മന്ത്രി ബാലന്റെ വിരട്ടലേറ്റു, ആതിരയ്ക്ക് ഡിസ്ചാര്‍ജും ആശുപത്രിയുടെ വാഹനവും
വെബ് ഡെസ്ക്
ഡിസ്ചാര്‍ജ് ചെയ്തിട്ടും എസ് പി ഫോര്‍ട്ട് ആശുപത്രി അധികൃതര്‍ ആതിരയെ വിട്ടില്ല. പണം അടച്ചേ മതിയാകു എന്നായിരുന്നു നിലപാട്. സര്‍ക്കാര്‍ പണം അടക്കുമെന്ന് അറിയിച്ചുണ്ടെന്ന് പറഞ്ഞപ്പോള്‍ മന്ത്രിയുടെ കത്തോ ഉറപ്പൊ പോരെന്നായി അധികൃതര്‍. എന്തുചെയ്യണമെന്നറിയാതെ നിന്ന ഈ പട്ടികജാതി കുടുംബം വീണ്ടും മന്ത്രി എ കെ ബാലനെ തേടിയെത്തി. ആതിരയുടെ ചികിത്സാച്ചിലവ് മുഴുവന്‍ സര്‍ക്കാരാണ് വഹിക്കുന്നതെന്ന് അിറയിക്കുകയും ഒരു ലക്ഷം മുന്‍കൂട്ടി അടച്ചിട്ടും താന്‍ പറഞ്ഞത് വിശ്വാസിത്തിലെടുക്കാതെ പട്ടികജാതി കുടുംബത്തെ പീഡപ്പിച്ചാല് അതിന്റെ ഭവിഷത്ത് കൂടി ആശുപത്രി അനുഭവിക്കേണ്ടി വരും എന്ന് എ കെ ബാലന് ആശുപത്രി അധികൃതര്‍ക്ക് കത്തിലൂടെ മറുപടി നല്കി. സാമൂഹ്യപ്രതിബന്ധതയില്ലാതെ പ്രവര്‍ത്തിച്ചാല്‍ നിയമവും സര്‍ക്കാരും ഇവിടെയുണ്ടെന്ന മന്ത്രി ബാലന്റെ ഓര്‍മ്മപ്പെടുത്തല്‍ ശരിക്കും ഏറ്റു. ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് പറഞ്ഞ് ആതിരയെ തടഞ്ഞുവെച്ച എസ്പി ഫോര്‍ട്ട് ആശുപത്രി അധികൃതര്‍ ആതിരയ്ക്ക് സ്വന്ത ആംബുലന്‍സ് വരെ വിട്ടുനല്‍കി.
സഹപാഠികളുടെ പീഡനം സഹിക്കവയ്യാതെ ഓടിരക്ഷപ്പെടുന്നതിനിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അപകടത്തില്‍പ്പെട്ട സ്വകാര്യ ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആതിരയ്ക്കാണ് സ്വകാര്യ ആശുപത്രി അധികൃതരുടെ പീഡനവും സഹിക്കേണ്ടി വന്നത്. ശാസ്തമംഗലം കൊച്ചാര്‍ റോഡില്‍ പുല്ലയില്കോണം തുണ്ടുകട്ടയ്ക്കല് വീട്ടില്‍ സാബു ഇന്ദിര ദമ്പതികളുടെ മകളാണ് ആതിര. തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയിലെ കോഴ്സിന്റെ ഭാഗമായ ട്രെയിനിംഗിനിടെ കോഴിക്കോട് വിമാനത്താവളത്തിന് സമീപമുള്ള ന്യൂമാന്‍ ലോഡ്ജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് ആതിരയ്ക്ക് പരിക്ക് പറ്റിയത്.
പട്ടികജാതിക്കാരിയായ ആതിരയെ സ്ഥാപനമേധാവി തന്നെ ജാതിപറഞ്ഞ് അധിക്ഷേപിച്ചതായി പരാതി ഉണ്ടായിരുന്നു. സഹപാഠികളും നിരന്തരം ഉപദ്രവിച്ചിരുന്നു. സ്ഥാപനമേധാവികള്‍ ഇടപെട്ട് അപകടം ആത്മഹത്യശ്രമമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആതിരയുടെ അമ്മയും കുടുംബാംഗങ്ങളും സംസ്ഥാന പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലനെ കണ്ട് കാര്യം പറഞ്ഞതോടെ കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കാതായി. കൂടാതെ ആതിരയുടെ മുഴുവന്‍ ചികിത്സാച്ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ആദ്യഘട്ടമായി ഒരു ലക്ഷം രൂപ അനുവദിച്ചുനല്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് 06.12.2017 ന് വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അടിയന്തിരമായി ചികിത്സ ധനസഹായം അനുവദിക്കാന്‍ ഉത്തരവിട്ടു എന്നാണ്. കൂടാതെ കൊണ്ടോട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ചേര്‍ക്കണമെന്നും സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും മന്ത്രി പറയുന്നു. ജാതിയുടെയോ ദാരിദ്ര്യത്തിന്റെയോ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പഠനം മുടങ്ങാന്‍ പാടില്ല. അത്തരം അവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കും. ആതിരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും തുടര്‍പഠനത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും എന്നുമാണ് മന്ത്രിയുടെ വാക്കുകള്‍. തൊട്ടടുത്ത ദിവസം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ മന്ത്രി തന്നെ നേരിട്ട് ആതിരയെ സന്ദര്‍ശിക്കുകയും ആശുപത്രി അധികൃതരോട് ചികിത്സാച്ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പുപറയുകയും ചെയ്തു.
7,42,000 രൂപയുടെ ബില്ലാണ് ആശുപത്രി കുടുംബത്തിന് നല്‍കിയത്. മൂന്നര ലക്ഷം രൂപയുടെ മരുന്ന് കുടുംബം ആശുപത്രിയില്‍ നിന്നു തന്നെ റൊക്കം പണം നല്കി വാങ്ങുകയും സര്‍ക്കാര്‍ ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെയാണ് മന്ത്രി തന്നെ നേരിട്ട് നല്കിയ ഉറപ്പ്. എന്നിട്ടും തുക മുഴുവന്‍ അടക്കാതെ വിടില്ലെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തിട്ടും ആതിരയെ ആശുപത്രിയില്‍ തടഞ്ഞുവെക്കുകയായിരുന്നു.
സാധാരണ കുടുംബത്തില്‍ ജനിച്ച് കഷ്ടപ്പെട്ട് പഠനം നടത്തിയ ആതിര പട്ടികജാതി വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിരവധി പീഡനങ്ങള്‍ അനുഭവിച്ചു. രണ്ടാമതും ജീവിതത്തിലേക്ക് തിരികെ വന്ന ആതിരയെ ആശുപത്രി അധികൃതരും പീഡിപ്പിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. സ്വകാര്യ ആശുപത്രികളുടെ കച്ചവടമനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ആതിര.
ഫോട്ടോ : മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും