നഴ്സുമാരുടെ സമരവും ജീവിതവും : രവിചന്ദ്രന്‍ സി എഴുതുന്നു..
‘ജീവിക്കാന്‍ ആവശ്യമായ വേതനം’ കത്തോലിക്കാ സ്ഥാപനങ്ങളില്‍ കൊടുക്കുന്നുണ്ടെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നില്ല, പകരം ‘സാധിക്കാവുന്നവിധം ന്യായമായ വേതനം’ എന്നു മാത്രമേ പറയുന്നുള്ളൂ. അത് എത്രയെന്ന കാര്യം കത്തോലിക്കാ സഭ തീരുമാനിക്കുമെന്ന് സാരം.
രവിചന്ദ്രന്‍ സി
(1) സീറോ മലബാര്‍ സഭയുടെ മേജര്‍ ബിഷപ്പിന്റെ കുമ്പസാരം അനുസരിച്ച് കത്തോലിക്ക സഭ നടത്തുന്ന ആതുരാലയങ്ങളില്‍ നഴ്സുമാര്‍ക്ക് ‘സാധിക്കാവുന്നവിധം ന്യായമായ വേതനം’ നല്‍കുന്നുണ്ട്. അതേസമയം, മറ്റ് ചില സ്വകാര്യ ആശുപത്രകളില്‍ നഴ്സുമാര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ തോതില്‍ വേതനം നല്‍കുന്നില്ല എന്ന പരാതിയുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന വേതനം അവിടങ്ങളിലൊക്കെ നഴ്സുമാര്‍ക്ക് ലഭ്യമാക്കണം എന്നൊക്കെ ടിയാന് പറയുന്നുണ്ട്. പക്ഷെ കത്തോലിക്ക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഈ അഭിപ്രായം പങ്കിടുന്നില്ല. ശ്രദ്ധിക്കുക, ‘ജീവിക്കാന്‍ ആവശ്യമായ വേതനം’ കത്തോലിക്കാ സ്ഥാപനങ്ങളില്‍ കൊടുക്കുന്നുണ്ടെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നില്ല, പകരം ‘സാധിക്കാവുന്നവിധം ന്യായമായ വേതനം’ എന്നു മാത്രമേ പറയുന്നുള്ളൂ. അത് എത്രയെന്ന കാര്യം കത്തോലിക്കാ സഭ തീരുമാനിക്കുമെന്ന് സാരം. ‘ആര്‍ച്ച്’ ബിഷപ്പ് ആയതിനാല്‍ എല്ലാം വളച്ച് വെച്ചാല്‍ നീളം കുറയുമെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് വ്യക്തം.
(2) കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ന്യായമായ സേവന-വേതന വ്യവസ്ഥ അവകാശപ്പെട്ട് സമരം തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതായി. ഇതിന് മുമ്പ് നഴ്സുമാര്‍ കൂലിവര്‍ദ്ധനവിനായി നടത്തിയ സമരങ്ങള്‍ ഗുണ്ടകളെ വിട്ട് ഒതുക്കിയ ചരിത്രമാണ് ചില ‘പ്രമുഖ’ ആശുപത്രി മുതലാളിമാര്‍ക്കുള്ളത്. കരുണാവാരിധികളും പരിരംഭണ മഹത്തുക്കളുമൊക്കെയാണ് നഴ്സുമാരെ നിന്ദിക്കുന്നതിലും പീഢിപ്പിക്കുന്നതിലും മുന്‍പന്തിയില്‍. സമരം ന്യായമാണെങ്കിലും പനിമരണം മൂലം ജനം കഷ്ടപെടുമ്പോള്‍ നഴ്സുമാര്‍ സമരം തുടര്‍ന്നാല്‍ ജനം എതിരാകും എന്ന നിലപാടാണ് സര്ക്കാന് സ്വീകരിക്കുന്നത്. അപ്പറയുന്നത് ശരിയാണെങ്കിലും രണ്ടുംകല്‍പ്പിച്ച സമരത്തിന് നഴ്സുമാരെ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് മിക്ക സ്വാകാര്യആശുപത്രികളിലും നിലവിലുള്ളതെന്ന വസ്തുത അവഗണിക്കാനാവില്ല.
നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളോട് മിക്ക സ്വകാര്യമാനേജുമെന്റുകളും പ്രതികരിക്കുന്നത് സ്ത്രീവിരുദ്ധ സമീപനങ്ങളും വ്യക്തിഅധിക്ഷേപങ്ങളും ഭീഷണികളും നിര്‍ബാധം ചൊരിഞ്ഞുകൊണ്ടാണ്. രോഗികളുടെ കാര്യം ഉന്നയിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നതും പതിവാണ്. പുരുഷന്മാര് നഴ്സ് ജോലിയിലേക്ക് കൂടുതലായി വരാന്‍ തുടങ്ങിയതും കാര്യമായ മാറ്റം ആതുരമേഖലയില് ഉണ്ടായിട്ടില്ല.
(3) ശരിക്കും ‘നക്കാപിച്ച’യാണ് മിക്കയിടത്തും ലഭിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ ലോണ്‍ എടുത്ത് നഴ്സിംഗ് കോഴ്സ് പാസ്സായി ജോലിയില്‍ പ്രവേശിക്കുന്ന പലര്‍ക്കും ലോണ്‍തുകയുടെ തിരിച്ചടവിന് പോലും തികയുന്ന ശമ്പളം ലഭിക്കുന്നില്ല. ശരാശരി 7000-10000 രൂപയാണ് ശരാശരി ശമ്പളം. പലര്‍ക്കും ഇത്രപോലും ലഭിക്കുന്നില്ല. നഴ്സുമാരുടെ ഗതിയെക്കാള്‍ ശോചനീയമാണ്, സ്വകാര്യ അണ്-എയ്ഡഡ് സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ കാര്യം. രാവിലെ മുതല്‍ വൈകിട്ടുവരെ ആറും ഏഴും പീരിയഡുകളും അനുബന്ധ ജോലികളുമായി രണ്ടറ്റം കൂട്ടമുട്ടിക്കാന് പൊരുതുന്ന ഇവര്‍ക്ക് മാസം 3000-5000 രൂപയൊക്കെ മാന്യമായ മാസശമ്പളമാണ് എന്നതാണ് നിലവിലുള്ള അവസ്ഥ!
(4) മതങ്ങളും ആള്‍ദൈവങ്ങളും മതാത്മക രാഷ്ട്രീയപ്രസ്ഥാനങ്ങളും നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലാണ് അദ്ധ്യാപകരും തൊഴിലാളികളും ഏറ്റവുമധികം ചൂഷണത്തിന് വിധേയമാകുന്നത്. ജോലി തങ്ങളുടെ ഔദാര്യമാണെന്നും പരാതിയില്ലാതെ, സ്ഥാപനത്തോടും കൂറും വിശ്വസ്തതയും പുലര്‍ത്തി കുറഞ്ഞ ശമ്പളത്തില്‍ അച്ചടക്കത്തോടെ ജോലി ചെയ്തുകൊള്ളണം എന്നുമാണ് പ്രസ്തുത മുതലാളിമാര്‍ പറയാതെ പറയുന്നത്. മതസ്ഥാപനങ്ങളും ആള്‍ദൈവങ്ങളും സമ്പത്ത് ഉണ്ടാക്കുന്നത് സ്വന്തം അദ്ധ്വാനത്തിലൂടെയല്ല. അന്ധവിശ്വാസികളെ നിര്‍ദ്ദയം ചൂഷണംചെയ്തും അവരുടെ ചപലതകള്‍ ആഘോഷിച്ചുമാണ് അവര്‍ സമ്പത്ത് കുന്നുകൂട്ടുന്നത്. നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളോട് മിക്ക സ്വകാര്യമാനേജുമെന്റുകളും പ്രതികരിക്കുന്നത് സ്ത്രീവിരുദ്ധ സമീപനങ്ങളും വ്യക്തിഅധിക്ഷേപങ്ങളും ഭീഷണികളും നിര്‍ബാധം ചൊരിഞ്ഞുകൊണ്ടാണ്. രോഗികളുടെ കാര്യം ഉന്നയിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നതും പതിവാണ്. പുരുഷന്മാര് നഴ്സ് ജോലിയിലേക്ക് കൂടുതലായി വരാന്‍ തുടങ്ങിയതും കാര്യമായ മാറ്റം ആതുരമേഖലയില് ഉണ്ടായിട്ടില്ല. മത-ആള്‍ദൈവ മാനേജുമെന്റ് ഗുണ്ടകള്‍ക്ക് ‘കൈത്തരിപ്പ്’ മാറ്റാന്‍ അതൊരു അവസരമായി എന്ന് മാത്രം.
