അപ്പിയിട്ട സാലഡ് ..

Sharing is caring!

മുംബൈയിൽ ജീവിച്ചിട്ടുള്ളവർക്ക് പരിചിതമായ മൂന്ന് കാര്യങ്ങളുണ്ട്,
1. അവിടെ എല്ലാക്കാലത്തും നല്ല ഫ്രഷ് പച്ചക്കറികൾ കിട്ടും, മറ്റു വൻ നഗരങ്ങളിലെ  പോലെയല്ല.
2. മുംബൈ അടുക്കുമ്പോൾ തന്നെ റെയിൽപ്പാളത്തിന് തൊട്ടടുത്തു തന്നെ ചീരയും മറ്റ് പച്ചക്കറികളും  കൃഷിചെയ്യുന്നത് കാണാം.
3. സ്വച്ഛഭാരതം മുംബെയിൽ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. റെയിൽപാളത്തിനടുത്തു തന്നെ  നിരയായിരുന്ന് ആളുകൾ ‘കാര്യം’ സാധിക്കുന്നു.
പ്രത്യക്ഷത്തിൽ ഇത് മൂന്നും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലെന്ന്  തോന്നിയാലും ഇവ തമ്മിലുള്ള ‘അന്തർധാര’ സജീവമാണ്.
ഇത് മുംബൈയിലെ മാത്രം കഥയല്ല. ലോകത്തെ അനേകം വൻ നഗരങ്ങളിൽ  പ്രത്യേകിച്ചും വികസ്വരരാജ്യങ്ങളിൽ ആളുകൾ സ്വന്തം ആവശ്യത്തിനും കച്ചവടത്തിനുമായി പച്ചക്കറി കൃഷി ചെയ്യുന്നത് നഗരത്തിനടുത്തോ നാഗരാതിർത്തിയിലോ ആണ്. പച്ചക്കറി ശീതീകരിച്ചു വെക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും ഫ്രിഡ്‌ജും ഫ്രീസറും കോൾഡ് സ്റ്റോറേജും ഉണ്ടെങ്കിൽത്തന്നെ പവർ  കട്ടുള്ളതിനാൽ അവയെയൊന്നും ആശ്രയിക്കാൻ പറ്റാത്തതുമാണ് ഇതിനുകാരണം. അതുകൊണ്ട് കർഷകർ കസ്റ്റമറുടെ ഏറ്റവും അടുത്തുതന്നെ കൃഷിചെയ്യാൻ ശ്രമിക്കും.
വലിയ നഗരങ്ങളിൽ സ്ഥലത്തിനും ജലത്തിനും വലിയ ഡിമാൻഡാണ്. അതുകൊണ്ടാണ് റയിൽവേ ട്രാക്കിന്റെ അടുത്തൊക്കെ കൃഷി നടക്കുന്നത്. നഗരത്തിന്റെ ഖരമാലിന്യം  നിക്ഷേപിക്കുന്ന ലാൻഡ്‌ഫില്ലുകളിൽ  കൃഷി ചെയ്യുന്നത് ഞാൻ എത്രയോ രാജ്യങ്ങളിൽ കണ്ടിട്ടുണ്ട്.
ജലസേചനത്തിന് വേണ്ട വെള്ളവും ഒരിടത്തും കിട്ടാനില്ല. കുടിക്കാൻ തന്നെ ആവശ്യത്തിന് വെള്ളമില്ല പല നഗരങ്ങളിലും. അപ്പോൾപിന്നെ ബാക്കിയുള്ളത് മലിനജലമാണ്. കക്കൂസുകളിൽനിന്നും ആശുപത്രികളിൽ നിന്നും  ചെറുകിട വർക്ക്ഷോപ്പുകളിൽനിന്നുമുള്ള മലിനജലം അങ്ങനെ ഓടകളിലൂടെ ഒഴുകുകയാണ്.  ഈ ജലമാണ് ജലസേചനത്തിനുപയോഗിക്കുന്നത്. ഈ അപ്പിവെള്ളത്തിലാണ് പച്ചക്കറികൾ വളരുന്നത്. ഭൂരിഭാഗം നഗരങ്ങളിലും കേരളത്തിലുൾപ്പെടെ മലിനജലം ശുദ്ധീകരിക്കാൻ ഒരു പദ്ധതിയുമില്ല.  ലോകത്ത് മൂന്നു കോടി ഹെക്ടർ സ്ഥലത്താണ് അപ്പി വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്, എൺപത് കോടി ആളുകൾ അതിൽ നിന്നുണ്ടാകുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നു.
ശാസ്ത്രീയമായി പറഞ്ഞാൽ ജലസേചനത്തിന്റെ കാര്യത്തിൽ അപ്പിവെള്ളത്തിന്  ശുദ്ധജലത്തേക്കാൾ ചില മേന്മകളൊക്കെയുണ്ട്. നൈട്രജനും ഫോസ്‌ഫറസും ഉൾപ്പെടെയുള്ള പല വളവും ഇതിൽനിന്ന് കിട്ടുന്നതിനാൽ രാസവളങ്ങളുടെ പ്രയോഗം കുറച്ചുമതി. ഫുള്ളി ഓർഗാനിക്കായിത്തന്നെ കൃഷി  നടക്കും.

എന്നാൽ പ്രശ്നമതല്ല. മലിനജലം ഉപയോഗിച്ച് ജലസേചനം നടത്തുമ്പോൾ  അതിലുള്ള ഘനലോഹങ്ങളൊക്കെ പച്ചക്കറിയിലൂടെ നമ്മുടെ ശരീരത്തിലെത്തും. മലിനജലത്തിൽ ഇവ വളരെ കുറവേ ഉള്ളുവെങ്കിലും വേരുകൾ വലിച്ചെടുത്ത് സാന്ദ്രീകരിക്കുന്നതിലൂടെ അത് പലമടങ്ങാകും. ‘bioaccumulation’ എന്നാണിതിന്റെ ശാസ്ത്രീയനാമം. ഇനി ഈ പച്ചക്കറിയോ പുല്ലോ തിന്നുവളരുന്ന ഏതെങ്കിലും  മൃഗത്തെയാണ് നമ്മൾ കഴിക്കുന്നതെങ്കിൽ അത് പിന്നെയും പലമടങ്ങാകും. ഉദാഹരണത്തിന്, മലിനജലത്തിൽ വളരുന്ന കാരറ്റ് കഴിച്ചുവളരുന്ന മുയലിന്റെ ഇറച്ചിയിൽ ജലത്തിലുള്ളതിന്റെ പല  മടങ്ങ് വരെ ഘനലോഹങ്ങൾ എത്തിപ്പറ്റാം. ‘bioconcentration ’ എന്നാണിതിന് ശാസ്ത്രീയനാമം.
ഘനലോഹങ്ങൾ മാത്രമല്ല പ്രശ്നം. കക്കൂസിൽനിന്നുള്ള മലിനജലത്തിൽ  മനുഷ്യശരീരത്തിൽ നിന്നുള്ള അനേകം ബാക്ടീരിയകളും മറ്റു രോഗാണുക്കളും കാണും. പ്രത്യേകിച്ചും ആശുപത്രിമാലിന്യങ്ങൾ ഒരേ ഓടയിലേക്ക് ഒഴുകുന്ന സ്ഥലങ്ങളിൽ. ഇതെല്ലാം ഇലക്കറിയിലും കാബേജിലും ക്വോളിഫ്ളവറിലും പറ്റിപ്പിടിച്ചിരിക്കും.
 
ഇതൊന്നും കേട്ട് കുട്ടികൾ പേടിക്കേണ്ട കേട്ടോ. മീൻ ചീയാതിരിക്കാൻ  ഫോർമലിനിടുകയും ഈച്ച വരാതിരിക്കാൻ ഹിറ്റടിക്കുകയും തണ്ണിമത്തനു  കളർ ഉണ്ടാകാൻ വേണ്ടി രാസവസ്തു കുത്തിവക്കുകയും  ചെയ്തിട്ടും നമ്മൾ സഹിക്കുന്നില്ലേ? പിന്നെയാണോ ഈ അപ്പിയിലെ ഘനലോഹം, പോയി പണി നോക്കാൻ പറ !
എന്നാലും ഒരുപദേശം തരാം, ഞാൻ പാലിക്കുന്നതാണ്. മലിനജലം ശുദ്ധീകരിക്കാൻ പദ്ധതിയില്ലാത്ത നഗരങ്ങളിൽ യാത്ര ചെയ്യുമ്പോൾ   സലാഡ് കഴിക്കാതിരിക്കുന്നതാണ് ബുദ്ധി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com