മെക്സിക്കന്‍ അപാരത ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം: ശ്രദ്ധേയമായി ഗ്രാഫിക്കൽ വീഡിയോ

Sharing is caring!

2017 മാര്‍ച്ച് 3. പരീക്ഷാക്കാലമെന്നോ പഠനകാലമെന്നോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ തിയേറ്ററുകളിലേക്ക് ഒഴുകിയ ദിവസം. സ്കൂളുകളും കോളേജുകളും മുദ്രാവാക്യം വിളികളോടെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ദിവസം. മലയാള സിനിമയ്ക്ക് ടോവിനോ തോമസ് എന്ന താരത്തെ സമ്മാനിച്ച ദിവസം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് മെക്സിക്കന്‍ അപരാത റിലീസ് ആയത്.

മൂന്ന് വര്‍ഷം തികഞ്ഞ മെക്സിക്കന്‍ അപാരതയുടെ ഓര്‍മ്മ പുതുക്കി കൊച്ചിയിലെ ജോയല്‍ആര്‍ട്ട് തയ്യാറാക്കിയ ഗ്രാഫിക്സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മറ്റൊരു അപാരത സൃഷ്ടിക്കുകയാണ്. മെക്സിക്കന്‍ അപാരതയില്‍ ഹിറ്റ് ആയ വിഷ്വലുകള്‍ ചേര്‍ത്ത ഗ്രാഫിക്സ് വീഡിയോ ആണ് ജോയല്‍ആര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്ത് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായ സാന്നിധ്യമുണ്ട് ജോയല്‍ ആര്‍ട്ടിന്. താരങ്ങളുടെ വിവിധ ഗെറ്റപ്പുകളുടെയും സിനിമാ വിഷ്വലുകളുടെയും ഗ്രാഫിക്സ് തയ്യാറാക്കിയാണ് ജോയല്‍ആര്‍ട്ട് ശ്രദ്ധനേടിയത്. താരങ്ങള്‍ ഇവ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിൽ മെക്സിൻ അപാരതയുടെ മൂന്ന് വർഷവും ജോയൽ ആർട്ടിലൂടെ സോഷ്യൽമീഡിയ ആഘോഷമാക്കുകയാണ്.

Image result for Oru Mexican Aparatha

മലയാള സിനിമയിലെ തുടക്കക്കാരായ ടോവിനോ തോമസും നീരജ് മാധവും പ്രധാന വേഷത്തിലെത്തിയ മെക്സിക്കന്‍ അപാരത ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കേന്ദ്രീകരിച്ച കഥയാണ് പറഞ്ഞത്. മഹാരാജാസ് കോളേജിലെ ഒരു കാലഘട്ടം ചിത്രീകരിക്കുന്നതോടൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പാകിയ ഒട്ടേറെ മുദ്രാവാക്യങ്ങളും സിനിമയുടെ ഭാഗമായി. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍റെ പേരിലുള്ള പാട്ട് മറ്റൊരു രീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചു. ഒരുകാലഘട്ടത്തിന്‍റെ മുദ്രാവാക്യങ്ങള്‍ സിനിമയെ ആവേശഭരിതമാക്കി. ന്യൂജനറേഷന്‍ സിനിമകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വരുന്ന കാലമായതിനാല്‍ മെക്സിക്കന്‍ അപാരതയും വേറിട്ട ശൈലിയാണ് ഉപയോഗിച്ചത്.

ടോവിനോയുടെ താരപദവിയിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു ഈ സിനിമ. കൊച്ചനിയനായും പോളായും ടോവിനോ മികച്ച പ്രകടനം കാഴ്ചവെച്ചു. മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ഒട്ടേറെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ടോവിനോയെ തേടിയെത്തി. നീരജ് മാധവ് നായക വേഷങ്ങളിലേക്ക് ചുവടുമാറ്റിയതും മെക്സിക്കന്‍ അപാരതയ്ക്ക് ശേഷമാണ്. കണ്ണൂരുകാരന്‍ സഖാവായി സുബീഷ് സുധി മലയാളികളുടെ പ്രിയപ്പെട്ട നടനായതും ഇതേ സിനിമയിലൂടെയാണ്. തനി നാടന്‍ കണ്ണൂരുകാരന്‍ കഥാപാത്രങ്ങള്‍ സുബീഷിനെ തേടിയെത്തിയതും ഈ സിനിമയ്ക്ക് ശേഷമാണ്. രൂപേഷ് പീതാംബരന് ശ്രദ്ധിക്കപ്പെടുന്ന തിരിച്ചുവരവായിരുന്നു ഈ സിനിമ.

Image result for Oru Mexican Aparatha

ഒന്നര കോടിയോളം രൂപ മാത്രം മുടക്കി നിര്‍മ്മിച്ച താരങ്ങളിലില്ലാത്ത ഈ ചെറിയ സിനിമ ആദ്യ ദിവസം തന്നെ 2.07 കോടി കളക്ഷന്‍ നേടിയിരുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ നൂറ് ദിവസം പ്രദര്‍ശിപ്പിച്ച സിനിമ ആകെ 22 കോടിയോളം കളക്ഷന്‍ നേടി. ടോം ഇമ്മട്ടിയാണ് സിനിമ എഴുതി സംവിധാനം ചെയ്തത്. അനൂപ് കണ്ണനാണ് പ്രൊഡ്യൂസര്‍. ഇന്നും മെക്സിക്കന്‍ അപാരതയിലെ ചില രംഗങ്ങളും ഡയലോഗുകളും കലാലയങ്ങളില്‍ മുഴങ്ങാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com