നിർഭയ-സൗമ്യ-ജിഷ കേസുകള്‍ പോലെയല്ല ആസിഫ : നവീന്‍ എസ് എഴുതുന്നു

Sharing is caring!

ആസിഫയുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായൊരു രാഷ്ട്രീയമുണ്ട്. സ്വന്തം അജണ്ട നടപ്പിലാക്കാൻ അവർക്ക് കൃത്യമായി നിർവചിക്കപ്പെട്ട ഒരു സംവിധാനമുണ്ട്; അച്ചടക്കമുള്ള പ്രവർത്തകരുണ്ട്. ഒരു തെരെഞ്ഞെടുപ്പ് വന്നാൽ മേൽപ്പറഞ്ഞ സംരക്ഷകരും സേനകളുമൊക്കെ BJP എന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് നിലകൊള്ളുകയെന്നത് നമ്മൾ സൗകര്യപൂർവ്വം മറന്നു കളയുന്നു. 

നവീന്‍ എസ്

ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ആസിഫയെന്ന എട്ട് വയസ്സുകാരി നാടോടി ബാലിക അതിക്രൂരമായ ബലാൽസംഘത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ, നിർഭയ-സൗമ്യ-ജിഷ സംഭവങ്ങളുടെ ശ്രേണിയിൽപ്പെടുത്തി, നിർഭാഗ്യകരമെങ്കിലും സാധാരണമെന്ന തരത്തിൽ അവതരിപ്പിക്കാനുള്ള അത്ര നിഷ്ക്കളങ്കമല്ലാത്ത ഒരു വ്യഗ്രത ചുറ്റിലും കണ്ടത് കൊണ്ടാണ് ഇതെഴുതുന്നത്.

ഒന്നോ ഒന്നിലധികമോ വ്യക്തികളുടെ നൈമിഷികമായ അധമ വികാരങ്ങളാണ് നിർഭയ-സൗമ്യ-ജിഷ എന്നിവരുടെ ജീവനപഹരിച്ചതെങ്കിൽ ആസിഫയുടെ കാര്യത്തിൽ അതങ്ങനെയല്ല. തങ്ങൾക്ക് ചുറ്റിലും താമസിക്കുന്ന മുസ്ലീം നാടോടികളെ ഭയപ്പെടുത്തി തുരത്തുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം ബ്രാഹ്മണർ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു ഓപ്പറേഷനായിരുന്നു അത്. തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ മുസ്ലീങ്ങൾ കടക്കില്ല എന്നുറപ്പുള്ള ക്ഷേത്രത്തിനകത്ത് മയക്കി കിടത്തി ദിവസങ്ങൾ തുടർച്ചയായി മാറി മാറി ഭോഗിച്ചതും, ആ കുഞ്ഞ് ശരീരത്തിൽ ആർത്തി പൂണ്ട് അഞ്ഞൂറോളം കിലോമീറ്ററുകൾ താണ്ടി ഒരുത്തനെത്തിയതും, തലക്ക് കല്ലിനടിച്ച് കൊല്ലും മുൻപേ ഒരിക്കൽ കൂടി ഭോഗിക്കാനുള്ള മറ്റൊരുത്തന്റെ മോഹം പൂർത്തീകരിച്ച് നൽകിയതുമെല്ലാം ഈ സംഭവത്തെ സമാനതകളില്ലാത്ത വിധം പൈശാചികമാക്കുന്നു. നിർഭയ-സൗമ്യ-ജിഷ കേസുകളിലെ കുറ്റവാളികൾ കൂലിപ്പണിക്കാരും ഭിക്ഷക്കാരനുമൊക്കെയായി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരായിരുന്നെങ്കിൽ, ഈ നീചകൃത്യം ആസൂത്രണം ചെയ്തത് വിരമിച്ച ഒരു റവന്യൂ ഉദ്യോഗസ്ഥനാണെന്നതും പ്രതികളിൽ നാല് പേർ പോലീസുകാരാണെന്നതും സംഭവത്തിന്റെ ഭീകരത വെളിവാക്കുന്നു.

