ടി എ റസാഖ് : മതേതരത്വം ഉയര്‍ത്തിപ്പിടിച്ച സൗഹൃദങ്ങളുടെ കലാകാരന്‍

Sharing is caring!

“കോഴിക്കോടെ ഓട്ടോക്കാരാണ് എന്‍റെ അടുത്ത സുഹൃത്തുക്കള്‍”.  “” ഈ വാക്കുകളിലുണ്ട് ടി എ റസാഖെന്ന വലിയ കലാകാരന്‍. അവസാന കാലം വരെ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച ആ കലാകാരന്‍ ഇനി മലയാളിക്ക് ഓര്‍മ. കരള്‍ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികില്‍സയിലായിരുന്നു. 2 ദിവസം മുമ്പ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ചികില്‍സക്കിടെയുള്ള ഡെങ്കിപനി ബാധയെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. 58 വയസ്സായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ച് ചികില്‍സയിലാകുന്നതു വരെ അദ്ദേഹം കോഴിക്കോടും പരിസരത്തുമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി സാംസ്കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു. എന്‍റെ സുഹൃത് ബന്ധങ്ങളാണ് എന്‍റെ സിനിമ എന്ന് പറയാന്‍ ധൈര്യം കാണിച്ച റസാഖിക്ക സാധാരണക്കാര്‍ക്കും വലിയ കലാകാരന്‍മാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. ആ സുഹൃത് ബന്ധങ്ങളില്‍ നിന്നാണ് അദ്ദേഹം കഥകള്‍ കണ്ടെത്തി പച്ചയായ മനുഷ്യ ജീവിതങ്ങളെ സ്ക്രീനില്‍ എത്തിച്ചത്. ചലചിത്രത്തിലൂടെ മതസൌഹാര്‍ദത്തിന്‍റെ ശക്തമായ സന്ദേശം നല്‍കിയ കലാകാരനാണ് വിടവാങ്ങിയത്.

25 വര്‍ഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും മലയാള സിനിമാ ലോകത്തെ സജീവസാന്നിധ്യമായിരുന്നു ടി എ റസാഖ്. നിരൂപകശ്രദ്ധയും ജനപ്രീതിയും നേടിയ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സഹസംവിധായകനായിട്ടായിരുന്നു ടിഎ റസാഖിന്റെ സിനിമയിലെ തുടക്കം. അതും മലയാളി നെഞ്ചോടടക്കിപ്പിടിച്ച ‘ധ്വനി’ യുടെ സഹസംവിധായകന്‍ . തിരക്കഥയുടേയും കഥകളുടേയും ലോകത്ത് നിന്ന് സിനിമ സംവിധായകന്‍ എന്ന ലേബലിലേക്കുള്ള ടിഎ റസാഖിന്റെ മാറ്റമാണ് ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന ചിത്രം. ബോക്‌സോഫീസില്‍ ഹിറ്റായില്ലെങ്കിലും മികച്ച കലാമൂല്യമുള്ള ചിത്രമായി മലയാളി അംഗീകരിച്ചു.
പെരുമഴക്കാലം, രാപ്പകല്‍ തുടങ്ങിയ സിനിമകള്‍ മാത്രം മതിയാകും മലയാളി മനസ്സില്‍ റസാഖിനുള്ള സ്ഥാനം തിരിച്ചറിയാന്‍ .
ടി എ റസാഖിന്റെ മിക്ക കഥകളുടേയും പശ്ചാത്തലം സ്വന്തം ജീവിതം തന്നെയായിരുന്നു. കടത്തില്‍ മുങ്ങിയ ഒരു ചെറുപ്പക്കാരനായിരുന്നു പണ്ട് റസാഖ്. പലസിനിമകളിലും ഈ പ്രാരാബ്ദങ്ങളും പ്രശ്‌നങ്ങളും പ്രധാന വിഷയമായി കടന്നുവരുന്നുണ്ട്. ഒരു അഭിമുഖത്തില്‍ റസാഖ് തന്നെ ഇത് സമ്മതിച്ചതുമാണ്.
വിഷ്ണുലോകം, നാടോടി, താലോലം സാഫല്യം എന്നീ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങള്‍ക്കും റസാഖ് കഥയും തിരക്കഥയും നിര്‍വഹിച്ചു. ഭൂമിഗീതം, കര്‍മ, ഗസല്‍, ചിത്രശലഭം, സ്‌നേഹം, എന്നിവയാണ് അദ്ദേഹം തിരക്കഥ രചിച്ച മറ്റു ചിത്രങ്ങള്‍. കര്‍മ, ഭൂമിഗീതം, സ്‌നേഹം എന്നീ ചിത്രങ്ങളുടെ കഥയും അദ്ദേഹത്തിന്റേതാണ്. അനശ്വരം, എന്റെ ശ്രീകുട്ടിക്ക്, ഉത്തമന്‍, ആയിരത്തില്‍ ഒരുവന്‍ എന്നിവയാണ് അദ്ദേഹം കഥയെഴുതിയ മറ്റ് ചിത്രങ്ങള്‍.

1996ല്‍ പുറത്തിറങ്ങിയ കാണാക്കിനാവ് എന്ന ചിത്രത്തിന് മികച്ച കഥ, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ആദ്യ തിരക്കഥ ജി എസ് വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്ര. ആദ്യം റിലീസ് ചെയ്ത സിനിമ കമലിന്റെ വിഷ്ണുലോകം. സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിനു് (1977) മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ സിനിമയ്ക്കു് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവനു് 2002ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ആവാര്‍ഡ്, . 2004ലെ മികച്ച സാമൂഹ്യ പ്രസക്തയുള്ള വിഷയത്തിനു് നാഷണല്‍ അവാര്‍ഡ്, കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തിനു് 2004ലെ മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ്, കഥയ്ക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള  ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, എ ടി അബു ഫൗണ്ടേഷന്‍ അവാര്‍ഡ്,  എന്നിവ ലഭിച്ചു.

1958 ഏപ്രില്‍ 25നു് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കലില്‍ ജനനം. പിതാവു് ടി എ ബാപ്പു. മാതാവു് വാഴയില്‍ ഖദീജ. കൊളത്തൂര്‍ എ എം എല്‍ പി സ്ക്കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ്സു് മുതല്‍ നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചന, സംവിധാനം നിര്‍വ്വഹിച്ചു. വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു് തുടക്കം കുറിച്ചു. കെ എസ് ആര്‍ ടി സി യില്‍ ഗുമസ്തനായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com