”മുങ്ങി താഴുന്നത് ഒരു പിഞ്ചു കുഞ്ഞാണ്..” കണ്ണ് നനയാതെ വായിച്ചു തീര്‍ക്കാനാകില്ല ഈ കുറിപ്പുകള്‍

Sharing is caring!

അഭിലാഷ് എം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പുകള്‍.. 

സന്തോഷിയ്ക്കേണ്ട സമയമൊന്നുമായില്ല. എന്നാലും ഫേസ്ബുക് കുത്തൊഴുക്കിൽ ഇതൊന്നും മറന്നുപോവാതിരിയ്ക്കാൻ ഇവിടെ ചേർത്തുവയ്ക്കുന്നു. ഭാരതരത്നമൊന്നും വേണ്ട, കേരളത്തിന്റെ സ്വന്തം രത്നങ്ങൾ. മലയാളി എന്ന പദത്തിന് പുതിയ അർത്ഥങ്ങളും മാനങ്ങളും നൽകിയവർ.

ചെങ്ങന്നൂർ പാണ്ടനാട് വിവേകാനന്ദ സ്കൂളിനു സമീപമുള്ള ബാലാശ്രമത്തിൽ 5 വയസിനും 10 വയസിനും ഇടയിലുള്ള മുപ്പതോളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്. രക്ഷാപ്രവർത്തകർക്കു കടന്നു ചെല്ലാനാവാത്ത വിധം പലയിടത്തും നല്ല കുത്തൊഴുക്കായിരുന്നു. വെള്ളം നിറഞ്ഞ റോഡിൽ നിന്നും ഇടയ്ക്കുള്ള ഞെരുങ്ങിയ വഴികളിലൂടെയായിരുന്നു പോകേണ്ടത്. ഇന്നു ഞങ്ങളുടെ ദൗത്യസംഘത്തിൽ ചേർന്ന ചെങ്ങന്നൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷൈബു സാർ ഞങ്ങളോടു പറഞ്ഞു, എന്തായാലും അവരെ രക്ഷിച്ചേ പറ്റൂ. എന്റെ കൂടെയുള്ള ധീരൻമാരായ പൂന്തുറയിലെ ചുണക്കുട്ടികൾ #CoastalWarriorsശ്രമം ഏറ്റെടുത്തു…..വെള്ളം നിറഞ്ഞ മെയിൻ റോഡിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ് ഇടവഴികളിലൂടെ 100 മീറ്ററോളം ഉള്ളിലെത്തണം ബാലശ്രമത്തിലെത്താൻ. പല മതിലുകളിലും മരങ്ങളിലുമുരഞ്ഞ് ഞങ്ങൾ ബാലാശ്രമത്തിലെത്തി. കുട്ടികൾ രണ്ടാം നിലയിൽ. അകത്തെ മുറിയിൽ നമ്മുടെ #CoastalWarrierടനീന്തിക്കയറിയപ്പോൾ അവിടെ ഒരു പശുവിനെ കെട്ടിയിരിയ്ക്കുന്നു. അതിന്റെ സമീപത്തു കൂടി മുകൾ നിലയിൽ കയറി 27 കുട്ടികൾ ഉൾപ്പെടെ 28 പേരെ രക്ഷിയ്ക്കാൻ സാധിച്ചു.(Johny Chekkitta)

എല്ലാവരും രക്ഷാപ്രവര്‍ത്തനം നിര്‍ത്തി ഫീല്‍ഡില്‍ നിന്ന് തിരികെ പോന്ന ശേഷം എന്‍റെ അപ്പച്ചന്റെ പ്രായമുള്ള ഒരു മത്സ്യതൊഴിലാളി രാത്രി പത്ത് മണിക്ക് കണ്‍ട്രോള്‍ സെന്‍ററില്‍ വന്ന് കരഞ്ഞു കൊണ്ട് എന്‍റെ കൈ പിടിച്ചു. “മോനെ ഇവിടുത്തെ സാറന്മാര്‍ ഇനി പോകാന്‍ സമ്മതിക്കുന്നില്ല . പതിനഞ്ചു പേര്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരു കടവില്‍ ഞങ്ങളെ കാത്ത് നില്‍ക്കുന്നു. തിരിച്ചു ചെല്ലാം എന്ന് പറഞ്ഞിട്ടാണ് ഞങ്ങള്‍ പോന്നത്. ഞങ്ങള്‍ രാത്രി കടലില്‍ പണി ചെയ്യുന്നവരാണ്”. “എന്തൊരു മനുഷ്യന്‍ !” , ഞാന്‍ സീറ്റില്‍ നിന്ന് ചാടിയെണീറ്റു പോയി. (Joy Sebastian)