സംസ്ഥാന പോലീസ് കൃത്യമായ അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് പോലും ഒരു കൂട്ടം അഭിഭാഷകർ സംഘടിതമായി തടയുന്നത് ആരെ സംരക്ഷിക്കാനാണ്? സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം കേസുകളിൽ പീഢിതർക്ക് നീതി ഉറപ്പ് വരുത്താനും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനുമായി CBI അന്വേഷണം ആവശ്യപ്പെടുന്നത് സാധാരണമാണ്. നിർഭയ-സൗമ്യ-ജിഷ കേസുകളിലും ഇതുണ്ടായിട്ടുണ്ട്. എന്നാൽ കത്വയിൽ ജനം ദേശീയ പതാകയുമേന്തി തെരുവിലിറങ്ങിയത് അറസ്റ്റിലായ പീഢകർക്ക് വേണ്ടിയാണെന്നതാണ് ഈ കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമാക്കുന്നത്.

കേസിൽ അറസ്റ്റിലായ ഹൈന്ദവർക്ക് സംരക്ഷണമുറപ്പാക്കാനാണ് സംസ്ഥാനം ഭരിക്കുന്ന BJP മന്ത്രിമാരുടെ നേതൃത്വത്തിൽ ‘ഹിന്ദു ഏക്താ മഞ്ച്’ എന്ന സംഘടന രൂപികരിക്കപ്പെട്ടത്. ഈ സംഘടനയാണ് ഇപ്പോൾ CBI അന്വേഷണം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നത്.
റിലേ നിരാഹാരം നടത്തുന്ന, കുറ്റവാളികളുടെ ബന്ധുക്കളായ, സ്ത്രീകളെ സംസ്ഥാന വനിതാ കമ്മീഷൻ സന്ദർശിച്ചിരുന്നു. ”കേസിൽ CBI അന്വേഷണമാണ് അവരുടെ ആവശ്യം. കോടതിയിലും പോലീസിലും അവർക്ക് വിശ്വാസമില്ല. CBI എന്നാലെന്താണെന്ന് അവർക്കറിയില്ല. എങ്കിലും ‘അത്’ അവർക്ക് നീതി നൽകുമെന്ന് അവരുറച്ച് വിശ്വസിക്കുന്നു.” കമ്മീഷൻ ചെയർപേഴ്സൺ നയീമ മെജ്ഹൂർ സാക്ഷ്യപ്പെടുത്തുന്നു.

എന്ത് കൊണ്ട് അത്തരത്തിലൊരു അന്ധമായ വിശ്വാസം? പകൽവെട്ടം കണക്കെ തെളിഞ്ഞ ഒരു കുറ്റം CBI ഇടപെടലോടെ അനുകൂലമാക്കാമെന്ന ആത്മവിശ്വാസം അവർക്കെങ്ങനെ ലഭിക്കുന്നു? CBI എന്നത് കേന്ദ്ര ഏജൻസിയാണെന്നും കേന്ദ്രം ഭരിക്കുന്നത് ‘നമ്മുടെ’ ആളുകളാണെന്നും ആരൊക്കെയോ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. ആ വിശ്വാസത്തിലാകട്ടെ കഴമ്പുണ്ട് താനും. അമേരിക്കയിൽ അന്വേഷണ ഏജൻസിയായ FBI ട്രംപ് ഭരണകൂടത്തിന് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുമ്പോഴാണ് ഇവിടെ ഇത്തരമൊരു വിശ്വാസം ശക്തിപ്പെടുന്നത് എന്ന് കൂടി ഓർക്കേണ്ടതുണ്ട്.

ആസിഫയുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായൊരു രാഷ്ട്രീയമുണ്ട്. യു.പി.യിലെ ഉന്നാവിൽ സംഭവിച്ചതുമായി വേണം അതിനെ ചേർത്ത് വെക്കാൻ. ആരോപണ വിധേയനായ ഭരണപക്ഷ MLAക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ബലാൽസംഘത്തിനിരയായ പെൺകുട്ടിയുടെ പിതാവ് സമരം ചെയ്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ച് കൊലപ്പെടുത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അവിടെ ‘നീതി’ നിർവഹിച്ചത്. കത്വയിൽ കുറ്റവാളികളെ പുറത്തിറക്കാൻ സംസ്ഥാനം ഭരിക്കുന്ന BJP മന്ത്രിമാർ തന്നെ പരസ്യമായി രംഗത്തിറങ്ങുന്നു. ചെയ്ത തെറ്റ് എത്ര തന്നെ ഗുരുതരമായാലും സ്വന്തക്കാർ ശിക്ഷിക്കപ്പെടില്ല എന്ന് ഉറപ്പ് വരുത്തുന്ന ഭരണകൂത്തിന്റെ ഈ ധാർഷ്ട്യം ഫാസിസമല്ലാതെ മറ്റെന്താണ്?

