ഷാനവാസിന്റെ മേക്കിംഗ്, വിനായകന്റെ പ്രകടനം : തൊട്ടപ്പന് മാസാണ്
സനക് മോഹൻ
“എല്ലാവര്ക്കും മനസിലാക്കാന്‍ സാധിക്കുന്ന ലളിതമായ ഒരു സിനിമയായിരിക്കും എന്റെ തൊട്ടപ്പന്” എന്നാണ് സംവിധായകന് ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞത്. പ്രകൃതിമനോഹരമായ തുരുത്തിലെ തൊട്ടപ്പന്റെ കഥ കാണുമ്പോള്‍ ഷാനവാസിന്റെ ഈ വാക്കുകളാണ് മനസിലൂടെ പാഞ്ഞുപോകുന്നത്. അത്രയേറെലളിതവും അതിനേക്കാളേറെ മനോഹരവും ശക്തവുമാണ് തൊട്ടപ്പന്. ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ തൊട്ടപ്പനെന്ന സിനിമ ഷാനവാസിലും വിനായകനിലും പുതമുഖ നടി പ്രിയംവദയിലും ഭദ്രമായിരുന്നു.
പച്ചയായ മനുഷ്യരുടെ കഥകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ പറയുന്ന കഥാകാരനാണ് ഫ്രാന്‍സിസ് നൊറോണ. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കഥയാണ് തൊട്ടപ്പന്. ഒരു കള്ളനും വളര്‍ത്തുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ എന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും കഥാപാത്ര സൃഷ്ടിയിലും കഥാപശ്ചാത്തലത്തിലും ശക്തമായ ആവിഷ്കാരമായിരുന്നു തൊട്ടപ്പന്. ഒരുപാട് സിനിമകള്‍ക്ക് സാധ്യതയുള്ള, വ്യത്യസ്തമായ ഒരു മേക്കിംഗ് ആണ് ഈ ചെറുകഥ. തുരുത്തിലെ ജീവിതങ്ങളെ അഭ്രപാളിയിലേക്ക് എത്തിക്കാനുള്ള ഷാനവാസ് കെ ബാവക്കുട്ടിയുടെ ശ്രമം വിജയകരമായിരുന്നു എന്നാണ് തൊട്ടപ്പന് കണ്ട പ്രേക്ഷകര്‍ വിലയിരുത്തുന്നത്. പച്ചയായ മനുഷ്യരുടെ ദൃശ്യാവിഷ്കാരം റിയലിസ്റ്റ്ക് ഡ്രാമയായി അവതരിപ്പിക്കാന്‍ ഷാനവാസിന് സാധിച്ചിട്ടുണ്ട്.
മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ഗ്രാമത്തിന്റെ ഭംഗിയും തിന്മയും കൂടിക്കലര്‍ന്ന കഥയെ അതിമനോഹരമായ ദൃശ്യാവിഷ്കാരമാക്കി മാറ്റിയിട്ടുണ്ട് ഷാനവാസ്. തുരുത്തിലെ ജീവിതങ്ങളോടൊപ്പം പാര്‍ക്കുന്ന കായലും മത്സ്യങ്ങളും തോണിയും രാത്രിയും പകലും അങ്ങനെ എല്ലാം മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. പച്ചമനുഷ്യരോടൊപ്പം പച്ചയായ പ്രകൃതിയും വന്നുപോകുമ്പോള്‍ പ്രേക്ഷകന് നല്ല സിനിമ കണ്ട അനുഭൂമിയാണ് തൊട്ടപ്പന് സമ്മാനിക്കുന്നത്. സാധാരണ മലയാളസിനിമകളില്‍ കണ്ടുവരുന്ന ആഖ്യാന ശൈലിയല്ല തൊട്ടപ്പന്റെ മേക്കിംഗില്‍ സംവിധായകന് ഉപയോഗിച്ചത്. ഒരു കാവ്യം പോലെ, ഒരു നോവല്‍ പോലെ തുടര്‍ച്ചയായി ഒഴുകുന്ന പുഴയാണ് തൊട്ടപ്പനെന്ന സിനിമ. ത്രില്ലര്‍ മൂഡിലോ, വയലന്‍സ് മൂഡിലോ ഒരുക്കാമായിരുന്നിട്ട് കൂടി റിയലിസ്റ്റിക് അനുഭൂതിയിലേക്ക് തൊട്ടപ്പനെ പറിച്ചുനടുകയായിരുന്നു ഷാനവാസ്. അതും ഒഴുകുന്ന പുഴപോലെ മനോഹരമായി.
വിനായകന് മലയാളികളുടെ ഇന്റര്‍നാഷണല്‍ ആക്ടര്‍ എന്നാണ് സിനിമാമേഖലയില്‍ പറയാറുള്ളത്. അര്‍ത്ഥവത്തായ വിശേഷണമാണെന്ന് കമ്മട്ടിപ്പാടം കണ്ടവര്‍ നേരത്തെ പറഞ്ഞിരുന്നു. തൊട്ടപ്പനിലെ വിനായകനെ കണ്ടപ്പോള്‍ അത് പൂര്‍ണമായും ശരിയായി. ഒരു ഗ്രാമത്തിലെ നിഷ്കളങ്കനും ക്രൂരനും തല്ലുകൊള്ളിയുമായ ഇത്താഖ് എന്ന മനുഷ്യനെ അതിന്റെ എല്ലാ തലത്തിലും മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കാത്ത നിലയില്‍ പൂര്‍ണമാക്കുകയായിരുന്നു വിനായകന്. തൊട്ടപ്പനായി ജീവിക്കുകയായിരുന്നു വിനായകന്.