(5) സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ കാര്യത്തില്‍ ഇത്രപോലും പ്രതിഷേധം ഉയരുന്നില്ല. ഭക്തരെയും കുഞ്ഞാടുകളെയും ദീനികളെയും പാര്ട്ടിക്കൂറുള്ളവരെയും അരിച്ചെടുത്താണ് മിക്കപ്പോഴും ഇവിടങ്ങളിലെ നിയമനം. തങ്ങള്‍ക്ക് ലഭിച്ച തൊഴില്‍ മറ്റാരുടെയോ ഭിക്ഷയാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് നട്ടെല്ലുയര്‍ത്തി പ്രതികരിക്കാനാവില്ല എന്ന പ്രതീക്ഷ മുതലാളിമാര്‍ക്കുണ്ട്. നഴ്സുമാര്‍ സ്വന്തംമികവ് കൊണ്ട് വിദേശങ്ങളില്‍ ജോലി കരസ്ഥമാക്കിയാല്‍ സഭാമുതലാളിമാര് ചാക്കുമായി അവിടെയും പറന്നെത്തും. സുവിശേഷ പെരുമഴയൊഴുക്കി വിട്ടുവീഴ്ചയില്ലാതെ പീഢിപ്പിക്കും. അന്ധവിശ്വാസ ചൂണ്ടകളില്‍ പണ്ടേ കൊരുത്തിട്ടിരിക്കുന്ന നഴ്സുമാരുടെ അദ്ധ്വാനഫലം കൊള്ളയടിച്ചിട്ടേ അവര്‍ തിരിച്ച് വിമാനംകയറൂ. തങ്ങള്‍ നാട്ടില്‍ കിടന്ന് 24 X 7 പ്രാര്‍ത്ഥിച്ച് നിലവിളിക്കുന്നത് കൊണ്ടാണ് വിദേശത്ത് ജോലി കിട്ടിയതെന്നൊക്കെ ഇവര്‍ അന്ധവിശ്വാസികളെ ബോധ്യപ്പെടുത്തും. അങ്ങനെ മനസ്സിലാക്കാന്‍ മതപരിശീലനം ലഭിച്ച പാവങ്ങള്‍ ഇവരെ വിശ്വസിച്ച് മതലഹരിയില്‍ സ്വന്തം രക്തവും വിയര്‍പ്പും ഉദാരപൂര്‍വം പരിത്യജിക്കുന്നു.
”എനിക്ക് പരിചയമുള്ള നഴ്സുമാരെല്ലാം നല്ലവരാണ്”, അല്ലെങ്കില്‍ ”ഞാന്‍ കണ്ടവരെല്ലാം മോശക്കാരാണ്…” എന്ന മുന്വിധികളുമായല്ല ഈ പ്രശ്നത്തെ സമീപിക്കേണ്ടത്.