ബീഫ് തിന്നവരേയും കന്നുകാലി കടത്തുന്നവരേയും തല്ലിക്കൊല്ലുന്ന ഗോസംരക്ഷകർ, സദാചാര ഗുണ്ടായിസത്തിന്റെ മൊത്ത വിൽപനക്കാരായ വിവിധ സേനകൾ-ഇവരൊക്കെയും കാലാകാലങ്ങളായി നമ്മുക്ക് ചുറ്റുമുണ്ടായിരുന്നവരാണ്. എന്നാലെങ്ങനെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെട്ടെന്ന് അവരൊക്കെയും ഇത്ര സജീവമായത്? ശക്തരായത്?
തങ്ങളുടെ സംരക്ഷകർ ഭരണകേന്ദ്രത്തിലുണ്ട് എന്നത് തന്നെയാണ് അവരുടെ ആത്മവിശ്വാസത്തിന് പുറകിലെ മൂലധനം. ദേശീയത, ഗോസംരക്ഷണം, സദാചാര ഗുണ്ടായിസം എന്നിവയുടെ മറവിൽ നടത്തുന്ന വർഗ്ഗീയ ധ്രുവീകരണത്തിൽ BJP എന്ന രാഷ്ട്രീയ പാർട്ടി ഒരിക്കലും മുൻനിരയിലുണ്ടാവില്ല. എന്നാൽ അണിയറയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ശക്തിദുർഗ്ഗങ്ങളിൽ അവരുണ്ടാകും. ഇതാണ് സംഘ്പരിവാറിന്റെ പ്രവർത്തന രീതി. സ്വന്തം അജണ്ട നടപ്പിലാക്കാൻ അവർക്ക് കൃത്യമായി നിർവചിക്കപ്പെട്ട ഒരു സംവിധാനമുണ്ട്; അച്ചടക്കമുള്ള പ്രവർത്തകരുണ്ട്. ഒരു തെരെഞ്ഞെടുപ്പ് വന്നാൽ മേൽപ്പറഞ്ഞ സംരക്ഷകരും സേനകളുമൊക്കെ BJP എന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് നിലകൊള്ളുകയെന്നത് നമ്മൾ സൗകര്യപൂർവ്വം മറന്നു കളയുന്നു. “സാഗർ ഏലിയാസ് ജാക്കി” എന്ന സിനിമയിലെ ഹിറ്റ് ഡയലോഗ് പോലെ BJP എന്ന ദേശസ്നേഹിയും വികസനവാദിയുമായ രാഷ്ട്രീയ പാർട്ടിയെ മാത്രമേ നമ്മൾ അറിയുന്നുള്ളു. സംഘ്പരിവാറിന് തങ്ങളുടെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്ന BJPയെ ഭൂരിപക്ഷവും അറിയാതെ പോകുന്നു. ഈ അറിവ് കേട് തന്നെയാണ് നിഷ്പക്ഷ വോട്ടുകൾ ഒരുപാട് BJP കൂടാരത്തിലെത്തിക്കുന്നതും. സോഷ്യൽ മീഡിയാ ഇടങ്ങളിലെ സ്ഥിരം അനുശോചന ക്കുറിപ്പുകൾക്കപ്പുറം ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആസിഫ എന്ന പിഞ്ചു ബാലികയുടെ ഇളം ചോര പുരണ്ട ഫാസിസത്തിന്റെ കരങ്ങൾ കണ്ടിലെന്ന് നടിക്കരുത്. ഈ വിഷയത്തെ വർഗീയവൽക്കരിച്ച് ചോരകുടിക്കാൻ ആരെയും അനുവദിച്ച് കൂടാ. ഇടക്കിടെ പുറത്ത് വരുന്ന ഇത്തരം വാലുകളിൽ പിടിച്ചാവണം മാളത്തിൽ ഒളിഞ്ഞിരിക്കുന്ന വിഷ സർപ്പത്തെ വലിച്ച് പുറത്തിടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com