പാറിപ്പറക്കുന്ന ജീവിതങ്ങളുടെ പറവ…

Sharing is caring!

തുടക്കം മുതല്‍ മട്ടാഞ്ചേരിയെ അടയാളപ്പെടുത്തി, മട്ടാഞ്ചേരിയുടെ ഊടുവഴികളിലൂടെ സൗബിന്‍ കളിച്ച് ചിരിച്ച് നടക്കുകയായിരുന്നു. തൊട്ട് പിറകെ, അല്ലെങ്കില്‍ കൂടെത്തന്നെ പ്രേക്ഷകനും ഉണ്ടെന്ന തോന്നലായിരുന്നു പറവയുടെ വിജയം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ബ്രില്ല്യന്‍റ് മൂവി.

വെബ് ഡെസ്ക് 
കൊച്ചി പഴയ കൊച്ചിയല്ല എന്നത് ഇന്ന് വെറുംവാക്കല്ല. മലയാള സിനിമാലോകം ചെന്നൈവിട്ട് എറണാകുളത്തേക്ക് ചേക്കേറിയപ്പോള്‍ കൊച്ചിയുടെ കഥ കേരളം മുഴുവന്‍ ചര്‍ച്ചയായിത്തുടങ്ങി. ഏറ്റവും ഒടുവില്‍ സംസ്ഥാന അവാര്‍ഡ് വരെ നേടിയ കമ്മട്ടിപ്പാടത്തിലായിരുന്നു കൊച്ചി എത്തി നിന്നത്. രണ്ട് സിനിമയിലും ദുല്‍ഖറുണ്ട്. അത്ര പ്രാധാന്യമല്ലാത്ത, എന്നാല്‍ പ്രേക്ഷകന്‍റെ മനസില്‍ നിന്നും ഒരിക്കലും മായാത്ത കഥാപാത്രങ്ങളായാണ് കമ്മട്ടിപ്പാടത്തിലും, പറവയിലും ദുല്‍ഖറെത്തിയത്. കൊച്ചിയിലെ ഒരു പ്രദേശത്തിന്‍റെ കഥയാണെങ്കിലും പറവ ഒരിക്കലും കമ്മട്ടിപ്പാടം പോലെ ശക്തമായ ഒരു രാഷ്ട്രീയം പറഞ്ഞ സിനിമ അല്ല. എന്നാല്‍ അതിന് ഒരു രാഷ്ട്രീയമുണ്ട്. അത് മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയും സാധാരണക്കാരുടെ രാഷ്ട്രീയമാണ്. അതിന് ഒരു ഫീലിംഗ് ഉണ്ട്. അത് കൊച്ചിയുടെ ഫീലിംഗ് ആയിരുന്നു. ആ ഫീലിംഗ് പറവയായി കേരളമാകെ പറന്നുയരും എന്ന് ആദ്യദിവസം തന്നെ പറയാന്‍ പ്രേക്ഷകനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു.?
സൗബിന്‍ മാജിക് എന്ന് പറയാന്‍ സാധിക്കുന്ന ഒരുപാട് ഘടകങ്ങള്‍ പറവയിലുണ്ട്. കൊച്ചിയിലെ കഥയാണെങ്കിലും എന്‍റെയും നിങ്ങളുടെയും നാട്ടില്‍ സംഭവിച്ചേക്കാവുന്ന കഥ. നമ്മുടെ ചുറ്റുപാടും കാണുന്ന കാഴ്ചകള്‍. അതാണ് സൗബിന്‍ പകര്‍ത്തിയത്. ചെറിയകാലയളവിനുള്ളില്‍ മലയാളി മനസുകള്‍ കീഴടക്കിയ കഥാപാത്രമായിരുന്നു സൗബിന്‍. നല്ലൊരു അഭിനേതാവ് മാത്രമല്ല, ഞാനൊരു മികച്ച സംവിധായകന്‍ കൂടിയാണെന്ന് പറവയിലൂടെ സൗബിന്‍ വിളിച്ച് പറയുകയായിരുന്നു. അതായിരുന്നു പറവയുടെ മേക്കിംഗ്. തുടക്കം മുതല്‍ മട്ടാഞ്ചേരിയെ അടയാളപ്പെടുത്തി, മട്ടാഞ്ചേരിയുടെ ഊടുവഴികളിലൂടെ സൗബിന്‍ കളിച്ച് ചിരിച്ച് നടക്കുകയായിരുന്നു. തൊട്ട് പിറകെ, അല്ലെങ്കില്‍ കൂടെത്തന്നെ പ്രേക്ഷകനും ഉണ്ടെന്ന തോന്നലായിരുന്നു പറവയുടെ വിജയം.

ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറായ ദുല്‍ഖറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആദ്യ സംവിധാന സംരംഭത്തില്‍ തന്നെ നെഗറ്റീവ് കഥാപാത്രമായി എത്തിയ സൗബിനും അമ്പരിപ്പിച്ചു. സിദ്ദിഖ് എന്ന നടന്‍റെ റേഞ്ച് ഉപയോഗപ്പെടുത്താന്‍ ഓരോ സീനിലും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ക്ലൈമാക്സില്‍ സ്ഥിരം ചേരുവ ചേര്‍ക്കാതെ സിദ്ദിഖിനെ ഉപയോഗപ്പെടുത്തിയത് തിയേറ്ററില്‍ കൂട്ടകയ്യടി നേടുന്നതിന് ഇടയാക്കി.

മട്ടാഞ്ചേരി എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്ന പേരാണ്. ഏതോ സിനിമയിലെ ഒരു ഗുണ്ടാ കഥാപാത്രമാണ്. മട്ടാഞ്ചേരിക്ക് അങ്ങനെ ഒരു പേര്ദോഷമുണ്ട്. താന്‍ ജനിച്ച് വളര്‍ന്ന നാടിന്‍റെ ആ പേര്ദോഷം മാറ്റുക എന്ന ദൗത്യമായിരുന്നു സൗബിന്‍ പറവയിലൂടെ ചെയ്തത്. മട്ടാഞ്ചേരിയിലെ പച്ചയായ മനുഷ്യകഥാപാത്രങ്ങളെയാണ് അതിന് ഉപയോഗിച്ചത്. എന്നാല്‍ മട്ടാഞ്ചേരിക്ക് ചില കുഴപ്പങ്ങളുണ്ട്. കൗമാരത്തിന്‍റെ ചാപല്യങ്ങളെ ഉപയോഗപ്പെടുത്താനായി വട്ടമിട്ട് പറക്കുന്ന തിډയുടെ പറവകളും ഉണ്ട് മട്ടാഞ്ചേരിയില്‍. അവരുടെ കഥകൂടിയാണ് പറവ. അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞുതരുന്നിടത്താണ് പറവ തീരുന്നത്.
പറവ എല്ലാ തലത്തിലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തും. അടുത്തകാലത്തായി മലയാളത്തില്‍ ഇറങ്ങിയ സിനിമളൊന്നും പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ഓണം സിനിമകള്‍ പോലും കണ്ടിരിക്കാം എന്ന നിലവാരത്തിലാണ് പ്രേക്ഷകന്‍ അളന്നത്. മലയാളി പ്രേക്ഷകന്‍റെ ആ മടുപ്പിന് കുളിര്‍മ്മയുമായാണ് പറവ എത്തിയത്. മട്ടാഞ്ചേരിയിലെ ഈ പറവ കേരളമാകെ പാറിപ്പറക്കും. അതിനുള്ള എല്ലാ ചേരുവകളും സൗബിന്‍ ഒരുക്കിയിട്ടുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ നയനമനോഹരമായ കാഴ്ചകളും ഗൃഹാതുരത്വവും ഹീറോയിസവും കുടുംബവും കുറച്ച് കണ്ണീരും എല്ലാം സമാസമം ചേര്‍ത്താണ് പറവ ഒരുക്കിയത്.

