ദുരിത ജീവിതത്തിലും പെന്ഷന് തുക ദുരിതാശ്വാസത്തിന്.. മാതൃകയായി സത്യശീലന്
കേരളമൊന്നടങ്കം കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ ചിലര്‍ നമുക്ക് വഴികാട്ടും. അങ്ങനെയൊരാളാണ് കോഴിക്കോട്ടുകാരന് സത്യശീലന്. മകള്‍ക്ക് ഭിന്നശേഷിയാണ്. മരുമകള്‍ കാന്‍സര്‍ ചികിത്സയില്‍. ലോക്ക് ഡൗണില്‍ മകന്റെ വരുമാനം ഇല്ലാതായി. ആകെയുള്ള ആശ്രയം സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്ഷന് തുകയാണ്. 10500 രൂപ രൂപ പെന്ഷന് തുകയായി കയ്യില്‍ കിട്ടിയപ്പോള്‍ ചാലപ്പാടത്തെ 79 വയസ്സുകാരന് മോസസ് സത്യശീലന് പിള്ള അതില്‍ നിന്നും അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ലോക്ക്ഡൗണ്‍ എത്ര ദിവസം നീളുമെന്നോ നാട് എന്ന് പഴയത് പോലെ ആകുമോന്നോ എന്നൊന്നും അയാള്‍ക്കറിയേണ്ട. കയ്യിലുള്ള പണം കൊണ്ട് മരുന്നും ഭക്ഷണം സാധനം വാങ്ങാനും കഴിയുമോ എന്നതും സത്യശീലന്റെ വിഷയമല്ല.
രണ്ട് ദിവസം മുമ്പ് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സത്യശീലന് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറിയത്. ബൈപാസ് സര്‍ജറി കഴിഞ്ഞ സത്യശീലന് പോലീസ് സ്റ്റേഷനിലേക്ക് നടന്ന് ചെന്ന് പണം നല്‍കാനാണ് ആദ്യം ഒരുങ്ങിയത്. എന്നാല്‍ ഇതറിഞ്ഞ ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥര്‍ അദ്ദേഹത്തെ ചാലിയത്തെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പണം നല്കുന്ന കാര്യം സത്യശീലന് വീട്ടുകാരെ അറിയിച്ചിരുന്നില്ല. പോലീസ് വാഹനം വീട്ടിലേക്ക് വന്ന് സത്യശീലനെ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടപ്പോല്‍ അവര്‍ക്ക് ആശങ്കയായി. എന്നാല്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വീട്ടുകാര്‍ പൂര്‍ണ മനസ്സോടെ സത്യശീലനെ പോലീസുകാരുടെ കൂടെ അയച്ചു.
“ദുരിതകാലം നീന്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഞാന്‍ അതിനോട് പൊരുത്തപ്പെട്ടു. ഇതിപ്പൊ എല്ലാം പെട്ടെന്ന് നിന്നുപേയതല്ലേ. തന്നേക്കാള്‍ പാവപ്പെട്ടവരുണ്ട്. എന്റെ ആവശ്യം കഴിഞ്ഞുള്ളത് അര്‍ക്ക് കൂടി അവകാശപ്പെട്ടതല്ലേ..” തന്റെ പെന്‍ഷനില്‍ നിന്ന് ഒരു ഭാഗം സംഭാവാന ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് സത്യശീലന് പറഞ്ഞു.

