സർക്കാർ : തമിഴ്നാട് രാഷ്ട്രീയം പൊളിച്ചെഴുതാനുള്ള ആഹ്വാനം

Sharing is caring!

സനക് മോഹൻ

ഇളയ ദളപതി വിജയിയുടെ സർക്കാർ. എ ആർ മുരുകദോസും വിജയിയും ഒന്നിക്കുന്ന സിനിമ എന്നതിൽ കവിഞ്ഞ് മെർസലിന് ശേഷം വരുന്ന രാഷ്ട്രീയ പ്രമേയമുള്ള സിനിമ. അതായിരുന്നു സർക്കാർ നൽകിയ പ്രതീക്ഷ. ഇന്ത്യൻ രാഷ്ട്രീയത്തെ പൊതുവെയും തമിഴ്നാട് രാഷ്ട്രീയത്തെ മൊത്തമായും പറഞ്ഞുപോകുന്ന സിനിമയാണ് സർക്കാർ.

ലോകത്തെ മൂന്ന് രാജ്യങ്ങൾ ബാൻ ചെയ്ത കോർപ്പറേറ്റ് ഭീകരൻ, കോടികൾ സാലറിയുള്ള ജോലിയുള്ള കോർപറേറ്റ് തലവൻ. അയാൾ ഒരു രാജ്യത്ത് വരുന്നത് ആ രാജ്യത്തെ കോർപറേറ്റ് ലോകത്തിന് തന്നെ ഭീതിയാണ്. വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഇതൊക്കെയാണ്. അയാൾ ഇന്ത്യയിലേക്ക് വരുന്നത് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാനാണ്. അതിന് പിന്നിൽ ഒരു കഥയുണ്ടെങ്കിലും വോട്ട് ചെയ്യാനെത്തിയതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ അയാളെ തമിഴ്നാട് രാഷ്ട്രീയത്തിലേക്കും ജനാധിപത്യത്തെ ഒരു സാധാരണക്കാരനിലൂടെ നിർവചിക്കുന്നതിലേക്കും ഒക്കെ എത്തിച്ചേർക്കും. ഇതാണ് സർക്കാർ എന്ന വിജയ് ചിത്രം. പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും സർക്കാർ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.

സ്ഥിരം വിജയ് സിനിമകളുടെ താളം തന്നെയാണ് സർക്കാരിനും ഉള്ളത്. എന്നാൽ ഉള്ളടക്കത്തിലെ രാഷ്ട്രീയ പ്രശ്നം ഗുരുതരം തന്നെയാണ്. ഒരു പാട്ട് സീനിൽ ജനങ്ങൾ ടിവിയും മിക്സിയും മറ്റും തീയിലേക്ക് വലിച്ചെറിയുന്നുണ്ട്. കാലാകാലങ്ങളായി തമിഴ്നാട് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് പാവപ്പെട്ട ജനങ്ങൾക്ക് ടിവിയും ഫ്രിഡ്ജും മിക്സിയും ഒക്കെ വാങ്ങി നൽകാറുണ്ട്. ഇതാണ് അവർ തീയിലേക്ക് എറിയുന്നത്. ഇതല്ല, ജനാധിപത്യം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇവിടെ. ഒരു പണിയും എടുക്കാതെ ഏതെങ്കിലും പാർട്ടി കൊടിക്കീഴിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവനല്ല, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ആളുകൾ വേണം സർക്കാരുണ്ടാക്കാൻ എന്ന ആഹ്വാനത്തോടെയാണ് സിനിമ അവസാനിക്കുന്നത്. അതോടൊപ്പം കേൾവിക്കാരായും ചോദ്യകർത്താക്കളായും ജനങ്ങൾ സർക്കാരിന് എതിരായി വേണമെന്നും സർക്കാർ പറയുന്നു.

തമിഴ്നാട് രാഷ്ട്രീയത്തെ സംബന്ധിച്ച് സർക്കാർ എന്ന വിജയ് സിനിമ നിർണായകം തന്നെയാണ്. നിലവിലെ രാഷ്ട്രീയ കക്ഷികളെ തള്ളി കമൽഹാസനും രജനികാന്തും രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുകയാണ്. വിജയ് ഇവരിൽ ആരുടെ ഒപ്പം നിൽക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് സർക്കാർ സിനിമ. നിങ്ങളുടെ എതിരായി, ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്ന ഒരാളായി താനുണ്ടാകുമെന്നും സർക്കാരുണ്ടാക്കാൻ ഇല്ലെന്നും വളരെ കൃത്യമായി വിജയ് നിലപാട് വ്യക്തമാക്കുന്നു. അതോടൊപ്പം പണത്തിനും അധികാരത്തിനും വേണ്ടിയല്ല, തമിഴ്നാടിൻറെ യഥാർത്ഥ പ്രശ്നം പരിഹരിക്കാൻ ജനങ്ങളിൽ നിന്നും തന്നെ സർക്കാരുണ്ടാകണം എന്ന മാറ്റത്തിനാണ് വിജയ് തിരികൊളുത്തിയിരിക്കുന്നത്. ഇത് പുതിയ രാഷ്ട്രീയകക്ഷികളായ രജനികാന്തിനും കമൽഹാസനും ഉള്ള സൂചന കൂടിയാണ്. ഒരു കോർപറേറ്റിനെ തമിഴ്നാട് രാഷ്ട്രീയത്തിലെ താഴേക്കിടയിലേക്ക് കൊണ്ടുവന്നത് തന്നെ ഇതിന് തെളിവായി വേണം കരുതാൻ.