ബൊലീറോയുടെ മുകളിൽനിന്നുമാണാ ചെറുപ്പക്കാരൻ ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞ് കയറിയത്. ഏതാണ്ടൊരു രണ്ടാൾ പൊക്കത്തിൽ മുകളിൽ നിന്നും താഴോട്ട് വീണു.വീണ്ടും ചാടിയെണീറ്റ് കയറുകയാണ്.തണ്ണീർമുക്കം കല്ലറ റൂട്ടിൽ കല്ലറയോട് ചേർന്നാണ്. വഴിയിൽ രണ്ടടിക്ക് മുകളിൽ വെള്ളം. വഴിയിൽ ശക്തമായ ഒഴുക്കാണ്.ഒരു വണ്ടിപ്പാട് വീതിക്ക് ഇരുവശത്തും നിൽക്കുകയാണ് ആ ചെറുപ്പക്കാർ, ഏതാണ്ട് നൂറ് മീറ്ററിൽ അധികം ദൂരം. വണ്ടിയോടിക്കുന്നവർക്ക് വഴിതെറ്റാതിരിക്കാനായാണവർ ഇങ്ങനെ നിൽക്കുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപ്പോൾ അവർ ആംഗ്യം കാണിക്കും.”കാല് കൊടുത്ത് വേഗം പോ, നിന്നുപോയാൽ പണിയാകും” എന്നാണവർ ഓരോ ഡ്രൈവർമാരോടും പറഞ്ഞുകൊണ്ടിരിക്കുന്നത്.ഓരോരുത്തരും കാലു കൊടുത്തു വേഗത കൂട്ടുമ്പോൾ വെള്ളം അവരുടെ ശരീരത്തിലേക്ക് അടിച്ചു കയറുകയാണ്. അവർക്ക് വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. പക്ഷേ ചിരിച്ചുകൊണ്ടവർ പറയുകയാണ് “ഭയപ്പെടേണ്ട, ചവിട്ടി വീടൂ, ഞങ്ങളുണ്ട്”.വെളിച്ചമില്ലവിടെ. അതുകൊണ്ട് വലിയ ലൈറ്റ് പോസ്റ്റിൽ കെട്ടാൻ കയറിയതാണാ ചെറുപ്പക്കാരൻ. (Jinesh PS)

എബിൻ രാജ് ,ക്യാമ്പ് തുടങ്ങിയ അന്നു മുതൽ ദിവസവും മുണ്ടേരി ക്യാമ്പിലേക്ക് ബത്തേരിക്കടുത്ത വാകേരിയിൽ നിന്നും 30 കിലോമീറ്റർ ബൈക്കോടിച്ച് പുലർച്ചെ തന്നെ എത്തും. ക്യാമ്പിലെ സകല കാര്യങ്ങളും നേതൃപരമായി കണ്ടറിഞ്ഞ് ചെയ്യും.രാത്രി വൈകി സകല പണികളും തീർന്നാൽ ബൈക്കിൽ തിരിച്ച് വാകേരിക്ക്. ഈ ദിവസങ്ങളത്രയും തൊഴിൽ സ്ഥാപനത്തിൽ നിന്നും അവധി.(Arjun Sivaraman)

