റഷ്യ ചുരുങ്ങുകയാണ്, ഒരു തുകല്‍പന്തിലേക്ക്…
ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിസലൊന്നാണ് റഷ്യ. എന്നാല്‍ ഇനി റഷ്യ ചുരുങ്ങുകയാണ് ഒരു തുകല്‍പന്തിലേക്ക്… ഫിഫ ലോകകപ്പിന് കൊടി ഉയരാന്‍ 35 ദിവസങ്ങള്‍ മാത്രം…
അജ്മല്‍ അബൂബക്കര്‍ എഴുതുന്നു…
കൂട്ടിയും കിഴിച്ചും 32 ടീമുകള്‍ തയ്യാറെടുക്കുകയാണ് കാല്പന്ത് കളിയുടെ മഹായുദ്ധത്തിന്.
റഷ്യയില്‍ ജൂണ്‍ 14 ന് ആതിഥേയരും സൗദ്യ അറേബ്യയും തമ്മിലാണ് പോരാട്ട ഭൂമിയില്‍ ആദ്യമിറങ്ങുന്നത്. തുടര്‍ന്ന് ഒരുമാസക്കാലം ഫുട്ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. സ്വന്തം ടീമിന് വേണ്ടി ഫ്ളക്സടിച്ചും ചുവരെഴുതിയും കൊടി തോരണങ്ങള്‍ ഉയര്‍ത്തിയും നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. അര്‍ജന്റീനയ് ക്കും ബ്രസീലിനുമാണ് കേരളത്തില്‍ ആരാധകരേറെ. കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ 3 കീരീടങ്ങളാണ് അര്‍ജന്റീനയ്ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായത്.

കിരീടമില്ലാത്ത രാജകുമാരന് എന്ന ചീത്തപ്പേര് മാറ്റാന്‍ ലയണല്‍ മെസ്സിയ്ക്ക് ഇത് അവസാന പോരാട്ടമാണ്. 2022 ല്‍ ഖത്തറില്‍ ലോകകപ്പിന് വേദി ഉണരുമ്പോള്‍ മെസ്സിയ്ക്ക് പ്രായം 34 കഴിയും.അത് കൊണ്ട് തന്നെ കീരീടം നേടാന്‍ അയാള്‍ ആവുന്നത് പോലെ ശ്രമിക്കുമെന്ന് ഉറപ്പാണ്.നൂറ്റാണ്ടിന്റെ കോപ്പ ഫൈനലില്‍ കപ്പ് നഷ്ടമായതിനെ തുടര്‍ന്ന് നീലക്കുപ്പായം ഊരി മെസ്സി.അന്ന് മുന്‍ അര്‍ജന്റീനന്‍ താരം ഇങ്ങനെ പറഞ്ഞു: ‘കുമ്മായ വരകള്ക്കിപ്പുറത്ത് നിന്ന് അയാള്‍ക്ക് എങ്ങനെയാണ് പന്തുകളി ആസ്വദിക്കാനാവുക. നീലയും വെള്ളയും കലര്‍ന്ന ആ ജഴ്സി അയാളെ വേട്ടയാടി കൊണ്ടിരിക്കും…’


വീണ്ടും തിരിച്ചെത്തിയ മെസ്സി യോഗ്യത പോലും നേടില്ലെന്ന് ഉറപ്പിച്ച അര്‍ജന്റീനയെ ഒറ്റയ്ക്ക് ചുമലിലേറ്റി. യോഗ്യത റൗണ്ടില്‍ ഇക്വഡോറിനെതിരെ തകര്‍പ്പന്‍ ഹാട്രിക് നേടിയാണ് മെസ്സിയും ടീമും റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
സാംപോളി നയിക്കുന്ന ടീമിന് മുന്നേറ്റ നിരയാണ് കരുത്ത്. അഗ്യൂറോയും ഡിബാലയും ഹിഗ്വയ്നുമെല്ലാം അര്‍ജന്റീനയ്ക്കായ് ബൂട്ട് കെട്ടും. ആ കിരീടം ബ്യൂണസ് ഐറിസിലെത്തിക്കാന്‍…..
അര്‍ജന്റീനയ്ക്ക് പുറമെ ബ്രസീലാണ് ഇത്തവണ കിരീട ഫേവറൈറ്റുകള്‍. നെയ്മറും കൂട്ടിഞ്ഞോയും പൗളിഞ്ഞോയുമെല്ലൊം ഇനിയും ഒരങ്കത്തിന് ബാല്യമുവരാണ്. ഡാനി ആല്‍വസും ലൂയിസും തിയാഗോയും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളും മികച്ച ഫോമിലാണ്.

ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ആദ്യം യോഗ്യത നേടിയ ബ്രസീല്‍ റഷ്യയില്‍ എന്താണ് കാത്തുവെച്ചിട്ടുള്ളതെന്ന് കണ്ടറിയാം.

മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയേയും എഴുതി തള്ളാനാവില്ല.

സ്പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും കിരീടപ്പോരാട്ടത്തില്‍ വെല്ലുവിളി ഉയര്‍ത്തും.

വര്‍ഷങ്ങള്‍ക്ക് ശേഷം യോഗ്യത നേടിയ ഈജിപ്റ്റ് മുഹമ്മദ് സലായുടെ കരുത്തില്‍ കറുത്ത കുതിരകളാവുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്. സലായുടെ കരുത്തില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്തുകയും ചെയ്തു. ഇത് ഈജിപ്തിന് ഗുണം ചെയ്യും.

ആര്യന് റോബനും ഇറ്റലിയുടെ ഗോള്‍ വലകാക്കും ഭൂതം ജിയാന്‍ലൂജി ബഫണുമെല്ലാം ഇനിയൊരു ലോകകപ്പിന് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. യോഗ്യത നേടാന്‍ സാധിക്കാതെ വന്നതോടെ ബഫണ് ക്രോസ് ബാറിനു മുന്നില്‍ കീഴടങ്ങുകയും ചെയ്തു.
കരുത്ത് തെളിയിക്കാന്‍ ഉറുഗ്വോയും മെക്സിക്കോയും സെനഗലും കുഞ്ഞന്മാരായ ഐസ്ലന്റുമെല്ലാം റഷ്യന്‍ മണ്ണില്‍ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
അതേ…
ലോകം ഇനി കാല്പന്താരാവത്തിലേക്ക് കടക്കുകയാണ്.പോരാട്ട ഭൂമിയില്‍ ആരെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും തളര്‍ന്നു വീഴുമെന്നും ഇനി കണ്ടറിയാം……