മുഖ്യമന്ത്രി പറഞ്ഞ ആ പുതിയ കേരളത്തില്‍ നിന്നും ഇവരൊക്കെ പുറത്താണ്

Sharing is caring!

വെബ്‌ഡസ്ക്

കേരളത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ വലിയൊരു പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നത് മലയാളികള്‍ തന്നെയാകുമ്പോഴോ.? രാഷ്ട്രീയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുള്ള സമയമിതല്ലെന്ന് എത്ര പറഞ്ഞിട്ടും ചെവിക്കൊള്ളാത്തവരുണ്ടിവിടെ. ജാതി, മത സംഘങ്ങളും തങ്ങളുടെ അപ്രമാധിത്വവുമായി മുന്നിലുണ്ട്. ഇതെല്ലാം ഒരു ദുരിതാശ്വാസ ക്യാമ്പിലാണെന്നോര്‍ക്കണം.
മഴക്കെടുതി തുടങ്ങിയത് മുതല്‍ പ്രചരണവും തുടങ്ങിയിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍ പോയതാണ് മഴക്കെടുതിക്ക് കാരണം എന്നായിരുന്നു ആദ്യത്തെ പ്രചരണം. സ്ത്രീകള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഇത് നടത്തിയത്. മഴക്കെടുതി പ്രളയമായപ്പോഴും പമ്പാനദി കരകവിഞ്ഞ് ഒഴുകിയപ്പോഴും അയ്യപ്പന്‍മാര്‍ നദിക്കരയില്‍ കുടുങ്ങിയപ്പോഴും ഇത് വ്യാപകമായി തുടര്‍ന്നു.

പിന്നീട് വലിയ കെടുതിയിലേക്ക് കേരളം നീങ്ങി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ പ്രളയത്താല്‍ വിറങ്ങലിച്ചു. കേരളം ഒറ്റക്കെട്ടായി നേരിടാനൊരുങ്ങി. സംസ്ഥാന സര്‍ക്കാരും, കേന്ദ്രസര്‍ക്കാരും, സര്‍ക്കാര്‍ സംവിധാനങ്ങളും പ്രളയത്തിനെതിരെ ഒരുങ്ങി. സൈന്യവും മത്സ്യത്തൊഴിലാളികളും സജീവമായി. കൂടെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ സൈനത്തെ പൂര്‍ണ ചുമതല ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുകയുണ്ടായി. ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയ ചാനലുകള്‍ ഇത് അന്തിച്ചര്‍ച്ചയാക്കി. ‘സൈന്യം മാത്രമല്ല, നാം എല്ലാവരും’ എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സര്‍ക്കാരിന്‍റെ ഈ നിലപാടാണ് ശരിയെന്ന് ഒരു മലയാളി സൈനികന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതോടൊപ്പം ഇന്ത്യന്‍ നേവിയും സൈന്യവും ഈ നിലപാടിനെ ശരിവെച്ച് മുന്നോട്ട് വന്നു. അപ്പോഴേക്കും സൈനികന്‍റെ തന്നെ വേഷത്തില്‍ വീഡിയോയില്‍ വന്നായി വ്യാജപ്രചരണം. പ്രതിപക്ഷനേതാവ് പറഞ്ഞവാക്കുകളെ ഉപയോഗിച്ച് സര്‍ക്കാരിന്‍റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വരുത്തിത്തീര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. സ്വയം രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്ന സംഘപരിവാറുകാരുടെ നേതൃത്വത്തിലാണ് ഇത് നടന്നത്. ഇയാള്‍ക്കെതിരെ പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. സൈനിക വേഷം ദുരുപയോഗം ചെയ്തതും വ്യാജപ്രചരണവുമാണ് കേസിന് ആധാരം.

ഇതോടൊപ്പം തന്നെയാണ് ഡാം പൊട്ടാന്‍ പോകുന്നു എന്ന ഓഡിയോ സന്ദേശം വാട്സ് ആപ്പുകളില്‍ പ്രചരിച്ചത്. ഒരു യുവാവിന്‍റെ ശബ്ദമായിരുന്നു അത്. ഡാം പൊട്ടിയെന്നും അയാള്‍ നേരില്‍ അനുഭവിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഇതെല്ലാം മറച്ചുവെക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഒരാള്‍ പറഞ്ഞെന്നുമൊക്കെയാണ് ഓഡിയോ സന്ദേശത്തിലുള്ളത്. ദുരന്തബാധിത മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തരാകും മുന്‍പെ അധികാരികളുടെ ശ്രദ്ധയില്‍ ഈ സന്ദേശം വന്നത് കൊണ്ടാണ് വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ പോകാതിരുന്നത്. ഈ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തെന്ന് അറിയുന്നു.