മൂന്നു രാത്രികള്‍ കഴിഞ്ഞു ഒന്നുറങ്ങിയിട്ട്. പെരുമഴയത്തും ഓട്ടമാണ്. വെള്ളി – ശനി മുഴുക്കെ തൃശ്ശൂര്‍ പലയിടങ്ങളില്‍ ജീവിതത്തെ കൈവിടാന്‍ മനസില്ലാത്ത, വെറും പ്രതീക്ഷകളില്‍ മാത്രം ജീവിക്കുന്ന നൂറു കണക്കിന് മനുഷ്യരുടെ ഇടയിലായിരുന്നു. പ്രളയത്താല്‍ തൃശ്ശൂര്‍ ഭാഗത്തെ അവസ്ഥ മോശമാകുന്നു എന്ന് തോന്നാന്‍ തുടങ്ങിയപ്പോത്തന്നെ കിട്ടിയ ഭക്ഷണ സാധനങ്ങളും വെള്ളവുമായി തൃശ്ശൂര്‍ക്ക് പുറപ്പെടാന്‍ ഒരുങ്ങി. കൂടെ രണ്ടു സുഹൃത്തുക്കള്‍ Nisam Asafam & Vishnu Pvh …. ഒപ്പം എന്തിനും തയാറായി നിന്ന Ranjith Antony, Vidya Abhilash, Nandakumar MN , Mahesh Pazhanimala , Sudheesh Kumar അങ്ങിനെ പലരും. വഴിയില്‍നിന്നും പിന്നെയും പിന്നെയും സുഹൃത്തുക്കളുടെ സഹായം. ഷോര്‍ണൂര്‍ വിട്ടങ്ങോട്ട് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ബ്ലോക്കില്‍ നിന്നും, ഞങ്ങളുടെ വണ്ടിയെ കടത്തി വിടാന്‍ വേണ്ടി എത്രയോ മനുഷ്യര്‍. വഴി നിറയെ “മനുഷ്യര്‍ മാത്രം”. അഞ്ചു മണിക്ക് തൃശൂര്‍ എത്തിയതുമുതല്‍ ഈ സമയം വരെയും ജീവിതത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കൂടെയായിരുന്നു.(Shaji Mullookkaaran)

ഈ നേരം വരെ എന്നോടൊപ്പം ഉണർന്നിരുന്ന കൂട്ടുകാരെ ചേർത്തു പിടിക്കുന്നു. അയ്യായിരത്തിൽപ്പരം കേസുകൾ രക്ഷാ പ്രവർത്തക ശ്രദ്ധയിൽ എത്തുകയും തീവ്രപരിഗണന വേണ്ട നാനൂറ്റി എഴുപത് കേസുകൾ എയർ ലിഫ്റ്റിങ്ങിലും നേവി ബോട്ടുകളിലും എത്തുകയും ചെയ്ത പ്രവർത്തനമാണ് കടന്നു പോയത്. നമ്മൾ കൊടുത്ത പട്ടികയിലെ വലിയൊരു ശതമാനം മനുഷ്യരെയും രക്ഷപ്പെടുത്താനായിട്ടുണ്ട് എന്ന് അറിയുന്നു.(Sreechithran Mj)

മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ടുകളുമായി പോകുന്നു.‌ മതിലുകളിലും വീടുകളിലും ഇടിച്ചും, മരങ്ങൾ വെട്ടിമാറ്റി വഴിയുണ്ടാക്കിയും പാമ്പിന്റെയും മറ്റ് ഇഴജന്തുക്കളുടെ ഇടയിലൂടെ നീന്തിയും ഒരേസമയം മുപ്പതും നാൽപ്പതും ആളുകളെ രക്ഷപ്പെടുത്തി തിരികെപോകുന്നു. വലിയ മീൻ കൂട്ടങ്ങൾ കാണുമ്പോൾ ഉണ്ടാകുന്ന ഉത്സാഹത്തോടും ആവേശത്തോടും വീണ്ടും പോകുന്നു. വേഗതയിൽ തിരിച്ച് വരുന്നു. ഒരുദിവസം തന്നെ നൂറും ഇരുന്നൂറും ആളുകളെ രക്ഷപ്പെടുത്തുന്നു. മടിപ്പില്ലാതെ വീണ്ടും പോകാൻ തയ്യാറെടുക്കുന്നു. പോലീസ്കാർ വിലക്കും വരെ രക്ഷാപ്രവർത്തനം സജീവമാക്കുന്നു. തിരുവനന്തപുരം മരിയനാടിലെ മൂന്ന് വള്ളക്കാർ രക്ഷാപ്രവർത്തനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ചെങ്ങന്നൂർ താലൂക്ക് ആഫിസിനടുത്തുള്ള ക്യാമ്പിൽ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല! സമയം: 2: 00 am 19 ആഗസ്റ്റ് 2018. NDRF ന്റെ ബോട്ടിൽ കയറാൻ ദുരന്തമുഖത്തുള്ളവർ തയ്യാറാകുന്നില്ല. കാരണം അവർ മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ കയറാനാണ് കൂടുതൽ താല്പര്യം കാണിക്കുന്നത്. (Johnson Jament)

