അച്ഛന് മുലകൊടുത്ത പെണ്ണ്, ശ്രദ്ധേയമായി Pa’s Pap
അച്ഛന് മുലകൊടുത്ത് വളര്‍ത്തിയ പെണ്ണ് എന്ന ആശയത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഹ്രസ്വ ചിത്രമാണ് പാസ് പാപ്. ദിപിന്‍ദാസ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനകം തന്നെ യൂടൂബില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ഹൃദയംകവരുന്ന ക്ലൈമാക്സ് എന്ന ടാഗ് ലൈന്‍ അന്വര്‍ത്ഥമാക്കുന്ന ഹ്രസ്വ സിനിമയാണിത്.
അമ്മ മരിച്ചശേഷം പെണ്‍കുട്ടിയെ വളര്‍ത്തുന്ന അച്ഛന്റെ കഥയാണ് സിനിമ പറയുന്നത്. കുപ്പിപ്പാലിന് പകരം അമ്മ നല്‍കുന്നത് പോലെ മുലപ്പാല്‍ നല്കാന് ശ്രമിക്കുന്ന അച്ഛന്റെ സ്നേഹമാണ് സിനിമയുടെ ആദ്യഘട്ടത്തിൽ പറയുന്നത്. ആ അച്ഛന് വളര്‍ത്തിയ മകളുടെ വളര്‍ച്ചയും സ്നേഹസമ്പന്നമായ സ്വഭാവ സവിശേഷതയും പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
പ്രകൃതിയും മനുഷ്യനും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. അച്ഛനും മകളും മികച്ച പ്രകടനം കാഴ്ചവെച്ചു. അച്ഛന് മകള്‍ ബന്ധത്തിന്റെ ആഴം അരവിന്ദ് വികെയിലൂടെ അനുഭവിച്ചറിയാം. പ്രിഥുന, ഭാഗ്യശ്രീ, അന്വയ, നിയ, കവിത, പ്രജിത്ത് കുഞ്ഞിമംഗലം എന്നിവരും അവരവരുടെ ഭാഗം മികച്ചതാക്കി.
ദിപിന്ദാസിന്റെ സംവിധാന മികവും നവീന്‍ ശ്രീറാമിന്റെ ഛായാഗ്രഹണവും സിനിമയെ വേറിട്ട അനുഭവമാക്കുന്നു. ക്യാമറയും കലാസംവിധാനവും കയ്യടി അര്‍ഹിക്കുന്നു. വിപിന്‍ കെ കെയാണ് കഥയും തിരക്കഥയും. രജീഷ് സരോവര്‍ കലാസംവിധാനവും ഹരിരാഗ് എം വാര്യര്‍ സൗണ്ട് ഡിസൈനും ചെയ്തിരിക്കുന്നു. വിപിന്‍ രവി ആ ആര് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. നിയ ലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പ്രേംദാസ് വടകരയാണ് നിര്‍മ്മാണം.