മറഞ്ഞിരിക്കുന്ന മൂന്നാറിലെ തെളിഞ്ഞു വരുന്ന പൂപ്പാറ
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത് ടൂറിസം മേഖലയുടെ വിപുലമായ സാധ്യതകളാണ്. വയനാടും ഇടുക്കിയുമാണ് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ആയിരങ്ങള്‍ ദിവസേന ഒഴുകിയെത്തുന്ന ഈ മലയോരമേഖല വിദേശികളുടെ ഇഷ്ട കേന്ദ്രങ്ങളുമാണ്. മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അന്യേഷിച്ച് പോകുന്നവരും രണ്ടോ മൂന്നോ ദിവസം റിസോര്‍ട്ടുകളില്‍ തങ്ങുന്നവരും ശരിക്കും മൂന്നാറിനെ അറിയുന്നുണ്ടോ..?
ആരും കാണാത്ത, ഇതുവരെ തേടിപ്പോകാത്ത സ്ഥലങ്ങളും ഉള്‍ഗ്രാമങ്ങളും തേടിപ്പോകണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഞങ്ങള്‍ പൂപ്പാറയിലെത്തിയത്. അടിമാലിയില്‍ നിന്നും രാജാക്കാട്ട് വഴി പൊന്മുടി ഡാമിന്റെ മുകളിലൂടെ കൂറ്റന്‍ കുന്നും പാറക്കെട്ടുകളും താണ്ടി തേനിയിലേക്കുള്ള വഴിയിലാണ് പൂപ്പാറയെന്ന ചെറു ഗ്രാമം. തേയിലയുടെയും ഏലത്തിന്റെയും തോട്ടങ്ങള്‍ കണ്ടാല്‍ പൂപ്പാറ അത്ര ചെറുതല്ലെന്ന് നമുക്ക് തോന്നും. എന്നാല്‍ ആള്‍ത്താമസം നോക്കിയാല്‍ വളരെ ചെറിയ ഗ്രാമമാണിത്.
കേരളത്തിലെ എല്ലാഭാഗത്തും ചെറിയ ടൗണുകളും അതിനെ ചുറ്റിപ്പറ്റിയുള്ള കച്ചവടസ്ഥാപനങ്ങളും ഒരു സിനിമാ തിയേറ്ററും ഉണ്ടാകും. തേയില തോട്ടത്തിന്റെ നടുവില്‍ ഇത്തരം ടൗണുകള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ ആറുപേരായിരുന്നു. എനിക്ക് പുറമെ കോഴിക്കോട് കല്ലായിലെ വൈശാഖ് ആര്യന്, കൊടുവള്ളിയിലെ റാഷിദ് കരീറ്റിപ്പറമ്പ്, ബേപ്പൂരിലെ വൈഷ്ണവ് പുല്ലാട്ട്, സന്തോഷ് അടാട്ട്, മലപ്പുറം മഞ്ചേരിയിലെ അജ്മല്‍ എന്നിവരാണ് യാത്രക്കാര്‍.
ഊട്ടിയിലേക്കൊരു യാത്രയായിരുന്നു ഞങ്ങളുടെ ആദ്യ ചിന്ത. പിന്നീട് അത് പാലക്കാടും മൂന്നാറുമായി. അപ്പോഴാണ് പൂപ്പാറയെന്ന പേര് ഞങ്ങളുടെ ചെവിയിലെത്തിയത്. യാത്രക്കായി ഉപയോഗിക്കാന്‍ നിശ്ചയിച്ച കാര്‍ വേണ്ടെന്ന് വെച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്നും രാത്രി 9.40 ന് എരുമേലി ബസില്‍ കയറി യാത്ര തുടങ്ങി. പുലര്‍ച്ചെ മൂന്നിന് പെരുമ്പാവൂര്‍ സ്റ്റാന്റില്‍ ബസിറങ്ങി. പെരുമ്പാവൂരെത്തിയെന്ന് കണ്ടക്ടര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങളെല്ലാവരും ഉറക്കം ഞെട്ടിയത്. ഉറക്കത്തോടൊപ്പം ഞെട്ടിയത് മനസുകൂടിയായിരുന്നെന്ന് ഇറങ്ങിയപ്പോഴാണ് മനസിലാക്കിയത്. പെരുമ്പാവൂര്‍ അന്ന് കേരളം ഉറ്റുനോക്കുകയായിരുന്നു. ജിഷയെന്ന പെണ്‍കുട്ടിയുടെ വേദനകള്‍ മനസിലൂടെ കടന്നുപോയ ഒരു മണിക്കൂര്‍ ബസ്റ്റാന്റ് മൂകമായത് പോലെ മനസ്മന്ത്രിച്ചു.