കോഴിക്കോട്ടുകാരുടെ ദുരന്തത്തോടുള്ള പ്രതികരണവും, അതൊഴിഞ്ഞപ്പോൾ അവർ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് ദുരിതാശ്വാസവുമായി ഉടനെത്തന്നെ പോയതുമെല്ലാം വിവരിയ്ക്കുമ്പോൾ കണ്ണുനിറഞ്ഞു തൊണ്ടയിടറി വാക്കുമുട്ടിപ്പോയ കോഴിക്കോട് കളക്റ്റർ (from MediaOne)

മെഡിക്കൽ സ്റ്റോറിലേക്കു നടക്കുമ്പോ കാഴ്ചക്കുറവുള്ള ഒരമ്മൂമ്മ കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ നീട്ടി “ഇതെത്രയാ മോളേന്നു ചോദിച്ചു “. പെൻഷൻ എടുത്തു വന്നതാവുമെന്നു തോന്നി എണ്ണിത്തിട്ടപ്പെടുത്തികൊടുത്തു .നോട്ടുകൾ മുഷിഞ്ഞിരുന്നു .പെൻഷൻ അല്ലെന്നു മനസ്സിലായി . ആകെ 2050 രൂപയുണ്ട് .പിന്നെ പത്തിന്റെ ചില്ലറയും . ആ പണം ഒരു പരിചയവുമില്ലാത്ത എനിക്ക് നേരെ നീട്ടിയിട്ടു അമ്മൂമ്മ – “മക്കളേ ഇതുകൊണ്ട് പെൺപിള്ളേർക്ക് തൊട്ടൂടാതാവുമ്പോ വയ്ക്കണ ആ സാധനം കടേന്ന് വാങ്ങിക്കണം .പിന്നെ കുറച്ചു ബാടീം (ബ്രേസിയർ ). ഓണത്തിന് കൊച്ചുങ്ങൾക്കു വല്ലോം വാങ്ങിക്കാൻ വച്ചതാണ് .ഓരോ പെങ്കൊച്ചുങ്ങളകാര്യം പറേണ കേട്ടിട്ട് എന്തരോണം.എവിടേക്കൊടുക്കണോന്ന് അറിഞ്ഞൂട മക്കളിത്തിരി കൊണ്ട് കൊടുക്കോ ” (random -lost track)

ഇന്ന് നേരം വെളുക്കുമ്പോൾ കോഴിക്കോട്
DTPC യിൽ അവശ്യ വസ്തുക്കളും മരുന്നുകളുമായി ആദ്യമെത്തിയത് കർണാടകയിലെ കാർവാറിൽ നിന്നുള്ള സംഘം.
തൊട്ടു പുറകെ മൂന്ന് ലോറികളുമായി
കാസർകോട്ടെ ഗ്രാമീണയുവാക്കൾ. (Umesh Vallikkunnu)

Truck driver Shafi, he drove to Trichur yday, through some impossible stretches too… Then came back to Tvm and is now once again driving back his loaded truck to Trichur and beyond. His house is under water in Calicut. His wife and kid at the moment stranded. He hopes his relatives will rescue them. But you should see and hear the passion in his eyes and voice as he says he wants to reach foodstuffs to marooned ppl in Alwaye, Trichur etc. Especially to the rescued elderly people as he says they remind him of his aged parents. (Random – lost track)