സ്റ്റേഷനിലെത്തി പണം കൊടുത്ത് തിരിച്ചുപോകാനൊരുങ്ങിയ സത്യശീലനെ ഒരു ഫോട്ടോയെടുക്കാനായി പോലീസുകാര്‍ വിളിച്ചു. പക്ഷെ പച്ചയായ ആ മനുഷ്യന് അതിന് തയ്യാറായില്ല. ഇതൊരു ചെറിയ കാര്യമാണെന്നും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ലെന്നുമാണ് സത്യശീലന് പറഞ്ഞത്. എന്നാല്‍ ഇത് പുറം ലോകം അറിയണമെന്ന് പോലീസുകാര്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി സത്യശീലന് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു. പോലീസുകാര്‍ അത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെയു സലീഷ്കുമാര് ആണ് സത്യശീലനെ കുറിച്ചും അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയും വാക്കുകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പെൻഷൻ കിട്ടിയ 10500 രൂപയിൽ നിന്നും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധനായി 79 വയസ്സ് പ്രായമുള്ള ഒരാൾ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വന്നിരുന്നുവെന്ന് SI സാർ പറഞ്ഞതു മുതൽ അദ്ദേഹത്തെ കാണാനുള്ള ആകാംക്ഷയായിരുന്നു.. പട്രോളിംഗിനിടെ ഉച്ചയോടെ സാറിന്റെ ഫോണിൽ അദ്ദേഹത്തിന്റെ വിളി വന്നു, പണവുമായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നുവെന്നും പറഞ്ഞു കൊണ്ട്... ഇത്രയും പ്രായമുള്ള ഒരാളെ കത്തുന്ന വെയിലിൽ നടത്തിക്കുന്നത് ഉചിതമല്ലെന്നു തോന്നിയ ഞങ്ങൾ പോലീസ് വാഹനവുമായി അങ്ങോട്ടേക്ക് പോയി.. ഞങ്ങളവിടെ എത്തുമ്പോൾ വെയിലിനെ പോലും വകവെക്കാതെ റോഡരികിൽ അദ്ദേഹം നിൽക്കുന്നുണ്ടായിരുന്നു.. പോലീസ് വണ്ടിയിലേക്ക് അയാളെ കയറ്റുമ്പോഴേക്കും കരഞ്ഞുകൊണ്ട് ഭാര്യയും കൂടെ മകനും അവിടേക്ക് ഓടി വന്നു. അപ്പോഴാണ് ഈ കാര്യം വീട്ടിൽ അറിഞ്ഞിട്ടില്ലെന്ന് ഞങ്ങൾക്ക് മനസിലായത്. SI സാർ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ആ കുടുംബം പൂർണ്ണ സമ്മതം അറിയിക്കുകയും മകനും ഞങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക് വരാൻ തയ്യാറാകുകയും ചെയ്തു.. മകനോട് സംസാരിച്ചപ്പോഴാണ് ആ കുടുംബത്തെപ്പറ്റി കൂടുതൽ അറിഞ്ഞത്.. ബൈപാസ് സർജറി കഴിഞ്ഞതാണ് ആ മനുഷ്യൻ.. ബുദ്ധിമാന്ദ്യമുള്ള ഒരു മകൾ വീട്ടിലുണ്ട്.. ഒരു ക്യാൻസർ രോഗിയും ആ വീട്ടിലുണ്ട്.. ഇങ്ങനെയുള്ള ഒരവസ്ഥയിലും ഇതിനു തയ്യാറായ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഇത് പബ്ലിസിറ്റിക്കല്ല സാർ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും ഒടുവിൽ ഞങ്ങളുടെ ആഗ്രഹത്തിനു വഴങ്ങിത്തന്നു..ഈ നാട് ഒരു വലിയ ദുരന്തത്തെ നേരിടുമ്പോൾ സർക്കാർ മുന്നിലുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഇതു പോലെ പതിനായിരങ്ങളുടെ വിശ്വാസമായി മാറിയ മുഖ്യമന്ത്രിയുടെ പേരിൽ, ഈ നാടിന്റെ പേരിൽ.. 5000 രൂപയ്ക്ക് 5 കോടിയുടെ മൂല്യമുണ്ടെന്ന് തെളിയിച്ച 'മോസസ് സത്യ ശീല പിള്ളയ്ക്ക് മനസ്സു കൊണ്ടൊരു BIG SALUTE...