ശബരിമല വിധി മലയാളത്തില്‍ പുസ്തകമായി ഇറങ്ങി
വെബ് ഡസ്ക്
കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശബരിമല വിധിയുടെ സംക്ഷിപ്തം സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുസ്തകരൂപത്തില്‍ മലയാളത്തില്‍ പുറത്തിറക്കി. സാധാരണക്കാര്‍ക്ക് വായിച്ചാല്‍ മനസിലാകുന്ന രീതിയില്‍ ലളിതമായ ഭാഷ ഉപയോഗിച്ചാണ് വിധിയുടെ സംക്ഷിപ്തം തയ്യാറാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് വിധിയെ കുറിച്ച് എഴുതിയ മുഖവരയോടെ ആരംഭിക്കുന്ന പുസ്തകം 56 പേജ് ആണ് ഉള്ളത്. കേസിന്റെ പശ്ചാത്തലവും ലഘുചരിത്രവും കൃത്യമായി വിവരിച്ചിട്ടുണ്ട്. കേസ് വന്ന വഴി, വിവിധ കോടതികള്‍ ഇതുവരെ പുറപ്പെടുവിച്ച വിധിയും പ്രസ്താവനകളും, വിചാരണ സമയത്ത് വന്ന വിഷയങ്ങളും വിവിധ സംഘടനകളും വ്യക്തികളും കോടതിയില്‍ പറഞ്ഞ പ്രസക്തഭാഗങ്ങളും, ഇതുവരെ സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകള്‍, ഹൈക്കോടതി വിധി എന്നിങ്ങനെ ശബരിമല വിധിയുടെ നാള്‍വഴികള്‍ മലയാളത്തില്‍ വ്യക്തമായി പുസ്തകത്തിലുണ്ട്. സുപ്രീംകോടതി വിധി വന്ന ശേഷം കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞ കാര്യങ്ങളും ഇതിലുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വീല്‍കര്‍, ജസ്റ്റിസ് ആര് എഫ് നരിമാന്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ വിധികളുടെ സംക്ഷിപ്തമാണ് പുസ്തകത്തിലുള്ള പ്രസക്തഭാഗങ്ങള്‍. 12 വര്‍ഷത്തെ വിചാരണയ്ക്കും പരിശോധനയ്ക്കും ശേഷം സുപ്രീംകോടതി എങ്ങനെ ഈ വിധിയിലേക്ക് എത്തിച്ചേര്‍ന്നു എന്ന് മനസിലാക്കാന്‍ സാധിക്കുന്നതാണ് മലയാളത്തിലിറങ്ങിയ ഈ പുസ്തകം. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പ്രസക്തഭാഗങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
സുപ്രീംകോടതി വിധി എല്ലാമലയാളികള്‍ക്കും വായിച്ച് മനസിലാക്കുന്നതിനും സര്‍ക്കാരിന്റെ നിലപാട് അറിയുന്നതിനും ഉപകരിക്കുന്നതാണ് ശബരിമല – സ്ത്രീകളുടെ ആരാധനാവകാശം എന്ന ഈ പുസ്തകം. നവംമ്പര്‍ 9, 10, 11 തീയ്യതികളില്‍ നടത്തുന്ന ക്ഷേത്രപ്രവേശന വിളംബര പരിപാടിയുടെ ഭാഗമായി ജില്ലാതല എക്സിബിഷന് സ്റ്റാളുകളില്‍ പുസ്തക വിതരണം ഉണ്ടായിരിക്കും.