പ്രതിഷേധവുമായി വുമണ്‍ ഇന്‍ കളക്ടീവ്

Sharing is caring!

നടിയെ അക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയും പുതിയ വെളിപ്പെടുത്തലും വന്ന സാഹചര്യത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയും വ്യക്തിപരമായി അധിക്ഷേപിച്ചും പ്രസ്താവനകള്‍ ഇറക്കുന്നത് നിയമവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് സിനിമാ രംഗത്തെ സ്ത്രീകളുടെ പുതിയ സംഘടനയായ വുമണ്‍ ഇന്‍ കളക്ടീവ്. ദിലീപിനെതിരെ വ്യാപകമായി വാര്‍ത്തകള്‍ വന്നതോടെ സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. സലിം കുമാറും, അജു വര്‍ഗ്ഗീസും തങ്ങളുടെ പ്രസ്താവനകളില്‍ നടിയെ പരാമര്‍ശിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞ് പിന്നീട് മാപ്പ് പറഞ്ഞും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് വുമണ്‍ ഇന്‍ കളക്ടീവ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. താരസംഘടനയായ അമ്മയും മറ്റ് സിനിമാ മേഖലയിലെ സംഘടനകളും ഇതുവരെ പ്രസ്താവനകള്‍ ഇറക്കുകയോ ദിലീപിനെ പിന്തുണക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് വുമണ്‍ ഇന്‍ കളക്ടീവ് രംഗത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വുമണ്‍ ഇന്‍ കളക്ടീവ് പ്രസ്താവന :

ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com