മഞ്ചേരിയിൽ നിന്നും മുഹമ്മദ് മാഷാർ തൊടുത്തു വിട്ട വീഡിയോ ബാഴ്സയിൽ

ബാർസലോണയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ 500-ാം ഗോൾ ആരും മറക്കാനിടയില്ല. അത് ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെ ആവുമ്പോൾ എക്കാലവും ഫുട്ബാൾ ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കും. ആ ഗോളിന്റെ മൂന്നാം വാർഷികമായിരുന്നു കഴിഞ്ഞ 23ന്.
വാർഷിക ദിനത്തിൽ ക്ലബിന്റെ ലക്ഷക്കണക്കിന് ആരാധകരുള്ള സാമൂഹ്യ മാധ്യമ പേജിൽ ക്ലബ് പോസ്റ്റ് ചെയ്തത് മലപ്പുറത്തെ ഒരു 18കാരൻ തയ്യാറാക്കിയ ഗ്രാഫിക് വീഡിയോ ആണ്. മെസ്സിയെയും ബാർസയെയും നെഞ്ചിലേറ്റി നടക്കുന്ന പുൽപ്പറ്റ പൂക്കൊളത്തൂർ സ്വദേശി ചുണ്ടക്കാട്ടിൽ വീട്ടിൽ മുഹമ്മദ് മാഷാർ ആണ് വീഡിയോ താറാക്കിയത്. അഞ്ച് ദിവസം സമയമെടുത്താണ് വീഡിയോ നിർമിച്ചത്. വാർഷികത്തിന്റെ രണ്ട് ദിവസം മുമ്പ് പേജ് അഡ്മിന് വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ 35 ഫ്രെയിമുകളുടെ സീക്വൻസിലാണ് തയ്യാറാക്കിയത്.
മൂന്നാം വാർഷികത്തെ ഓർമിപ്പിച്ചു ബാർസലോണ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് മുഹമ്മദ് മാഷാറിന്റെ ഈ വീഡിയോ ആയിരുന്നു. നൂറു മില്യണിലധികം ലൈക്കുള്ള ഫേസ് ബുക്ക് പേജിലും 85 മില്യണിലധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം പേജിലും ട്വിറ്ററിലുമാണ് ബാർസലോണ വീഡിയോ പങ്കുവെച്ചത്.
2017 ഏപ്രിൽ 23 ന് റയൽ മാഡ്രിഡിനെതിരെ അവരുടെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അവസാന മിനിറ്റിലാണ് കളിയുടെ വിധി നിർണയിച്ച ആ ഗോൾ എത്തിയത്. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ എൽ ക്ലാസിക്കോയുടെ 93-ാം മിനിറ്റിൽ ജോർഡി ആൽബയുടെ ക്രോസിൽ നിന്നും മെസ്സിയുടെ ഇടങ്കാലൻ ഷോട്ട് കെയ്ലർ നവാസിനെ മറികടന്ന് വലയിൽ പതിക്കുമ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. റയൽ ആരാധകർ തലയിൽ കൈവെച്ച് നിശബ്ദമായി. പതിവിന് വിപരീതമായി മെസ്സി തന്റെ ജഴ്സി ഊരി റയൽ മാഡ്രിഡ് ആരാധകർക്ക് നേരെ തിരിഞ്ഞു നിന്നു. അവസാന നിമിഷം യുദ്ധം ജയിച്ച രാജാവിനെ പോലെ. ആ ചിത്രം എന്നും ഫുട്ബാൾ ആരാധകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതായിരുന്നു. 3-2ന് ബാർസലോണ വിജയിച്ച മത്സരത്തിൽ രണ്ട് ഗോൾ നേടിയതും മെസ്സി ആയിരുന്നു.
നേരത്തെ വ്യത്യസ്ഥ ഗ്രാഫിക്സ് ഫോട്ടോകൾ തയ്യാറാക്കി ശ്രദ്ധേയനായിരുന്നു മാഷാർ. തന്റെ ഇഷ്ട ക്ലബ്ബായ ബാർസലോണ താൻ ചെയ്ത ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണൈന്ന് മാഷാർ പറഞ്ഞു. വീഡിയോ വൈറൽ ആയതോടെ വിവിധ വിദേശ ക്ലബ്ബുകളും വ്യക്തികളും വീഡിയോ ചെയ്യാനാവശ്യപ്പെട്ട് മാഷാറിനെ സമീപിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ ആരാധക കൂട്ടായ്മയായ ‘കൂൾസ് ഓഫ് കേരള’ യും ആൾ കേരള മെസ്സി ഫാൻസ് അസോസിയേഷനും വീഡിയോ പങ്കുവെച്ച് മാഷാറിനെ അഭിനന്ദിച്ചു.

ബാംഗ്ലൂർ എസ്.ജെ.ഇ.എസ് കോളജിൽ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിത്ത് ക്ലൗഡ് കമ്പ്യൂട്ടിങ് ഒന്നാം വർഷ വിദ്യാർഥിയായ മുഹമ്മദ് മാഷാർ ചുണ്ടക്കാട്ടിൽ റഹ്മത്തുള്ള – റംലത്ത് ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
മുഹമ്മദ് മഹ്ബൂബ്, ആയിശ കെൻസ എന്നിവർ സഹോദരങ്ങളാണ്.