കുത്തി നിലത്തിട്ടപ്പോഴും ചിരിച്ചു കൊണ്ടാണവൻ താഴെ വീണത് : അര്ജുന് പറയുന്നു..
”വര്‍ഗ്ഗീയ ശക്തികളെ തെല്ലും ഭയക്കുന്നില്ല. മഹാരാജാസില്‍ തന്നെ തുടര്‍ന്ന് പഠിക്കും. ആ പഴയ എസ്എഫ്ഐക്കാരനായി.” ഈ വാക്കുകളോടെയാണ് അര്ജുന് തിരച്ചു വന്നത്. അഭിമന്യുവിന്റെ കൂടെ വര്‍ഗീയവാദികളുടെ കുത്തേറ്റു ചികിത്സയില്‍ കഴിയുന്ന അര്ജുന്, അവന്റെ പ്രിയ സുഹൃത്തിനെ കണ്ണീരോടെ ഓര്‍ക്കുകയാണ്. എം എം ലോറന്‍സും സൈമണ്‍ ബ്രിട്ടോയും അര്‍ജുനെ സന്ദര്‍ശിച്ചപ്പോള്‍ അവന് കണ്ണുകള്‍ നിറഞ്ഞു പറഞ്ഞ വാക്കുകള്‍ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഫേസ്ബുക്കില്‍ പങ്കുവെച്ചു.
സീനയുടെ കുറിപ്പ് വായിക്കാം
” എന്നെ രക്ഷിക്കാൻ വന്ന അഭിമന്യുവിനെ അവർ കുത്തി നിലത്തിട്ടപ്പോഴും ചിരിച്ചു കൊണ്ടാണവൻ താഴെ വീണത് ” ഇതു പറഞ്ഞ് അർജുനന്റെ ദൃഷ്ടികൾ താഴേക്ക് പതിഞ്ഞു. വിങ്ങിപൊട്ടുന്ന മുഖം മറച്ച് തിരിഞ്ഞു കിടന്നു.
സഖാക്കൾ എംഎം ലോറൻസിനേയും, സൈമൺ ബ്രിട്ടോയേയും കണ്ടപ്പോൾ അവൻ വീണ്ടും നിവർന്നിരുന്നു കൊണ്ട് തുടർന്നു ” സഖാവേ ആരോടും പ ക യൊ ദേഷ്യമൊ പരാതിയൊ ഇല്ലാത്തവനായിരുന്നു അഭിമന്യു. നാലു മാസം മുമ്പ് അവനറിയാതെയാണ് ഞങ്ങൾ അഭിയുടെ വീട്ടിലെത്തിയത്. അവൻ വീട്ടിലുണ്ടായിരുന്നില്ല അയൽക്കാരനെ സഹായിക്കാനായി പോയിരുന്നു. കരിം പട്ടിണിയിലും അമ്മയും അഛനും ഞങ്ങളെ സ്വീകരിച്ച് രണ്ടു ദിവസം കൂടെ താമസിപ്പിച്ച് അവന്റെ നാടാകെ കാണിച്ചു തന്നു.
ആ അഛന്റെയും അമ്മയുടെയും സ്നേഹലാളനയോടെ ഞങ്ങൾക്കു തന്ന അംഗീകാരത്തിന് മുന്നിൽ അതിശയിച്ചു പോയി; ഞങ്ങൾ ഇത്രയധികം ബഹുമാനിക്കപ്പെടേണ്ടവരാണോ?
SDPI കാമ്പസ് ഫ്രണ്ട് നരാധമന്മാരുടെ കത്തിമുനയിൽ നിന്നും കഷ്ടി രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് മടങ്ങിവരുന്ന അർജുനന്റെ വാക്കുകൾ ബന്ധുമിത്രാദികളെ കണ്ണീരിലാഴ്ത്തി.
മകനെ തിരിച്ചു കിട്ടിയ അമ്മ സന്തോഷിക്കുമ്പോഴും അവർ പറയുന്നു എന്റെ ഉള്ള് പിടയുന്നു ” അഭിമന്യു ശരിക്കും ഒരു രക്ഷകന്റെ , സമാധാന പ്രിയന്റെ , നേതൃപാടവമുള്ള പൊന്നുമോനെയാണല്ലോ നഷ്ടമായത്. അവനത് സംഭവിച്ചതിൽ നിന്നും ഇനി നമ്മൾ കരുതലോടെയിരുന്നില്ലെങ്കിൽ ഓരോ അമ്മമാർക്കും മക്കളെ നഷ്ടമാകുമെന്നും; ആശുപത്രി Icu വിന്റെ മുന്നിൽ പല പ്രാവശ്യം തലചുറ്റി വീണ് ബോധം വരുമ്പോൾ അഭിയുടെ അമ്മയെ ഓർക്കും… അർജുന്റെ അമ്മ ജെമിനി വിങ്ങലോടെ ഇതു പറയുമ്പോൾ എന്റെ ഉള്ളു പിടഞ്ഞു കൊണ്ടെയിരുന്നു… ഞങ്ങളുടെ വീട്ടിൽ നിന്നും ഹോസ്റ്റലിൽ തിരികെയെത്തുമ്പോൾ അവൻ സന്തോഷത്തോടെ ഞങ്ങളുടെ വിശേഷങ്ങൾ വാതോരാതെ പറയുമെന്ന് അർജുൻ വിവരിച്ചപ്പോൾ എങ്ങനെയെങ്കിലും അഭിമന്യു തിരിച്ചെത്തണമെന്നാഗ്രഹിച്ചു പോകുന്നു…
അഭീ.. നിന്റെ അമ്മയുടേയും അച്ഛന്റെയും കുടുംബത്തിന്റേയും തോരാത്ത കണ്ണുനീരിനൊപ്പം എന്റെ കുടുംബവും നിറകണ്ണുകളോടെ എന്നും നിന്റെ ഓർമ്മയിൽ ജീവിയ്ക്കും…