സാറയായി വേഷമിട്ട പ്രിയംവദ ഒരു പുതുമുഖമാണെന്ന് ഒരിക്കലും പറയില്ല. ഇത്താഖ് വളര്‍ത്തിയ പെണ്ണിന്റെ എല്ലാ ഉശിരും ഉയിരും സാറയില്‍ ഭദ്രമായിരുന്നു. ഒരു സംഭവം നടക്കുമ്പോള്‍ ഇത്താഖ് എങ്ങനെ പ്രതികരിക്കുമോ അതുപോലെ തന്നെയാണ് സാറയും. ധീരയായ പെണ്‍കുട്ടി. “സൈക്കിളില്‍ നിന്നും വീണ് കാല് പൊട്ടി ചോരയൊലിക്കുമ്പോള്‍ തൊട്ടപ്പന് പറയുന്നത് ഇനിയും നിറട്ടെയെന്നാണ്.” സാറയുടെ ഈ വാക്കുകളില്‍ എല്ലാ വേദനയും ആഴത്തില്‍ പ്രതിഫലിക്കുമ്പോഴാണ് ജീവിതത്തില്‍ ഏത് കൊടുമുടിയും കയറാനാകു എന്ന ഇത്താഖിന്റെ വിശ്വസമുണ്ടായിരുന്നു. അങ്ങനെയാണ് സാറയെ അയാള്‍ വളര്‍ത്തിയത്. അതുകൊണ്ട് തന്നെ സാറ ആ തുരുത്തിലെ മറ്റൊരു ഇത്താഖ് ആയിരുന്നു. പുതുമഖമായ പ്രിയംവദയുടെ കണ്ണുകളിലും ശരീര ഭാഷയിലും വിനായകന് അവതരിപ്പിച്ച ഇത്താഖിന്റെ പ്രതിരൂപം ഭദ്രമായിരുന്നു.
ഗ്രാമഭംഗിയോട് ചേര്‍ന്ന് നില്ക്കുന്ന പാട്ടുകളാണ് സിനിമയിലെ മറ്റൊരു പ്രത്യേകത. ആദ്യസിനിമയായ കിസ്മത്തില്‍ മനോഹരമായ പ്രണയ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഷാനവാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെയാണ് തൊട്ടപ്പനിലും. ആ കഥയോട് ഇഴചേര്‍ന്ന് നില്ക്കുന്ന സംഗീതം ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം റിയലിസ്റ്റിക് മേക്കിംഗിനോട് ചേര്‍ന്ന് നില്ക്കുന്ന ജസ്റ്റിന് വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്. തുരുത്തിന്റെ ഭംഗി രാത്രിയും പകലും മനോഹരമായി ഒപ്പിയെടുത്ത സുരേഷ് രാജന്റെ ഛായാഗ്രഹണവും ജിതിന് മനോഹറിന്റെ എഡിറ്റിംഗും സിനിമയെഹൃദ്യമാക്കി.
ഭരതന്, പത്മരാജന് സിനിമകള്‍ പ്രേക്ഷകന് നല്കുന്ന ഒരു ഫീലിംഗ് ആണ് തൊട്ടപ്പനും നമുക്ക് തരുന്നത്. അത്തരത്തില്‍ തൊട്ടപ്പനെ ആവിഷ്കരിക്കുന്നതില്‍ പി എസ് റഫീക്ക് എന്ന തിരിക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. തിരക്കഥയോട് നീതിപുലര്‍ത്തുന്ന ദൃശ്യാവിഷ്കാരവും അതിനോട് കിടപിടിക്കുന്ന അഭിനേതാക്കളുമാണ് തൊട്ടപ്പനെ മനോഹരമാക്കുന്നത്. ജോണപ്പനായി എത്തിയ ദിലീഷ് പോത്തന്, ഇസ്മയിലിനെ അവതരിപ്പിച്ച റോഷന് മാത്യു, അദ്രുമാനായി എത്തിയ രഘുനാഥ് പലേരി, അന്ത്രപ്പേര്‍ ആയി എത്തിയ ലാല്‍, പള്ളീലച്ചനായി അഭിനയിച്ച മനോജ് കെ ജയന് എന്നിങ്ങനെ ടിപ്പു നായയും ഉമ്മുക്കുല്‍സു പൂച്ചയും കായലും കരയും ഓരോ പുല്‍ത്തകിടും തൊട്ടപ്പനും സാറയ്ക്കുമൊപ്പം ജീവിക്കുകയായിരുന്നു.
വ്യത്യസ്തമായ സിനിമകള്‍ തുടര്‍ച്ചയായി പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന മലയാളത്തിന് മറ്റൊരു ആവിഷ്കാരമാണ് ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പന്.