മൂന്നാര്‍ ബസ് വന്നിരിക്കുന്നു. കയറിയപ്പോള്‍ എല്ലാവര്ക്കും സീറ്റുണ്ടായില്ല. പുലര്‍ച്ചെ സമയത്തും ഇത്രയും പേര് എവിടെയാണ് യാത്ര ചെയ്യുന്നതെന്ന ചോദ്യം അപ്പോഴാണ് മനസിലേക്ക് കയറി വന്നത്. ഏത് സമയത്തും റോഡിലും റെയില്‍വെയിലും ആകാശത്തും യാത്രക്കാരുണ്ട്. ഞങ്ങള്‍ പോകുന്ന പോലെ ഞങ്ങള്‍ക്ക് പിറകെയും മുന്പെയും പലരും യാത്ര ചെയ്യുന്നുണ്ടെന്ന ബോധത്തില്‍ ഉറക്കച്ചവടോടെ നില്‍ക്കുമ്പോഴാണ് ഒരു സീറ്റ് കിട്ടിയത്. മഴചാറുന്നതിനാല് ബസിന്റെ ഷട്ടറിട്ടിരിക്കുകയായിരുന്നു. യാത്രയുടെ സ്വാഭാവികത ചോര്‍ന്നുപോകുന്ന പോലെ തോന്നിയപ്പോള്‍ ഷട്ടര്‍ ഞാനങ്ങുയയര്ത്തി. ചെവിയിലേക്ക് തണുപ്പ്കാറ്റ് അടിച്ച് കയറുന്നുണ്ടെങ്കിലും ഹൈറേഞ്ചിലേക്കുള്ള യാത്ര ഇരുട്ടില്‍ കാണുന്ന അനുഭവം ഞാനന്നറിഞ്ഞു. പുലര്‍ച്ചെ 4.30 ന് ഞങ്ങള്‍ അടിമാലിയിലെത്തി.
അടിമാലിയുടെ തണുപ്പന്‍ പ്രഭാതത്തില്‍ ഒന്നര മണിക്കൂര്‍ ചിലവഴിച്ചു. ജംഗ്ഷനില്‍ ഞങ്ങളിരുന്നു. ആറ് മണിയായപ്പോഴേക്കും രാജാക്കാട്-പൂപ്പാറ ബസെത്തി. എല്ലാവരും അവരവരുടെ സീറ്റുകള്‍ ഉറപ്പിച്ചു. നല്ല ഉറക്കക്ഷീണം ഉണ്ടെങ്കിലും ആരും ഉറങ്ങാന്‍ തയ്യാറായിരുന്നില്ല. മുന്നിലുള്ള യാത്രാനുഭവം കണ്ടറിയാനും മറ്റൊരു മൂന്നാറിനെ കാണാനും പോകുന്ന ആകാംക്ഷയിലായിരുന്നു. ഇടുങ്ങിയ റോഡിലൂടെ കൂറ്റന്‍ പാറകളെയും വെള്ളച്ചാട്ടങ്ങളെയും എതിരെ വരുന്ന വാഹനങ്ങളെയും വകഞ്ഞ് മാറ്റിയുള്ള ഡ്രൈവിംഗ് പേടിപ്പെടുത്തുന്നതും അത്ഭുതം കൂറുന്നതുമായിരുന്നു. കോടമഞ്ഞ് താഴ്ന്നും ഉയര്‍ന്നും പറന്നു കളിക്കുകയാണ്. ചെങ്കുത്തായ വളവുകളും പുഴയും കടന്ന് പാറയുടെ ഒത്തനടുക്ക് ഞങ്ങള്‍ പൊന്മുടി ഡാമിന് മുകളിലെത്തി.
സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഡാമിന് മുകളിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. ബസ് നിര്‍ത്താന്‍ പറഞ്ഞ് ഒരു നിമിഷം അവിടെ നിന്നാലോ എന്ന് ഞങ്ങള്‍ക്ക് തോന്നി. എങ്കിലും ബസില്‍ ഡാമിന് മുകളിലൂടെയുള്ള യാത്ര വിവരണാതീതമായ യാത്രാനുഭവമായിരുന്നു. ഡാം കഴിഞ്ഞ് മറ്റൊരു മലയുടെ മുകളിലേക്കാണ് ബസിന്റെ പോക്ക്. നേരത്തെ വരുമ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്ന പാറക്കെട്ടിനു മുകളിലൂടെയുള്ള യാത്ര. തേയിലത്തോട്ടങ്ങളും ഏലവും കണ്ടുതുടങ്ങയപ്പോള് മനസില്‍ കുളിര് കോരിയിട്ടപോലെ. പൂപ്പാറ ടൗണില്‍ ഞങ്ങളിറങ്ങിയപ്പോള്‍ എല്ലാവരുടെ മുഖത്തും ഒരേ ഭാവമായിരുന്നു. അത്ഭുതത്തിന്റെയും ആകാംക്ഷയുടെ ഭാവം.
ചെറിയ ടൗണായിരുന്നു അത്. ഷെഡുകള്‍ കൂട്ടിയിട്ട കടകളും ഓട്ടോ സ്റ്റാന്റും ഒരു ഗ്രാമത്തിന്റെ ചാരുത പകര്‍ന്നു നല്കുമ്പോള് നേരെ എതിര്‍ഭാഗത്ത് വലിയ കെട്ടിടങ്ങളും കച്ചവടങ്ങളും നഗരവല്കരണവും കാട്ടിത്തരുന്നു. വൈല്‍ഡ് സ്പിരിറ്റ് റിസോര്‍ട്ടിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടത്. ഗൈഡ് വിജയ് ടൗണിലെത്തി ഞങ്ങളെ ഓട്ടോയില്‍ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി. റിസോര്‍ട്ടിലേക്കുള്ള വഴിയില്‍ താഴെവരെയെ ഓട്ടോ പോവുകയുള്ളു. മുകളിലേക്ക് ഓരോ ആളുകളെയായി വിജയിയുടെ ബൈക്കിലാണ് കൊണ്ടുപോയത്. ചെങ്കുത്തായ കയറ്റമായിരുന്നു അത്. പാറയുടെ ഒത്ത നടുക്കാണ് റിസോര്‍ട്ടുള്ളത്. ആന ഇറങ്ങുന്ന സ്ഥലമാണിതെന്നും പലപ്പോഴായി റിസോര്‍ട്ട് വരെ ആന വന്നതും ചെടിച്ചട്ടികളും മറ്റും ചവുട്ടി നശിപ്പിച്ചതുമായ കഥകള്‍ വിജയ് പറഞ്ഞു. അതി മനോഹമാണ് റിസോര്‍ട്ടിലെ കാഴ്ചകള്‍.
