അധികാരികള്‍ കണ്ണ് തുറക്കുമോ..? ഇതാ.. കരൂഞ്ഞിമലയിലെ കാഴ്ചകള്‍
ഒറ്റമുറി വായനശാല, നഗരത്തിലെ ഓവ് ചാലുകളെ ഓര്‍മപ്പെടുത്തുന്ന കുളവും, കുളിക്കടവും, ഓലമേഞ്ഞ സൂപ്പര്‍മാര്‍ക്കറ്റും. ഏതെങ്കിലും കാലത്ത് ഒരു ബസ് വരുമെന്ന് കരുതികെട്ടിയിരിക്കുന്ന തകര്‍ന്ന് വീഴാറായ കാത്തിരിപ്പ് കേന്ദ്രം. ഇത് വായിക്കുമ്പോള്‍ തോന്നും ഗ്രാമീണ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉള്‍നാടന്‍ ഗ്രാമമാണെന്ന്. അങ്ങിനെ ധരിച്ചെങ്കില്‍ തെറ്റി.
കോഴിക്കോട് നഗരത്തില്‍ നിന്നും 23 കലോമീറ്റര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന കരൂഞ്ഞിമലയിലെ ജീവിതമാണിത്. സുവര്‍ണ നഗരിയെന്ന അപരനാമം കൊണ്ടലങ്കൃതമായ കൊടുവള്ളി മുന്‍സിപ്പാലിറ്റി പരിധിയിലെ 17 ാം ഡിവിഷന് ഗ്രാമമാണ് കരൂഞ്ഞി. എന്ത് ആവശ്യത്തിനും മലയിറങ്ങി നാട്ടിലെത്താന്‍ ഇവര്‍ ഇന്നും നടക്കുകയാണ്. വാഹനങ്ങളും മറ്റും ഇവരെ തിരിഞ്ഞ് നോക്കി കൊഞ്ഞനം കുത്തുന്നു. ജീവിത നിലവാരം കൊണ്ടും സാമൂഹ്യ പുരോഗതി കൊണ്ടും കോഴിക്കോടിന്റെ ഉന്നതങ്ങളിലാണ് കൊടുവള്ളിയുടെ സ്ഥാനം. ഇവിടെയാണ് വികസനവും ജീവിത നിലവാരവും നന്നേ കുറവായ കരൂഞ്ഞിമല. കൊടുവള്ളിയില്‍ നിന്ന് മറ്റെല്ലാ ദിക്കിലേക്കും ബസ് ഉണ്ടെങ്കിലും കരൂഞ്ഞിക്കാര്ക്ക് ഇന്നും ഇതന്യമാണ്.
പ്രധാനമന്ത്രി ഗ്രാംസഡക്ക് യോജനയുടെ മനോഹരമായ റോഡ് കരൂഞ്ഞിമലയിലെ ഇടിയാറന് കുന്ന് പ്രദേശത്തേക്ക് പോകുന്നുണ്ട്. മനോഹരമായ ഈ റോഡ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ജനവാസം നന്നേ കുറവാണ്. ഈ റോഡിന്റെ ഗുണഭോക്താക്കളായി നാല് വന്‍കിട ക്വാറി മാഫിയകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇനിയും പൊട്ടിത്തീരാന്‍ ബാക്കിയില്ലാത്ത വിധം കാര്‍ന്നെടുത്തിരിക്കുന്നു ഇവര്‍ കരൂഞ്ഞിമലയെ.
