മായാനദി ; മലയാള സിനിമയ്ക്ക് ഒരു ബൂസ്റ്റ്…

Sharing is caring!

വെബ്‌ ഡെസ്ക് 

“എനിക്കൊരു ബൂസ്റ്റ്‌..” മാത്തനും അപ്പുവിനും ബൂസ്റ്റ്‌ നല്‍കിയ മായനദി മലയാള സിനിമ ചരിത്രത്തിലെ ഒരിക്കലും മായാത്ത നദിയാണ്. ഇനിയുള്ള കാലം മലയാള സിനിമയെ മായനദിക്ക് മുന്‍പും ശേഷവും എന്ന് വിശേഷിപ്പിച്ചാലും അത്ഭുതപ്പെടാനില്ല..  മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയര്‍ത്തുന്ന മൂല്യമുണ്ട് മായാനദിക്ക്. അത് പരാജയപ്പെടുന്നത് മലയാളിയുടെ പുരോഗമന മൂല്യത്തിന്‍റെ തകര്‍ച്ചയാണ്.

മായാനദി വെറുമൊരു സിനിമയല്ല. സിനിമയെന്ന കലയ്ക്ക് സമൂഹത്തിനോട് പറയാനുള്ള വിപ്ലവകരമായ ഒരു അനുഭൂതിയാണ്. ലോകനിലവാരത്തിലേക്ക് മലയാളത്തെ എടുത്തുയര്‍ത്താന്‍ തങ്ങള്‍ക്കാകും എന്ന് ഒരിക്കല്‍ കൂടി ദിലീഷ് പോത്തനും, ശ്യാം പുഷ്കരനും തെളിയിച്ചിരിക്കുന്നു. ഐഎഫ്എഫ്കെ കഴിഞ്ഞ് അതിന്‍റെ മൂഡ് പോകും മുന്‍പ് തന്നെ ഇങ്ങനെ ഒരു സിനിമ കൂടി സമ്മാനിച്ചതിന് നല്ല സിനിമയുടെ പ്രേക്ഷകര്‍ ആഷിഖ് അബുവിനോട് കടപ്പെട്ടിരിക്കുന്നു.

മായാനദിയെ കുറിച്ച് നല്ലതും ചീത്തയുമായ ഒരുപാട് സംവാദങ്ങള്‍ നടക്കുന്നുണ്ട്. ചിലര്‍ പറയുന്നു സിനിമയെ മനപൂര്‍വ്വം പരാജയപ്പെടുത്താനുള്ള ശ്രമം ഉണ്ടെന്ന്. ചിലര്‍ പറയുന്നു കുടുംബവുമായി ഒന്നിച്ചിരുന്ന് മായാനദി കാണാന്‍ സാധിക്കില്ലെന്ന്. മറ്റു ചിലരാകട്ടെ പ്രണയത്തെ വാനോളം പുകഴ്ത്തുന്നു. മായാനദി പറഞ്ഞ രാഷ്ട്രീയം മനസിലാക്കാന്‍ മാത്രം വളര്‍ച്ച ഇനിയും മലയാളികള്‍ക്ക് കൈവന്നിട്ടില്ലെന്ന് മാത്രമെ ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കു. സിനിമ എന്നാല്‍ താരവും നെടുനീളന്‍ ഡയലോഗുകളും മാസും പഞ്ചും ഒക്കെയാണെന്ന മിഥ്യാധാരണ മലയാളികളെ ഇന്നും വേട്ടയാടുന്നുണ്ട്.
ആഷിഖ് അബുവിന്‍റെയും റിമയുടെയും രാഷ്ട്രീയം വരെ മായാനദി എന്ന സിനിമയുടെ പരാജയകാരണമായി ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മായാനദി ഒരിക്കലും ഒരു പരാജയമല്ല. ഈ സിനിമ പരാജയപ്പെട്ടാല്‍ അത് മലയാളികളുടെ തന്നെ പരാജയവും അരാജകത്വവും ആണ്. ഈ സിനിമ വിജയിച്ചാല്‍ ലിംഗസമത്വത്തിന്‍റെ പുരോഗമനപരമായ മറ്റൊരു രാഷ്ട്രീയപ്രതലത്തിലേക്ക് മലയാളികള്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന് അനുമാനിക്കാം. കാരണം, മലയാളികളുടെ കപട മുഖം തന്നെയാണ് മായാനദിയെന്ന സിനിമ പറഞ്ഞത്. സെക്സിനോടും പ്രണയത്തോടും മലയാളികള്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ ചില പ്രവണതകളെ യഥാര്‍ത്ഥത്തില്‍ പൊളിച്ചടുക്കുകയാണ് ഈ സിനിമ. മലയാള സിനിമയില്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള ഒരു കഥ തന്നെയാണ് മായാനദിയും. എന്നാല്‍ അതിന്‍റെ അവതരണ ശൈലി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