(6) പിരിക്കാനെത്തുന്ന കുഴിമാടങ്ങളുടെ മുഴുവന്‍ ചെലവും മാത്രമല്ല അവരുടെ കീശ നിറയെ പണവും കൊടുക്കേണ്ട ബാധ്യത ആതുരമേഖലയിലെ കുഞ്ഞാടുകള്‍ ഏറ്റെടുക്കുന്നു. അതായത്, നാട്ടില്‍ വെച്ച് മാന്യമായ വേതനം കൊടുക്കുകയുമില്ല, രക്ഷപെട്ട് വിദേശത്ത് ജോലി നേടിയാല്‍ ആര്‍ത്തിയോടെ കൈ നീട്ടി എത്തുകയും ചെയ്യും. സഭാമുതലാളിമാര് ദൈവങ്ങളെപ്പോലെയാണ്. യുദ്ധവുംപട്ടിണിയും പകര്‍ച്ചവ്യാധിയും ആര്‍ത്തിരമ്പുമ്പോള്‍ ഉറങ്ങുന്ന ദൈവങ്ങള്‍ സമ്പത്തും സമൃദ്ധിയും വിരുന്നിനെത്തുമ്പോള്‍ അതിന്റെ പങ്ക് പറ്റാനായി നിര്‍ലജ്ജം കൈ നീട്ടുന്നത് കണ്ടിട്ടില്ലേ. നഴ്സുമാരുടെ സമരത്തിന് പൊതുജനപിന്തുണയുണ്ടെങ്കിലും സമരം വിജയിക്കാന്‍ വേണ്ടത്ര തോതില്‍ അതുണ്ടാവുന്നില്ല എന്ന് വ്യക്തമാണ്. കേരള സമൂഹത്തെ അടക്കിഭരിക്കുന്ന മത-ആള്‍ദൈവ ശക്തികളാണ് എതിര്‍വശത്തുള്ളത് എന്നതാണ് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ നേരിടുന്ന മുഖ്യ വെല്ലുവിളി.
(7) സര്‍ക്കാര്‍ സര്‍വീസിലെ ഒരു ശിപായിയുടെ പകുതി ശമ്പളംപോലുമില്ലാതെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരും സമാനമായ സാഹചര്യങ്ങളില്‍ അപമാനിതരായി ജോലി ചെയ്യുന്ന സ്വകാര്യ അദ്ധ്യാപകരും കേരളീയ സമൂഹത്തിന് കളങ്കമാണ്. ന്യായമായ കൂലിയില്ലാതെ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയും നിരന്തരം അപമാനിക്കപ്പെടുകയാണ്. കുറ്റകരമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കാതെ നാഗരികഭാവം അവകാശപ്പെടുന്നത് പരവഞ്ചനാണ്. ജാതിവിവേചനത്തെ അനുസ്മരിപ്പിക്കുന്ന, ‘ചന്തക്കുരങ്ങും അമ്പലക്കുരങ്ങും’ തമ്മിലുള്ള വ്യത്യാസത്തിന് തുല്യമായ ഒരുതരം വിവേചനം ഇന്ത്യയിലെ നഴ്സുമാര്ക്കിടയില് നിലനില്‍ക്കുന്നുണ്ട്.
(8) സര്‍ക്കാര്‍ സര്‍വീസിലെ നഴ്സുമാര്‍ക്ക് മികച്ച സേവന-വേതന വ്യവസ്ഥകള്‍ നിലിവിലുള്ളപ്പോള് സമാന യോഗ്യതയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മിക്കപ്പോഴും അവരുടെ പകുതി ശമ്പളംപോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. 2013 ലാണ് അവസാനമായി സ്വകാര്യ നഴ്സുമാരുടെ ശമ്പളം പരിഷ്ക്കരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ശാസ്ത്രീയമായ പരിഷ്ക്കരണം ഉണ്ടാവും എന്ന വാഗ്ദാനമുണ്ടായിരുന്നു. 2016 ല്‍ സുപ്രീംകോടതി നിയമിച്ച സമിതി സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് തുല്യമായ വേതനം സ്വാകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കും ശിപാര്‍ശ ചെയ്തിരുന്നു. ഇവയൊന്നും ഇന്നുവരെ നടപ്പിലായിട്ടില്ല.