നായകത്വത്തിനല്ല, കഥയ്ക്കും, കഥാപാത്രത്തിനും സര്‍വ്വോപരി സിനിമയ്ക്കുമാണ് പ്രാധാന്യം എന്ന് തന്‍റെ കഥാപാത്രങ്ങളിലൂടെ പുതിയ തലമുറയ്ക്ക് മാതൃകകാട്ടിയ നടനാണ് ദുല്‍ഖര്‍. ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറായ ദുല്‍ഖറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആദ്യ സംവിധാന സംരംഭത്തില്‍ തന്നെ നെഗറ്റീവ് കഥാപാത്രമായി എത്തിയ സൗബിനും അമ്പരിപ്പിച്ചു. സിദ്ദിഖ് എന്ന നടന്‍റെ റേഞ്ച് ഉപയോഗപ്പെടുത്താന്‍ ഓരോ സീനിലും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ക്ലൈമാക്സില്‍ സ്ഥിരം ചേരുവ ചേര്‍ക്കാതെ സിദ്ദിഖിനെ ഉപയോഗപ്പെടുത്തിയത് തിയേറ്ററില്‍ കൂട്ടകയ്യടി നേടുന്നതിന് ഇടയാക്കി. അശ്ളീല പടം കണ്ട് വീട്ടിലെത്തിയ മകനോട് സിദ്ദിഖ് പറയുന്ന ഡയലോട് പുതിയകാലത്തിന്‍റെ രക്ഷിതാക്കള്‍ക്കുള്ള വലിയൊരു സന്ദേശമായിരുന്നു. അതിന്‍റെ കയ്യടിയും സിദ്ദിഖ് നേടി. കേരളത്തില്‍ പെണ്‍കുട്ടികള്‍ ഇപ്പോഴും വളരെ ചെറുപ്പത്തില്‍ വിവാഹിതരാകുന്നുണ്ട് എന്ന യാതാര്‍ത്ഥ്യം വളരെ മനോഹരമായ ഒരു പ്രണയത്തിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ആ തീവ്രത അതിന്‍റെ അപകടം നമുക്ക് പറഞ്ഞുതരുന്നുണ്ട്. തന്‍റെ ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരാണ് ഇതെന്ന് സ്വന്തം ഭരര്‍ത്താവിനോട് പറയേണ്ടി വരുന്ന പെണ്‍കുട്ടി പ്രേക്ഷകന്‍റെ മനസില്‍ നൊമ്പരമാകുന്നുണ്ട്. ഈ സിനിമ പറയാതെ പറയുന്ന ഒരു പുരോഗമന രാഷ്ട്രീയമായി അതിനെ കാണാന്‍ സാധിക്കും. സ്കൂളില്‍ നിന്നുള്ള പ്രണയ രംഗങ്ങളും മനോഹരമായി ആവിഷ്കരിച്ചു. ഇച്ചാപ്പിയുടെയും ഹസീബിന്‍റെയും കൂടെ, സുറുമിയുടെ ഇടവും വലവും നില്‍ക്കുന്ന കൂട്ടുകാരികളുടെ കൂടെ ഞങ്ങള്‍ പ്രേക്ഷകരും ഉണ്ടായിരുന്നു. അവിടെ നിന്നും ഇപ്പോഴും ഇറങ്ങിപ്പോരാന്‍ സാധിക്കാത്ത അനുഭവം.


സിനിമയുടെ മൂലക്കല്ലുകളാണ് പറവകളും ഇച്ചാപ്പിയായും ഹസീബായും തിളങ്ങിയ രണ്ട് കുട്ടികളും. ഈ സിനിമയുടെ നട്ടെല്ല്. ഇര്‍ഷാദായി (ഇച്ചാപ്പി) അമല്‍ഷായും ഹസീബായി ഗോവിന്ദും നിറഞ്ഞാടി. അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു അവര്‍. അവരുടെ കൂടെ അയല്‍ക്കാരും ബന്ധുക്കളുമായി ഞങ്ങള്‍ പ്രേക്ഷകരും. അവരെ കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ അത് ഈ സിനിമയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നതിന് തുല്യമാകും. പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് തന്നെ അവരെ കാണുക. മനംനിറയെ അനുഭവിക്കുക.
മൊത്തത്തില്‍ ഒരു നൊസ്റ്റാള്‍ജിയ ഫീല്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ പറവയ്ക്ക് സാധിച്ചിട്ടുണ്ട്. നായക്കുട്ടിയെയോ പൂച്ചക്കുട്ടിയെയോ കുഞ്ഞുമീനുകളെയോ ലാളിക്കാത്ത ബാല്യം ഒരിക്കലും ഒരു ബാല്യമല്ല. ആ ഫീലിംഗ് ആണ് സിനിമയുടെ ഹൈലൈറ്റ്. കുട്ടികളോടൊപ്പം സൈക്കിളില്‍ വരുന്ന കുഞ്ഞുനായയില്‍ ആണ് സിനിമ അവസാനിക്കുന്നത്. നമ്മുടെ സ്വന്തം വീട് പോലെ അനുഭവപ്പെടുന്ന സീനുകളായിരുന്നു അത്. പറവകള്‍ ആകാശത്ത് പാറി പറക്കുമ്പോള്‍ നമ്മളും കൂടെ പറക്കുകയാണെന്ന് തോന്നിപ്പിക്കുന്ന അനുഭവമായിരുന്നു സിനിമ നല്‍കിയത്. ഈ അനുഭവങ്ങളുടെ കൂടെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ട് വരുന്ന പിന്‍തലമുറയുടെ കൂട്ടായ്മ. സിദ്ധീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരുടെ കോമ്പിനേഷന്‍ പഴയ ഒരു തലമുറയെ അടയാളപ്പെടുത്തുകയായിരുന്നു. അതും പ്രേക്ഷകന് മറ്റൊരു അനുഭവം ഉണ്ടാക്കി. എല്ലാതരം പ്രേക്ഷകനെയും സൗബിന്‍ കയ്യിലെടുത്തുതത് ഇങ്ങനെയൊക്കെയായിരുന്നു.

