ.കെ.47 തോക്കുമായി തെരുവിൽ റോന്ത് ചുറ്റുകയാണ്. വീടുകളിൽ നിന്ന് ആരെങ്കിലും അറിയാതെ ഒരു മൂളിപ്പാട്ട് പാടുന്നുണ്ടോ എന്ന് കാതോർത്ത്.

സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണ് നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ. ആർ.എസ്.എസും അവരുടെ മറുപാതിയായ മുസ്ലീം ഭീകരരും ഇന്ത്യൻ തെരുവുകളിൽ വടിവാളും തോക്കുമായി കറങ്ങുകയാണ്. “എഴുത്തോ നിന്റെ കഴുത്തോ?” എന്നന്വേഷിച്ച്.

സംഘപരിവാർ ഭീകരതക്കും ഭീഷണിക്കും ഇരയായ എസ്‌.ഹരീഷ് എന്ന എഴുത്തുകാരന് പ്രതികരിക്കാൻ കുറച്ചു സാവകാശം കൊടുക്കേണ്ടതുണ്ടെന്ന് ഞാൻ അപേക്ഷിക്കുന്നു. ഉപജീവനത്തിനായി ചെറിയൊരു സർക്കാർ പണി എടുക്കുന്നയാളാണ് ഹരീഷ്. മറ്റുള്ളവരെപ്പോലെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സംവാദങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിനു കഴിയില്ല. മുപ്പതു കൊല്ലം സ്വയം അനുഭവിച്ച വിലക്ക് ആയതുകൊണ്ട് എനിക്കത് വേഗം മനസ്സിലാവും.

എസ്.ഹരീഷിനു വേണ്ടി ജനാധിപത്യ കേരളം സംസാരിക്കണം. പൊരുതണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com