സ്വയം ബിജെപിക്കാരന്‍ എന്ന വിശേഷണവുമായാണ് സുരേഷ് കൊച്ചാട്ടില്‍ വന്നത്. ഇംഗ്ളീഷിലായിരുന്നു ഓഡിയോ. എറണാകുളത്ത് എത്തിയെങ്കിലും സ്വദേശമായ കരുവന്നൂരിലേക്ക് പോകാന്‍ പറ്റുന്നില്ലെന്നും പ്രളയത്തില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നും പറഞ്ഞാണ് ഓഡിയോ തുടങ്ങുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളത്തിന് പണമോ, ഭക്ഷണ സാധനമോ ആവശ്യമില്ലെന്നാണ് സുരേഷിന് ബോധ്യപ്പെട്ടത്. കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കേരളത്തിന് അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ ഇറക്കണമെന്നും സര്‍ക്കാരിന് പണം കൊടുക്കാതെ സേവാഭാരതിക്ക് കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഈ സന്ദേശം അവസാനിക്കുന്നത്. സ്വയം സന്നദ്ധപ്രവര്‍ത്തകരായി മത്സത്തൊഴിലാളികളും യുവാക്കളും സ്ത്രീകളും രംഗത്തുണ്ടാകുമ്പോഴാണ് ഈ പ്രചരണം നടക്കുന്നത്. ദുരന്തബാധിതപ്രദേശങ്ങളില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അപമാനിക്കുന്നതാണ് ഇത്തരം പ്രചരണങ്ങള്‍.

പുതിയ പ്രചരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് നേരെയാണ്. ഓഖി ഫണ്ട് വകമാറ്റി ചിലവഴിച്ച പിണറായി വിജയന്‍ സര്‍ക്കാരിന് സഹായം നല്‍കരുതെന്നും, സേവാഭാരതിക്ക് സഹായം എത്തിക്കണമെന്നും. ഓഖി ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ 20 ലക്ഷവും കേന്ദ്രസര്‍ക്കാരിന്‍റെ 2 ലക്ഷവും വിതരണം ചെയ്തത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇതോടൊപ്പം ദുരന്തബാധിതര്‍ക്ക് വില്ലേജ് ഓഫീസുകളില്‍ നിന്നും പതിനായിരം രൂപ വീതം അടിയന്തിര സഹായം നല്‍കുന്നുണ്ടെന്നും പ്രചരണം ഉണ്ടായി. വ്യാജ പ്രചരണം കേട്ട് ആളുകള്‍ സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ചെന്നാല്‍ ഉണ്ടായേക്കാവുന്ന അപകടം ചെറുതല്ലെന്ന് ഇത് പ്രചരിപ്പിക്കുന്നവര്‍ക്കും അറിയാം. ലോകത്തെമ്പാടുനിന്നും കേരളത്തിന് സഹായം ലഭിക്കുന്ന സാഹചര്യത്തില്‍ തെറ്റായ പ്രചരണം നടത്തുന്നത് കേരളത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നത് വ്യക്തമാണ്.

നൂറ്റാണ്ടിന് ശേഷം കേരളം വലിയൊരു പ്രളയത്തെ അതിജീവിക്കുകയാണ്. 91 ലെ വെള്ളപ്പൊക്കം എന്നു പറയുന്ന 1924 ല വെള്ളപ്പൊക്ക കാലത്തുള്ളവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കേട്ടറിവ് മാത്രമാണ് നമുക്ക് ആ വെള്ളപ്പൊക്കം. പിന്നീട് ചെറുതും വലുതുമായ ദുരന്തങ്ങള്‍ കേരളത്തിലുണ്ടായെങ്കിലും ഇത്രയും വലിയ ദുരന്തം കേരളം ഇതിന് മുന്‍പ് കണ്ടിട്ടില്ല. അതിജീവിക്കുക എന്നത് നിസാര കാര്യമല്ല. കുറ്റങ്ങളും കുറവുകളും ഉണ്ടാകും. അത് പ്രചരിപ്പിക്കുക എന്നതിന് പകരം പരിഹരിക്കുക എന്നതിനാണ് ഇനിയുള്ള നാളുകളില്‍ പ്രാമുഖ്യം നല്‍കേണ്ടത്. ഒറീസ്സയിലും മറ്റും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വീടുകളില്‍ കൊള്ളനടത്തിയവരെ കുറിച്ച് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഇത് കേരളത്തിലുണ്ടാവില്ല എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇവിടെ ആലപ്പുഴയിലും പത്തനംതിട്ടയിലും പല വീടുകളിലും മോഷണം നടന്നിട്ടുണ്ട്. ഈ കൊള്ളക്കാരുടെ കൂടെ ചേര്‍ക്കേണ്ടവരാണ് വ്യാജപ്രചാരകരും. ഈ രണ്ട് കൂട്ടരെയും നമുക്ക് തള്ളിക്കളയാം. പുതിയ ഒരു കേരളം സൃഷ്ടിക്കും എന്ന മുഖ്യമന്ത്രിയുടെ ഇന്നത്തെ വാക്കുകളിലൂടെ ഇനി ഒരുമിച്ച് മുന്നോട്ട് നീങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com