പരിസ്ഥിതിയെ സംരക്ഷിക്കാം, മാലിന്യം ഇല്ലാതാക്കാം.. കെട്ടിട നിർമ്മാണത്തിന് ഇനി പുതിയ കട്ടകൾ

Sharing is caring!

മാലിന്യത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിനുള്ള കട്ടകളോ.?അത്ഭുതപ്പെടേണ്ട. സംഗതി ശരിയാണ്. വീട് നിർമ്മിക്കാൻ മാലിന്യം ഉപയോഗിച്ച് കട്ടകൾ ഉണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് വിദ്യാർത്ഥികളാണ്. ഉദയ്പുർ എൻ.ജെ.ആർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളായ കുഞ്ച്പ്രീത്, നികിത, സായിദ്, കൃഷ്ണ, ഹണി, ദൈദിപ്യ എന്നിവരാണ് മാലിന്യത്തിൽ നിന്നും കട്ടകൾ നിർമ്മിച്ച് രാജ്യത്തിന്‍റെ ശ്രദ്ധയാകർഷിച്ചത്.

ഒരു വീട് പണിയാൻ എത്ര കട്ടകൾ വേണം എന്ന് ചോദിച്ചാൽ കൃത്യമായ മറുപടി കോൺട്രാക്ടറും എഞ്ചിനീയർമാരും ഒക്കെ പറഞ്ഞുതരും. അത് ഒരു കണക്കാണ്. എന്നാൽ ഒരു വീട് പണിയാൻ നിർമ്മിക്കുന്ന കട്ടകൾ എത്രമാത്രം ഭൂമിയെ നശിപ്പിക്കുന്നു, വായു മലിനീകരണം ഉണ്ടാക്കുന്നു എന്നൊക്കെ ചോദിച്ചാൽ ആർക്കും കൃത്യമയാ കണക്ക് പറയാൻ സാധിക്കില്ല. ഒരു വീടിന്‍റെ കാര്യം ഇതാണെങ്കിൽ ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം ഉണ്ടാക്കുന്ന പ്രകൃതി-വായു മലിനീകരണം എന്തായിരിക്കും.! നിർമ്മാണപ്രക്രിയയ്ക്ക് പ്രകൃതിക്കിണങ്ങിയ ഒട്ടേറെ മാർഗങ്ങൾ നിലവിലുണ്ടെങ്കിലും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ നമ്മുടെ നിർമ്മാണ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കുന്ന കണ്ടുപിടുത്തമാണ് ഇപ്പോൾ ഏതാനും വിദ്യാർത്ഥികൾ നടത്തിയിരിക്കുന്നത്.

പ്രകൃതിയെ നശിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവയാണ് നിർമ്മാണപ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും മാലിന്യവും. ഇവ രണ്ടും മണ്ണിനും മരങ്ങൾക്കും വായുവിനും ഭീഷണിയാണ്. എന്നാൽ ഈ വിദ്യാർത്ഥികൾ മാലിന്യത്തിൽ നിന്നാണ് കട്ടകൾ നിർമ്മിച്ചത്.

Wrick എന്നാണ് ഇവര്‍ ഈ കട്ടകളെ വിളിക്കുന്നത്‌. ചെലവ് കുറഞ്ഞതും, ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതും ആണ് ഈ കട്ടകള്‍. 30-40% പ്ലാസ്റിക് വേസ്റ്റ് , 40% കെട്ടിടനിര്‍മ്മാണ വേസ്റ്റ് , 10-20% മാര്‍ബിള്‍ വേസ്റ്റ്, 10-20% ചാരം എന്നിവ കൊണ്ടാണ് ഇവരുടെ വ്രിക്ക് നിര്‍മ്മാണം. വ്രിക്കുകള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും ആവശ്യം മാര്‍ബിള്‍ വേസ്റ്റ് ആണ്. അങ്ങനെ ആ മാലിന്യവും കുറയും എന്ന് ഈ വിദ്യാര്‍ഥികള്‍ പറയുന്നു. പത്തുലക്ഷം ഇത്തരം കട്ടകള്‍ നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ഏകദേശം രണ്ടുലക്ഷംകിലോ മാലിന്യമാണ്. അത്രയും മാലിന്യം അങ്ങനെ ഉപയോഗപ്രദമായി സംസ്കരിക്കുകയാണ് ഇവര്‍ ഉദേശിക്കുന്നത്.

ഒരു വർഷം ഏകദേശം 200 ബില്യന്‍ കട്ടകൾ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനായി വലിയ തോതില്‍ മണ്ണ് എടുക്കുന്നുണ്ട്. കട്ടകള്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന വായു മലിനീകരണം വേറെയും. ദിവസവും മാലിന്യം തള്ളുന്ന ബിന്‍ നിറഞ്ഞു കവിഞ്ഞു വേസ്റ്റ് പുറത്തു കിടക്കുന്ന കാഴ്ചയുമായാണ് ക്യാമ്പസിൽ ദിവസവും കുട്ടികൾ എത്തിയിരുന്നത്. മാലിന്യങ്ങൾ എങ്ങനെ ഇല്ലാതാക്കാം എന്ന് ചിന്തിച്ചതിൽ നിന്നാണ് ഒരേ സമയം രണ്ട് വിധം പ്രകൃതി ചൂഷണത്തെ അവസാനിപ്പിക്കാനുള്ള ആശയം ഇവർക്ക് ലഭിച്ചത്.

രാജസ്ഥാന്‍ സര്‍ക്കാര്‍, ഐഐടി മദ്രാസ്‌ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇതിനോടകം നിരവധി ഫണ്ട്‌ ഈ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉദയ്പുർ മുനിസിപാലിറ്റിയും ഇവരുടെ സഹായത്തിനുണ്ട്. വിദ്യാർത്ഥികളുടെ കണ്ടുപിടുത്തം രാജ്യത്തെ നിർമ്മാണ മേഖലയിലും മാലിന്യ സംസ്കരണ രംഗത്തും വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com