വനിതാദിനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍ക്ക്

Sharing is caring!

മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനത്തില്‍ സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നത് വനിതാ ഓഫീസര്‍മാരായിരിക്കും. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്നത് വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

വനിതാ ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്റ്റേഷന്‍റെ ചുമതല വഹിക്കും. സ്റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി  സ്വീകരിക്കും. സ്റ്റേഷന്‍  ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും.

അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തില്‍ വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പോലീസ് ഗാര്‍ഡുകളെയും നിയോഗിക്കും. ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടികള്‍. 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com