മൂന്നാര്‍ മുഴുവന്‍ കാല്ചുവട്ടില് നില്ക്കുന്ന അനുഭവമായിരുന്നു വൈല്‍ഡ് സ്പിരിറ്റിലെ കാഴ്ച. ചുറ്റും മലകളും കാപ്പിത്തോട്ടങ്ങളും. അങ്ങ് ദൂരെ കോടമഞ്ഞ് കൂടി നിന്ന് പറന്ന് പറന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു. മലകളുടെ മുകളിലൂടെയുള്ള റോഡും കാടുകളും താഴ്വാരങ്ങളിലെ വീടുകളും അഭൂതപൂര്‍വമായ കാഴ്ചയാണ്. ഒരു ദിവസമാണ് ഞങ്ങള്‍ ഇവിടെ ചിലവഴിച്ചത്. റിസോര്‍ട്ടിന്റെ പിറകിലൂടെ കാട്ടിനുള്ളിലേക്കും പാറക്കെട്ടിന് മുകളിലേക്കും ഞങ്ങള്‍ യാത്ര ചെയ്തു. വഴികാട്ടിയായി വിജയ് കൂടെ തന്നെയുണ്ടായി.
അധികമാരും അറിഞ്ഞു തുടങ്ങിയില്ല പൂപ്പാറയെന്ന സ്വര്‍ഗത്തെ. ടൂറിസ്റ്റുകള്‍ വരുന്നുണ്ടെങ്കിലും കുറവാണെന്ന് വിജയ് പറയുന്നു. എന്നാല്‍ വന്നവര്‍ വീണ്ടും വരുന്നതും അവര്‍ പറഞ്ഞത് പ്രകാരം അവരുടെ സഹൃത്തുക്കള്‍ വരുന്നതും ഇവിടെ പതിവാണെന്നും തമിഴ് നാട്ടില്‍ നിന്നും ചേക്കേറി ഇവിടെ കൃഷിയും ഗൈഡുമായി തുടരുന്ന വിജയ് പറയുന്നുണ്ട്. ഞായറാഴ്ച രാവിലെയാണ് ഞങ്ങള്‍ പൂപ്പാറയോട് വിടപറഞ്ഞത്. കുന്നിറങ്ങി, മലയിറങ്ങി തേനിയില്‍ നിന്നും മൂന്നാറ് വരെയുള്ള ബസില്‍ അതിമനോഹരമായ യാത്ര. വന്ന വഴിയെ തിരിച്ച് പോകേണ്ടെന്ന തീരുമാനത്തില്‍ നിന്നാണ് മൂന്നാറ് വഴിയുള്ള യാത്ര ഞങ്ങള്‍ നിശ്ചയിച്ചത്.
കോടമഞ്ഞിനെ വകഞ്ഞ് മാറ്റി മൂന്നാറെന്ന അത്ഭുതത്തെ തൊട്ടറിഞ്ഞ ബസ് യാത്രയായിരുന്നു അത്. തൊട്ടടുത്തിരുന്ന ഫോറസ്റ്റ് ഓഫീസറോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇവിടെ കുറിക്കണമെന്ന് തോന്നുന്നു. ” മൂന്നാറില്‍ നിങ്ങള്‍ ഒരു ഒന്നും രണ്ടും ദിവസം വന്ന് പോകരുത്. ബോട്ടിംഗും തേയില തോട്ടങ്ങളും റിസോര്‍ട്ടുകളും മാത്രമല്ല മൂന്നാര്‍. രണ്ട് മാസം തികച്ച് നിന്നാലും മൂന്നാറിലെ കാഴ്ചകള്‍ തീരില്ല. ഓരോ മലയിലും ഓരോ കാഴ്ചകളുണ്ട്. അത് പോലൊരു മലയാണ് പൂപ്പാറ. മറഞ്ഞിരിക്കുന്ന മൂന്നാറാണിത്. നിങ്ങളെ പോലുള്ളവര്‍ അന്യേഷിച്ച് വരുമ്പോഴാണ് പൂപ്പാറയും തെളിഞ്ഞ് വരുന്നത്.”
പൂപ്പാറയിലെത്താന് – വൈല്‍ഡ് സ്പിരിറ്റ് റിസോര്‍ട്ട്
– ഫോണ്‍ നമ്പര്‍ – 8137059504 (വിജയ്)