സര്‍ക്കാര്‍വക ഒറ്റമുറി വായനശാലയും അംഗനവാടിയും മാത്രമാണ് കരൂഞ്ഞിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. രണ്ട് പെട്ടിക്കടകളാണ് ഇവിടെ ആകെയുള്ളത്. റോഡരികില്‍ തന്നെയുള്ള കുളമാണ് ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകത. കുളമെന്ന് പറയാന്‍ പറ്റാത്ത വെള്ളം കെട്ടിനില്‍ക്കുന്ന ഒന്നാണിത്. ഇവിടെയാണ് അവരില്‍ പലരുടെയും ‘തിരുമ്പിക്കുളി’ കളും നടക്കുന്നത്. രാത്രിയില്‍ ഒരു തെരുവ് വിളക്ക് പോലും കത്താറില്ല. രണ്ടേരണ്ട് കുടിവെള്ള പദ്ധതികള്‍ മാത്രം. മുന്‍സിപ്പല്‍ പരിധിയില്‍ അമ്പതോളം ഓലമേഞ്ഞ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടും ചാക്കുകള്‍ കൊണ്ടും നിര്‍മിച്ച കുടിലുകളിലാണ് ഇവിടെ പലരും താമസിക്കുന്നത്. വിരലിലെണ്ണാവുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ള അഭ്യസ്ഥവിദ്യര്‍. ഉന്നത വിദ്യാഭ്യാസംനേടിയ വിദ്യാര്‍ഥികളും കുറവാണ്.
10 വര്‍ഷം കഴിഞ്ഞാലെ ഈ ഒരു അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ഡിവിഷന് കൗണ്‍സിലര്‍ പറയുന്നത്. പത്താംതരം കഴിയുമ്പോഴേക്കും കുലത്തൊഴിലിനും കൂലിവേലയ്ക്കും വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നവരാണ് പുതിയതലമുറയിലെ ഒരു വിഭാഗം വിദ്യാര്‍ഥികളും യുവാക്കളും.കരൂഞ്ഞി മലയുടെ പല ഭാഗങ്ങളിലും കള്ളവാറ്റുകള് ഉള്ളതായും പരാതികളുയരാറുണ്ട്. കാര്‍ഷികവൃത്തിയില്‍ ഏര്‍പെട്ടും കൂലിവേല ചെയ്തുമാണ് ഇവിടത്തുകാര്‍ ജീവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെല്ലാം ഒരു പ്രദേശത്തെ ജനങ്ങളില്‍ അപഹര്‍ഷതാ ബോധം വളര്ത്തിയിട്ടുണ്ടാകുമോ..?
കരൂഞ്ഞിമലമുകളിലെ ജീവിതങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല..
Idum koduvalliyo
Kashtamaypoy.
Yes attapadiye ormippikkum vidham avatharanam usharayi
വിദ്യാർത്ഥിയായ കാലത്ത് കരൂഞ്ഞി മല ഇറങ്ങി വരുന്ന ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. .കൂടുതൽ അടുപ്പമില്ലാത്തത് കൊണ്ടായിരിക്കാം പിന്നീട് അവരെ കുറിച്ച് അന്വേഷിച്ച് ചെന്നിട്ടില്ല. .പരിതാപകരമായ ഒരവസ്ഥ് ഇന്നും വേട്ടയാടുന്ന സ്വർണ്ണ നഗരിയിലെ ഈ ഒരു പ്രദേശത്തിനു വെളിച്ചം നൽകാൻ ഈ ഒരു ലേഖനം ഉദാത്തമാകട്ടെ എന്നാശംസിക്കുന്നു
കരൂഞ്ഞി മലയിലെ സത്യാവസ്ത…റാഷിദ് തുടരുക…അധികൃതർ ഉണർന്ന് പ്രവർത്തിക്കട്ടെ
ഈയിടെ കരൂഞ്ഞി മല സന്ദർഷിക്കാൻ ഒരവസരമുണ്ടായി. അവിടുത്തെ സാമൂഹ്യ ചുറ്റുപാട് രണ്ട് പതിറ്റാണ്ട് പിന്നോക്കം ചെന്നതാണെന്ന് പറഞ്ഞാൽ തെറ്റാ വില്ല. കൊടുവള്ളിയുടെ ഒരു ഭാഗമെന്ന് വിശ്വസിക്കാൻ പ്രയാസമായി. പ്രദേശത്തെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ദയിൽ പെടുത്താൻ റാഷിദ് കരീറ്റിപറമ്പ് ചെയ്യുന്ന പഠനം ഉപകരിക്കട്ടെ…….