ഇതിഹാസം ഇനി ഓർമ്മ
ഇന്ത്യയുടെ ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദ് ഇനി ഓർമ്മ .ഇന്ത്യ കണ്ട മികച്ച ഫോർവേഡായ മുഹമ്മദ് ഷാഹിദ് അതിവേഗ നീക്കം കൊണ്ടും സുന്ദരമായ ഡ്രിബ്ളിംഗ് കൊണ്ടും ഒരുകാലത്ത് ഹോക്കി ആരാധകരുടെ മനം നിറച്ചിരുന്നു.

1980 ൽ മോസ്കോയിൽ വെച്ച് നടന്ന ഒളിംപിക്സിൽ ഇന്ത്യ അവസാനമായി സ്വർണം നേടിയപ്പോൾ മിന്നുന്ന പ്രകടനമാണ് ഈ ഉത്തർപ്രദേശുകാരൻ കാഴ്ചവെച്ചത്. അതേ വർഷം കറാച്ചിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഫോം തുടർന്നപ്പോൾ ടൂർണമെന്റിലെ ‘മികച്ച ഫോർവേഡ്’ എന്ന ബഹുമതിയും താരത്തെ തേടിയെത്തി.
1979ൽ ഫ്രാൻസിൽ നടന്ന ജൂനിയർ വേൾഡ് കപ്പിൽ ഇന്ത്യക്കായി കളിച്ച താരം അതേ വർഷം തന്നെ ദേശീയ ടീമിലും സ്ഥാനം ഉറപ്പിച്ചു.1982ലും 1986ലും ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുള്ള താരം റെയിൽവേയുടെ വിശ്വസ്ത പോരാളിയായിരുന്നു.
1981ൽ അർജുന അവാർഡും 1986 ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.
ഹോക്കി ഇതിഹാസങ്ങളിൽ മുൻപന്തിയിലായിരിക്കും ഷാഹിദിന്റെ സ്ഥാനം.