ഒരു വീഡിയോയിൽ സ്ത്രീകൾക്ക് ബോട്ടിലേയ്ക്ക് കയറാൻ വെള്ളത്തിൽ മുട്ടുകുത്തിനിന്നുകൊടുക്കുന്ന ഒരാൾ. മൂന്നു നാല് സ്ത്രീകൾ അയാളുടെ പുറത്തു ചവിട്ടി കയറി. പശ്ചാത്തലത്തിൽ ഒരാളുടെ ശബ്ദം : “അത് ഒര് മൻഷ്യനാണ്, കല്ലല്ല , അതോർത്താ മതി ങ്ങള്” (Random – and this will go up in the list a long way)

പനി പിടിച്ചു കിടക്കുകയായിരുന്നു ഷമ്മാസ് , രാവിലെ ഒരു പത്തേ മുപ്പതു ആയപ്പോൾ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴക്കലക്കണ്ടി പുഴയിൽ ഒരു കുഞ്ഞു തല കണ്ടത് പോലെ തോന്നിയ ഉമ്മ ഷമ്മാസിനെ വിളിച്ചു . ഒന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തു ചാടിയ ഷമ്മാസ് സംശയം തോന്നിയ സ്ഥലത്തേക്ക് നീന്തി ചെന്നു. മുങ്ങി താഴുന്നത് ഒരു പിഞ്ചു കുഞ്ഞു തന്നെയാണ് . അയൽവാസിയായ മൂന്നു വയസ്സുള്ള കുഞ്ഞു. വീട്ടുകാരുടെ കണ്ണൊന്നു തെറ്റിയപ്പോൾ മുറ്റത്തിറങ്ങിയ കുഞ് കാല് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു . കുട്ടിയേയും കയ്യിൽ പിടിച്ചു ഷമ്മാസ് കരയിലേക്ക് നീന്തിയടുത്തു (Random).

പുനലൂർ കാര്യറയിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നും : ജീവനും കയ്യില്പിടിച്ചുള്ള ഓട്ടമായിരുന്നു. അതിനിടയിൽ തന്റെ മൂന്നു പൂച്ചക്കുട്ടികളെക്കൂടി ഒരു ബോക്സിലെടുത്തു കൊണ്ടാണ് ഒരു കൊച്ചുപയ്യൻ വീട്ടിൽ നിന്നിറങ്ങിയത്. ക്യാംപിൽ അവർക്കെല്ലാം സുഖം. (Shameer)

ആഗസ്റ്റ് 17 രാവിലെ ബാങ്കിൽ എത്തുമ്പോൾ പുറത്തു 70 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരു വൃദ്ധൻ നിൽക്കുന്നു. മൽസ്യ തൊഴിലാളി ആണ്. ക്ഷേമ പെൻഷനുകൾ വാങ്ങിക്കാൻ ബ്രാഞ്ചിൽ വന്നു കണ്ടിട്ടുണ്ട്. പരിചയം ഒന്നുമില്ല. എന്തേ ഇത്ര നേരത്തെ എന്നു ചോദിച്ചപ്പോൾ കുറച്ചു പണം എടുക്കണം എന്നു പറഞ്ഞു. ലോഗിൻ ചെയ്ത് ഇടപാടുകൾ തുടങ്ങുമ്പോഴേക്കും 4 പേർ കൗണ്ടറിൽ നിൽക്കുന്നുണ്ട്. കണ്ണൂർ അഴിക്കോട് ഭാഗത്തുനിന്നും ഇന്നലെ കുറച്ചു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയല്ലോ എന്നു അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി..’ അതേ മോനെ, രാത്രി 12 മണിക്കാണ് ബോട്ട് വിടണം എന്നു തീരുമാനിക്കുന്നത്. 25 ബോട്ടുകൾ, തൊഴിലാളികളും പോലീസും ലോറിയിൽ കയറ്റി കൊണ്ട് പോയി. എല്ലാം കഴിയുമ്പോഴേക്കും രാവിലെ ആയി. കൂടെ പോയവന്മാരുടെ വീടുകളിലേക്ക് കുറച്ച് അരിയും സാധനവും മേടിക്കണം. 4000 രൂപ പാസ്സ്ബുക്കിൽ ഉണ്ട്. അത് വേണം.. ‘ (Amal Ravi)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com