കൊറോണ : ഡോക്ടറെ കാണിക്കണോ ?
എന്താണ് കൊറോണ ?
കൊറോണ എന്ന വിഭാഗത്തിൽ പെടുന്ന വൈറസ് വഴി പകരുന്ന ഈ രോഗം ലോകത്ത് ആദ്യമായാണ് പടർന്നുപിടിക്കുന്നത്. മറ്റു കൊറോണ വൈറസുകളെപോലെതന്നെ ഇതും മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്നത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്.

ഈ വൈറസ് ന്യുമോണിയയ്ക്ക് കാരണമാകാം. രോഗം ബാധിച്ച എല്ലാവക്കും ശക്തമായ ചുമയും കഫക്കെട്ടുമുണ്ട്. അപൂർവം ചിലരിൽ അവയവങ്ങൾ പ്രവർത്തനരഹിതമാകുന്നു. രോഗത്തിന് പ്രതിരോധ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. രോഗമുക്തി രോഗിയുടെ രോഗപ്രതിരോധശേഷിയെ ആശ്രിയിച്ചിരിക്കും.
ഡോക്ടറെ കാണിക്കേണ്ടത് എപ്പോൾ?
മുകളിൽ സൂചിപ്പിച്ച രോഗലക്ഷണങ്ങളുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറുടെ അടുത്ത് ചെല്ലണം. ഒപ്പം വിദേശരാജ്യങ്ങളിൽ ഈയിടെ യാത്ര ചെയ്ത് വന്നവരാണെങ്കിലും ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തണം. കരുതലാണ് മുഖ്യം.
രോഗലക്ഷണം ഉണ്ടെങ്കിൽ ?
ആദ്യം ചികിത്സ തേടുക. മറ്റുള്ളവരുമായി പരമാവധി സമ്പർക്കം കുറച്ച് വീട്ടിൽ തന്നെ വിശ്രമിക്കുക ( ഹോം ക്വാറന്റൈന്), ഡോക്ടർ നല്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക.
രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമോ ?
പകരുമെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ പറയുന്നു. മറ്റു രാജ്യങ്ങളിലും രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക.
ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
ഒഴുകുന്ന വെള്ളത്തിൽ ( പൈപ്പ് ഉപയോഗിക്കുക ) കൈ സോപ്പുപയോഗിച്ചോ മറ്റോ നന്നായി കഴുകുക. 20 സെക്കന്റെങ്കിലും തേച്ചുരച്ച് കഴുകണം.


തുമ്മുമ്പോൾ കൈപത്തിയേക്കാൾ മുട്ടുപയോഗിച്ച് പൊത്തിപ്പിടിച്ച് തുമ്മുക ( മുകളിലെ ചിത്രം കാണുക ), കൈപ്പത്തിയിലൂടെ സ്രവം മറ്റൊരാളിലേക്ക് എത്താതിരിക്കാനുള്ള എളുപ്പമാർഗമാണിത്.
മുഖാവരണം അഥവാ മാസ്ക് ( തൂവാലയെങ്കിലും ) ഉപയോഗിക്കുന്നതും നല്ലതാണ്.

ലോകത്ത് എത്രപേർക്ക് രോഗം വന്നു ?
2020 മാർച്ച് 12 വരെ ലോകമെമ്പാടുമുള്ള ഒരുലക്ഷത്തി ഇരുപത്തയ്യായിരം പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 80 രാജ്യങ്ങളിലായാണ് രോഗികളുള്ളത്. ഇതിൽ 4600 പേർ മരിച്ചു. 3000 പേർ ചൈനയിലുള്ളവരാണ്. 68000 പേർ രോഗം മാറി വീടുകളിലേക്ക് മടങ്ങി.