വര്‍ഗ്ഗീയതയ്ക്കെതിരെ വിശാലസഖ്യമെങ്കില്‍ താനും അതിന്‍റെ ഭാഗം : പ്രകാശ് രാജ്

Sharing is caring!

വെബ് ഡസ്ക് 

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞ നടന്‍ പ്രകാശ് രാജ് ആവശ്യമെങ്കില്‍ വിശാലസഖ്യത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. മത്സരിക്കുന്ന ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് താരം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. ഇത് കോണ്ഗ്രസിന് തലവേദന സൃഷ്ടിക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. പ്രകാശ് രാജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വരുന്നത് ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നുചേരും. ചിലപ്പോള്‍ ബിജെപിക്ക് തന്നെ വിജയവും വന്നേക്കാം. ഇത് മുന്നില്‍ കണ്ടാണ് വര്‍ഗ്ഗീയശക്തികള്‍ക്കെതിരെ പോരാടാനാണ് വിശാലസഖ്യം തെരഞ്ഞെടുപ്പിലിറങ്ങുന്നതെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞത്.

ആവശ്യമെങ്കില്‍ പിന്തുണയ്ക്കുമെന്ന താരത്തിന്‍റെ വാക്കുകള്‍ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. എന്നാല്‍ ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുകയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിട്ടുണ്ട്. വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ തന്‍റെ പിന്തുണ ആവശ്യമെന്ന് തോന്നിയാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. മൂന്ന് മാസത്തില്‍ കൂടുതല്‍ ഇന്ത്യയിലെ നിലവിലുള്ള ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ല. തെരഞ്ഞെടുപ്പുകള്‍ പോലും ജാതിയുടെയും സമ്പത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഓരോ രാഷ്ട്രീയപാര്‍ട്ടിയും ഏതെങ്കിലും മതവുമായോ സമുദായവുമായോ ആണ് ബന്ധപ്പെട്ടുകിടക്കുന്നത്. അത് അവയെ വീണ്ടും വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണെന്നും താന്‍ വര്‍ഗ്ഗീയതയ്ക്ക് എതിരാണെന്നും പ്രകാശ് രാജ് പറഞ്ഞു.

പ്രകാശ് രാജ് പഠിച്ചതും വളര്‍ന്നും വിദ്യാഭ്യാസം നേടിയതും ബംഗളൂരുവിലാണ്. സിനിമയിലേക്ക് എത്തിയതും ബംഗളൂരുവില്‍ നിന്നുതന്നെ. സ്വന്തം മണ്ഡലം എന്ന നിലയിലാണ് പ്രകാശ് രാജ് ബംഗളൂരുവില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് വേണ്ടതെന്താണോ അതാണ് തന്‍റെ പ്രകടനപത്രികയില്‍ ഉണ്ടാവുകയെന്നാണ് തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങിയ താരം പറയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com