കുട്ടികളോടൊപ്പം ഉയരെ പങ്കുവെച്ച് പാർവ്വതിയും ശൈലജ ടീച്ചറും
തിരുവനന്തപുരം
ശക്തമായ പ്രമേയവും കാലിക പ്രസക്തിയുള്ള വിഷയവും ഉന്നയിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ‘ഉയരെ’ സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം കൈരളി തീയറ്ററില്‍ സംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. കുട്ടികളോടൊപ്പം സിനിമ കാണാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, നടി പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരും ഉണ്ടായി.
ഈ സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവും തോന്നിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നൊരു സിനിമയാണിത്. ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്
അഭിനേത്രി എന്ന നിലയില്‍ പാര്‍വതി വലിയ പ്രകടനമാണ് കാഴ്ചവച്ചത്. എന്നുനിന്റെ മൊയ്തീനിലെ കാഞ്ചനമാലയില്‍ നിന്നും ‘ഉയരെ’യിലെ പല്ലവി വരെയുള്ള പാര്‍വതിയുടെ വേഷപ്പകര്‍ച്ച വലിയ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇതിനിടയില്‍ പാര്‍വതി ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിച്ചെങ്കിലും അതെല്ലാം പല്ലവിയിലൂടെ അതിജീവിച്ചു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെ കരുത്ത് പകരുന്നതാണ് പല്ലവി. വലപ്പോഴും മാത്രമേ സിനിമ കാണാന്‍ അവസരം ലഭിക്കുകയുള്ളൂ. ചില സിനിമകള്‍ കണ്ടപ്പോള്‍ വളരെ വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം വെല്ലുന്ന ഒരു കൊടുങ്കാറ്റായി ഈ സിനിമ മാറി. ഹോമിലെ കുട്ടികള്‍ക്ക് വലിയ ആവേശവും ആശ്വാസവുമായിരിക്കും ഈ സിനിമയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സിനിമ എല്ലാവരും ഇഷ്ടപ്പെടുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരുവോത്ത് പറഞ്ഞു. മോശം സമയത്തും എനിക്കുവരുന്ന നല്ലതും മോശവുമായ എല്ലാ മെസേജുകളും ഞാന്‍ വായിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും അതിലൂടെ തിരിച്ചറിഞ്ഞു. പല്ലവി എന്ന കഥാപാത്രം ഒരു നിമിത്തമാണ്. ഗോവിന്ദ് എന്ന കഥാപാത്രം എങ്ങനെ അങ്ങനെയായെന്ന് ചിന്തിക്കണം. ഇനിയൊരു ഗോവിന്ദന്മാര് ഉണ്ടാകരുതെന്നും പാര്‍വതി പറഞ്ഞു.
എല്ലാവിഭാഗം ആളുകൾക്കും ഒരുപോലെ പ്രചോദനമാകുന്ന, പുതിയ തലമുറയെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന സിനിമയാണ് ഉയരെ. നല്ല സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാളികൾ ഉയരെ എന്ന സിനിമയെ അത് അർഹിക്കുന്ന ഉയരത്തിലെത്തിക്കുകയാണ്. പാർവ്വതി തിരുവോത്ത് പല്ലവി എന്ന മുഖ്യകഥാപാത്രത്തെ അവതിപ്പിക്കുന്നു. ആസിഫ് അലി, ടോവിനോ തോമസ്, സിദ്ദിഖ് എന്നിവരും ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നവാഗതനായ മനു അശോകനാണ് സംവിധാനം.