(9) ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരത്തെ തുടര്‍ന്ന് വേതനം വര്‍ദ്ധിപ്പിക്കാമെന്ന് കേരള പ്രൈവറ്റ ഹോസ്പിറ്റല്‍സ് അസോസിയേഷന്, കെ.സി.ബി.സി തുടങ്ങിയ ആശുപത്രി മാനേജ്മെന്റ് സംഘടനകള്‍ സമ്മതിക്കുന്നുവെങ്കിലും കാര്യമായ വര്‍ദ്ധന ഇല്ലെന്നാണ് നഴ്സുമാരുടെ പരാതി. സര്‍വശക്തിയും ഉപയോഗിച്ച് പലതും ത്യജിച്ച് സമരം ചെയ്യുമ്പോള്‍ ‘നിസ്സാരനേട്ടങ്ങള്’ സ്വന്തമാക്കി അവസാനിപ്പിക്കാനാവില്ലല്ലോ. പനികാലത്ത് ആശുപത്രികള്‍ അടച്ചിടുമെന്നും നിലവിലുള്ള രോഗികളെ പറഞ്ഞുവിടുമെന്നും അങ്ങനെ ജനത്തെ നഴ്സുമാര്‍ക്കെതിരെ തിരിക്കുമെന്നുമാണ് നേരിയ വര്‍ദ്ധനവിന് സമ്മതിച്ച മാനേജുമെന്റുകള്‍ ഒളിഞ്ഞുംതെളിഞ്ഞും ഭീഷണിപ്പെടുത്തുന്നത്. തര്‍ക്കത്തില്‍ ഇടപെടുന്ന സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്താനും ഇതേ അടവ് അവര്‍ പ്രയോഗിക്കുന്നു. നഴ്സുമാര്‍ക്ക് ശമ്പളംകൂട്ടിയാല് ഡോക്ടര്‍മാര്‍ക്കും കൂട്ടേണ്ടിവരും എന്നൊക്കെയാണ് വാദങ്ങള്‍!
(10) ”എനിക്ക് പരിചയമുള്ള നഴ്സുമാരെല്ലാം നല്ലവരാണ്”, അല്ലെങ്കില്‍ ”ഞാന്‍ കണ്ടവരെല്ലാം മോശക്കാരാണ്…” എന്ന മുന്വിധികളുമായല്ല ഈ പ്രശ്നത്തെ സമീപിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം അഴിമതിക്കാരാണ് അതിനാല്‍ അവരുടെ ശമ്പളപരിഷ്ക്കരണം അനാവശ്യമാണ് എന്നൊക്കെ വാദിക്കുന്നവരുണ്ട്. ജീവനക്കാരില്‍ 95 ശതമാനവും അഴിമതിക്കാരാണെങ്കില്പ്പോലും ശമ്പളപരിഷ്ക്കരണം അനിവാര്യമാണ്. അഴിമതിരഹിതമായി, കൃത്യനിഷ്ഠതയോടെ, അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്ന, വേറൊരു വരുമാനവുമില്ലാത്ത ഒരു ജീവനക്കാരന് എന്ത് ശമ്പളം കൊടുക്കണം എന്നതിനെ ആസ്പദമാക്കിയാണ് സേവന-വേതനവ്യവസ്ഥ നിശ്ചയിക്കേണ്ടത്. സഹപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ അവന് വീട് പുലര്‍ത്താന്‍ സാധിക്കില്ലെന്നോര്ക്കുക. അതേസമയം, അഴിമതിക്കാരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കേണ്ടതുണ്ട്. സമാനമാണ്, സ്വകാര്യസ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെയും നഴ്സുമാരുടെയും കാര്യം. മാലാഖമാരാണോ മനുഷ്യപറ്റ് ഇല്ലാത്തവരാണോ എന്ന അന്വേഷണമല്ല മറിച്ച് അവര്‍ക്ക് ലഭിക്കുന്ന ശമ്പളം മാന്യമായ ജീവിതം നയിക്കാന്‍ മതിയാകുന്നുണ്ടോ എന്ന ചോദ്യമാണ് പരിഗണിക്കേണ്ടത്.