വളരെ റിയലിസ്റ്റിക്കായി ഒരു യുവാവിന്‍റെ ജീവിതത്തിലൂടെ പറഞ്ഞുപോകുന്ന കഥയാണ് മായാനദി. അനാഥനായ മാത്തന്‍റെ ജീവിക്കാനുള്ള വഴികള്‍ തെറ്റായതായിരുന്നു. അപ്പോഴും ജീവിതത്തിലൂടെ കടന്നുപോയ ഒരു പ്രണയം ഉള്ളിന്‍റെയുള്ളില്‍ മാത്തന്‍ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട് കൊച്ചിയിലെത്തുമ്പോള്‍ അയാള്‍ ആദ്യം തേടിയെത്തുന്നത് അവളെയാണ്. ഇരുവരും മറന്നതായി അഭിനയിക്കുന്ന പ്രണയത്തിലേക്ക് വീണ്ടും കടന്നുപോകുന്നു എന്ന് മാത്തനും ഒപ്പം പ്രേക്ഷകനും തോന്നുന്നുവെങ്കിലും തന്‍റെ ലക്ഷ്യത്തിലെത്താന്‍ ജീവിതത്തോട് മല്ലിടുകയും വളരെ പോസിറ്റീവായി ഓരോ നിമിഷവും കാണുകയും ചെയ്യുന്ന സാധാരണ മലയാളിപ്പെണ്‍കുട്ടിയാണ് അപര്‍ണ.

ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും എന്തൊക്കെയാണ് തടസ്സം.? ചോദ്യം ഒന്നാണെങ്കിലും ഉത്തരങ്ങള്‍ പലതാണ്. തനിക്ക് സന്തോഷം വന്നപ്പോള്‍ തന്‍റെ പഴയ കാമുകനുമായി സെക്സിലേര്‍പ്പെടുന്ന അവള്‍ സെക്സ് എന്നത് ഒരു വാഗ്ദാനമല്ലെന്നും ഒരു സുഖവും സന്തോഷവും മാത്രമാണെന്നും സമൂഹത്തോട് പറയുകയാണ്. മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും ഒരു സുഖമാണെങ്കില്‍ സെക്സും അത്രയൊക്കെയെ ഉള്ളു എന്ന് മലയാളികളുടെ മുഖത്തടിച്ചാണ് അവള്‍ പറഞ്ഞത്. സെക്സിനോട് മലയാളി വെച്ച് പുലര്‍ത്തിയ കപട മുഖത്തെയാണ് ഇവിടെ നിലത്തുടച്ചത്. അത്രയും വലിയ രാഷ്ട്രീയം ഈ സിനിമ പുതിയകാലത്തോട് പറഞ്ഞു. ഇതൊക്കെ മലയാളികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആഷിഖ് അബുവും ശ്യാമും ദിലീഷും വരേണ്ടി വന്നു. ഇങ്ങനെയുള്ള പച്ചയായ രാഷ്ട്രീയം പറഞ്ഞതിന് ഇവര്‍ക്ക് മലയാള സിനിമാ ലോകത്ത് പിടിച്ച് നില്‍ക്കാന്‍ തന്നെ പോരാട്ടം നടത്തേണ്ടി വരുന്നു.
സെക്സ് ഒരു വാഗ്ദാനമല്ലെന്ന് പറഞ്ഞ പെണ്ണിനെ വേശ്യയെന്ന് വിളിച്ച മാത്തന്‍ നമുക്കുചുറ്റുമുള്ള ചിലരുടെ പ്രതീകമാണ്. കമ്മട്ടിപ്പാടം എന്ന സിനിമയില്‍ സൗബിന്‍റെ മുഖം കണ്ടപ്പോള്‍ തന്നെ മലയാളികള്‍ പൊട്ടിച്ചിരി ആരംഭിച്ചു. എന്നാല്‍ സൗബില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ചിരിച്ചവര്‍ വായ അടക്കാതെ നിശബ്ദമായി ഇരിക്കുകയായിരുന്നു. മായാനദിയിലെയും സൗബിന്‍ അങ്ങനെയാണ്. വളരെ ഉയരത്തില്‍ നില്‍ക്കുന്ന തന്‍റെ സഹോദരിയുടെ കഴിവിനെയല്ല, അവളുടെ സുരക്ഷയെന്ന് പറഞ്ഞ് സ്വാതന്ത്ര്യത്തെ അയാള്‍ കൂട്ടില്‍ അടയ്ക്കുകയാണ്. പെണ്ണിന്‍റെ ശരീരം പുറത്ത് കാണിക്കാതെ മൂടിവെച്ച് നടക്കണമെന്ന് ചിന്തിക്കുന്നവരുടെ പ്രതീകമാണ് സൗബിന്‍റെ കഥാപാത്രം. സ്ത്രീകളുടെ കഴിവ് ഈ സമൂഹത്തിന് വേണ്ട. മറിച്ച് അവളുടെ സുരക്ഷയെന്ന് പറഞ്ഞ് അവളെ കൂട്ടിലടയ്ക്കാനാണ് സമൂഹം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അവളുടെ ശബ്ദം സമൂഹത്തിന് അരോജകമാണ്. അവിടെയാണ് അപര്‍ണ സെക്സ് എന്നത് ഒരു വാഗ്ദാനമല്ലെന്ന് പറയുന്നത്.

ഇത്രയും വലിയ രാഷ്ട്രീയം പറഞ്ഞ മായാനദിയെ പ്രേക്ഷകന്‍ എങ്ങനെ സ്വീകരിച്ചു എന്നതാണല്ലോ പറഞ്ഞുവന്നത്. അതിന് ഉദാഹരണവുമായി എവിടെയും പോകേണ്ടതില്ല, മായാനദി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ തന്നെ പോയാല്‍ മതി. ട്രാന്‍സ്ജെന്‍ററിനെ കാണിക്കുമ്പോള്‍ തിയേറ്ററില്‍ ചിരിയും കൂകലുമായിരുന്നു. ചില ഹിന്ദി സിനിമകള്‍ കാണാന്‍ ചില ആളുകള്‍ തിയേറ്ററുകളില്‍ ഇരച്ചുകയറും. അത് ഹിന്ദി സിനിമയോടുള്ള പ്രണയമല്ല. അതിലെ ചില സീനുകളോടാണ് അവര്‍ക്ക് പ്രണയം. അങ്ങനെ ബോളിവുഡ് സിനിമകളില്‍ അവതരിപ്പിക്കും പോലെ അഭിനയിച്ച അപര്‍ണയുടെയും മാത്തന്‍റെയും സെക്സ് സീന്‍ കാണാന്‍ മാത്രം തിയേറ്ററുകളില്‍ എത്തുന്നവരും കുറവല്ല. കാരണം, ആ സീനുകളെത്തുമ്പോള്‍ ചിലര്‍ അറിയാതെ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇതിനെല്ലാമുപരി നല്ല സിനിമയെ കാത്തിരുന്ന പ്രേക്ഷകര്‍ സിനിമ കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ കൈകളിടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഒരു ചെറിയ തിയേറ്ററിലെ ഇരുന്നൂറോ അതിന് മുകളിലോ ഉള്ള ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മലയാളിയെ വേര്‍തിരിക്കാന്‍ മാത്രം പക്വതയുള്ള രാഷ്ട്രീയം പറഞ്ഞ മായാനദിയുടെ ടീമിന് നിറഞ്ഞ കൈയ്യടി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com