സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന് വിക്കി കാണിച്ചു തരും
സ്വാതന്ത്ര്യ ദിനത്തില്‍ ഫേസ് ബുക്ക് നോക്കിയപ്പോഴാണ് വിക്കിയെ കണ്ടത്. ഒരു കൗതുകത്തിന് യുട്യൂബില്‍ കയറി ആ ഷോര്‍ട് ഫിലിം കണ്ടു. ഇത് സ്വാതന്ത്ര്യദിനത്തില്‍ തന്നെ റിലീസ് ചെയ്തതിന് അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി. നാടെങ്ങും ആഘോഷ കോലാഹലം നടക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്ന് ലളിതമായി പറയുന്നു ഒമ്പത് മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം. കാണാന്‍ വെറും ഒമ്പത് മിനിട്ടു മാത്രമാണെങ്കിലും വിക്കി പറയുന്നത് വലിയൊരു പ്രമേയമാണ്. അത് കണ്ട് തന്നെ അറിയണം. ഇതാ വിക്കി ഷോര്‍ട് ഫിലിം ഇവിടെ കാണാം..
ഒരുപറ്റം യുവാക്കളുടെ സൃഷ്ടിയില്‍ പിറന്ന വിക്കിയില്‍ പ്രധാന കഥാപാത്രം ഒരു നായയാണ്. യജമാനന്റെ മുന്നില്‍ സ്വതന്ത്ര്യത്തോടെ നല്ല ഭക്ഷണം സ്വപ്നം കണ്ട് കാവലിരിക്കുന്ന അനുസരണയുള്ള നായ. കൂട്ടിലടച്ച കിളികളെ യജമാനന് മുന്നില്‍ കൊണ്ടുവന്നപ്പോഴും അവന് യാതൊന്നും തോന്നിയില്ല. എന്നാല്‍ ഒരു ദിവസം വലിയ ശബ്ദം കേട്ട് ഓടിയ വിക്കി മണിക്കൂറുകളോളം കുഴിയില്‍ വീണ് കിടന്നപ്പോള്‍ അവന് സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞു. കണ്ണില്ലാത്തവനെ കണ്ണിന്റെ വിലയറിയൂ എന്ന് പറയും പോലെ അവന് ആ കിളികളെ തുറന്ന് വിടുകയാണ്. സ്വതന്ത്ര്യത്തെക്കാള് വേറെ വലിയൊരു ചിന്തയില്ല എന്ന് നാം മനസിലാക്കുന്നു വിക്കിയിലൂടെ.
പ്രേക്ഷകനെ മടുപ്പിക്കാത്ത രീതിയില്‍ ആകംക്ഷയുളവാക്കുന്ന ഷോട്ടുകളാണ് വിക്കിയിലുള്ളത്. മ്യൂസിക്കും ഫോട്ടോഗ്രാഫിയും മികച്ച് നിന്നു. മനു ആന്റണിയാണ് വിക്കിയുടെ സംവിധായകന്. ജയേഷ് മോഹനാണ് ഫോട്ടോഗ്രാഫി സംവിധായകന്. സുഷിന് ശ്യാം മ്യൂസിക്. സുനില്‍ ഇബ്രാഹിമാണ് നിര്‍മാണം.