ഇന്ത്യൻ ജനാധിപത്യത്തിന് നേരെയും ചില ചോദ്യങ്ങൾ ഉയർത്തുന്ന സിനിമയാണ് വിജയിയുടെ സർക്കാർ. തിരഞ്ഞെടുപ്പിലെ അപാകതകളും കള്ളവോട്ട് രീതിയും പണംകൊടുത്തുള്ള വോട്ടിംഗും എല്ലാം സിനിമ ചർച്ച ചെയ്യുന്നു. ഒരു കോർപറേറ്റ് സ്ഥാപനം ജനങ്ങളെ എങ്ങനെ പിഴിയുന്നുവോ അതുപോലെ ജനങ്ങളെ രാഷ്ട്രീയ പാർട്ടികളും പിഴിയുകയാണെന്ന കാഴ്ചയാണ് സിനിമ നമുക്ക് സമ്മാനിക്കുന്നത്. ഇന്ത്യൻ ജനതയുടെ പട്ടിണി മാറ്റാത്ത ഒരു വികസനവും ജനാധിപത്യ വികസനമല്ലെന്ന് സിനിമ പറയുന്നു. കർഷകരും ജനസേവകരും അദ്ധ്യാപകരും ഒക്കെയാണ് ജനനേതാക്കളായി വരേണ്ടതെന്ന സന്ദേശവും സിനിമ നൽകുന്നുണ്ട്. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന ചില യഥാർത്ഥ സ്ഥാപനങ്ങളെയും വ്യക്തികളെയും കാണിച്ചുകൊണ്ടാണ് മുരുകദോസ് ഇത് പറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തിലെ ചില പോരായ്മകളെ ചൂണ്ടിക്കാണിക്കുകയും അതിന് ജനാധിപത്യത്തിൽ തന്നെ പരിഹാരം ഉണ്ടെന്ന് പറയുകയുമാണ് സിനിമ. ജനങ്ങൾക്ക് ആവശ്യം വേണ്ട നിയമബോധവൽക്കരണം പാഠപുസ്തകങ്ങളിലൂടെ തന്നെ നൽകണമെന്ന വാക്കുകൾ ഇതിന് ഉദാഹരണമാണ്.

ഇത്രയൊക്കെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിലും സിനിമ വിമർശനവിധേയം കൂടിയാണ്. ഇതിനെക്കാൾ ശക്തമായി രാഷ്ട്രീയം പറഞ്ഞ മെർസലിനെ തട്ടിച്ചുനോക്കുകയാണെങ്കിൽ ആരാധകർക്ക് ആവേശം പകരാനോ നല്ല കഥ കണ്ടെത്താനോ സർക്കാരിന് സാധിച്ചിട്ടില്ല. തനിക്ക് ഇന്നത്തെ വ്യവസ്ഥിതിയോട് ചിലത് പറയാനുണ്ട് എന്നതിനാൽ അതിനായി ഒരു കഥ സൃഷ്ടിക്കുക എന്ന കല്ലുകടിയാണ് സിനിമയിലുടനീളം ഉള്ളത്. തമിഴ് സിനിമ അടിമുടി മാറുകയാണ്. അതിന് അനുസൃതമായി ഉയരാൻ വിജയ്ക്കും സർക്കാരിനും സാധിച്ചിട്ടില്ല. പല സ്ഥലങ്ങളിലും വിജയിയുടെ തന്നെ തലൈവ, ഭൈരവ, കത്തി തുടങ്ങിയ സിനിമകളെ ഓർമ്മിപ്പിക്കുന്ന സീനുകളാണുള്ളത്. മാത്രമല്ല, ഇടയ്ക്ക് ഇടയ്ക്ക് കയറി വരുന്ന എ ആർ റഹ്മാൻ പാട്ടുകൾ അരോജകമായിരുന്നു.

വിജയ് പതിവ് മാനറിസങ്ങളിൽ ഒതുങ്ങിയപ്പോൾ പ്രതിനായികാസ്ഥാനത്ത് വന്ന വരലക്ഷ്മി ശരത്കുമാർ ഞെട്ടിക്കുന്ന പെർഫോമൻസാണ് കാഴ്ചവെച്ചത്. നായികയായി എത്തിയ കീർത്തി സുരേഷിന് പതിവ് പോലെ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമാണ് സിനിമയിലുടനീളമുള്ള കഥാപാത്രങ്ങൾ. സ്റ്റണ്ട് സീനുകൾ ഏറെ പുതുമ നൽകുന്നുണ്ട്. സാധാരണ കണ്ടുവരുന്ന സ്റ്റണ്ടുകളിൽ നിന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഓരോ സീനുകളും ഓരോ പ്രശ്നങ്ങൾ മാസ് ഡയലോഗുകളായി പറയാനുള്ള വേദിയാക്കി മാറ്റിയത് സിനിമയെ ദോഷകരമായി ബാധിച്ചേക്കാം.

തമിഴ്നാടിന് പുറമെയുള്ള വിജയ് ആരാധകർക്കും തമിഴ്സിനിമാ പ്രേക്ഷകർക്കും സർക്കാർ ഒന്നും നൽകുന്നില്ല. കണ്ടുമറന്ന വിജയ് സിനിമകളുടെ ആവർത്തനം മാത്രം. വിജയ് സ്ഥിരം അടവുകൾ മറ്റിപ്പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന സന്ദേശം കൂടി ഉൾപ്പെടുന്നതാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com