റെക്സ് വിജയന്‍റെ മ്യൂസിക് സിനിമയോടൊപ്പം തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സഹായിച്ചു. ക്യാമറ നമുക്ക് അനുഭവമായി മാറിയപ്പോള്‍ മ്യൂസിക് അതിനോടൊപ്പം ജീവിക്കുന്ന കഥാപാത്രമായിരുന്നു. പ്രവീണ്‍ പ്രഭാകറിന്‍റെ എഡിറ്റിംഗിന് നിറഞ്ഞ കയ്യടി. എല്ലാത്തിലും ഉപരിയായി അഭിനന്ദിക്കേണ്ടത് ലിറ്റില്‍ സ്വയംപ് എന്ന ഛായാഗ്രാഹകനെയാണ്. അയാള്‍ ഓടുകയായിരുന്നോ, പറവയുടെ കൂടെ പറക്കുകയായിരുന്നോ ചെയ്തത്.!! പറവകള്‍ പറക്കുമ്പോള്‍ അതിനോടൊപ്പം പ്രേക്ഷകനെയും പറപ്പിക്കാനും ക്രിക്കറ്റ് കളിക്കുമ്പോള്‍ ആ ടീമില്‍ ഒരംഗമാകാനും, സൈക്കിളോടിക്കുമ്പോള്‍ കൂടെ ഓടിക്കാനും സ്കൂളില്‍ അവരുടെ കൂടെ പഠിക്കാനും പ്രേക്ഷകനെ പ്രേരിപ്പിച്ച അദൃശ്യ സാന്നിധ്യമായിരുന്ന ലിറ്റില്‍ സ്വയംപ് അത്ര ലിറ്റില്‍ അല്ല എന്ന് തന്നെ പറയേണ്ടി വരും.

ഷാന്‍ നിഗം, ശ്രീനാഥ് ഭാസി, ജേക്കബ് ജോര്‍ജ്ജ്, ഹരിശ്രീ അശോകന്‍റെ മകന്‍ അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ദീന്‍, ശ്രിന്ദ അഷാബ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി ചെറുതും വലുതുമായി സിനിമയില്‍ വന്ന എല്ലാവരും കലക്കി, തിമിര്‍ത്തു, കിടുക്കി. കൂടെ സിനിമയുടെ ടൈറ്റില്‍ സോങില്‍ വന്ന ആടും പട്ടിയും പൂച്ചയും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരിയിലെ കുറെ പച്ചയായ മനുഷ്യരും. അവരെ തന്‍റെ കൈക്കുള്ളിലാക്കിയ സൗബിനും, മുനീറലിക്കും, പിന്നെ അവരെ സ്നേഹപൂര്‍വ്വം കൂടെ നിര്‍ത്തി പ്രോത്സാഹിപ്പിച്ച മലയാള സിനിമയുടെ പ്രതീക്ഷയായ അന്‍വര്‍ റഷീദും.. അങ്ങനെ ആ നിര നീണ്ടുപോവുകയാണ്. കൂടെ പ്രേക്ഷകനും മനംകുളിര്‍ക്കെ കണ്ടിരിക്കാം ഈ പറവയെ..

കണ്ടിറങ്ങിയ ശേഷം ഇവരുടെ കൂടെ ജിവിച്ച് മതിയായില്ല, സിനിമ തീരണ്ടായിരുന്നു എന്നൊക്കെ പറയുന്ന പ്രേക്ഷകരാണ് ഈ സിനിമയുടെ വിജയം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ബ്രില്ല്യന്‍റ് മൂവി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com