മനുഷ്യനാണ് നേര്.. ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു..
ഇന്നത്തെ സത്യാവസ്ഥകള്‍ വെച്ചൊരു സിനിമ എന്ന ടാഗ് ലൈനോടെ ഇന്ന് ഇറങ്ങിയ ഹ്രസ്വ ചിത്രമാണ് നേര്. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച കാലത്ത് മനുഷ്യന് വൈദ്യശാസ്ത്രത്തെ മാത്രം ആശ്രയിച്ച് വീട്ടില്‍ കഴിയുമ്പോള്‍ നേര് ഒരു ചോദ്യചിഹ്നമാവുകയാണ്.
മതഭ്രാന്തും ദൈവത്തിന്റെ പേരിലുള്ള മുതലെടുപ്പ് രാഷ്ട്രീവും ഒന്നും ആര്‍ക്കും ബാധകമല്ലാത്ത കാലമായി കൊറോണക്കാലം മാറിയിരിക്കുന്നു. പിന്നെ ആര്‍ക്കാണ് പ്രശ്നം എന്ന ചോദ്യം പ്രസക്തമാണ്. അവിടെയാണ് സ്വപ്നത്തില്‍ കാണുന്ന ദൈവമല്ല, കണ്മുന്നില് കാണുന്ന മനുഷ്യരാണ് നേര് എന്ന് ഈ ഹ്രസ്വ ചിത്രം പറയുന്നത്.
രണ്ട് കുട്ടികളിലൂടെ കൊറോണക്കാലത്തെ ജാഗ്രത വിഷയമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലഭ്യമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ മനോഹരമായ ആശയവുമായാണ് അണിയറപ്രവര്‍ത്തകര്‍ നേര് ഒരുക്കിയിരിക്കുന്നത്.
അഭിഷേക് പഞ്ചാരക്കുളത്തിന്റേതാണ് ആശയവും സംവിധാനവും. സുധീഷ് നരിക്കോട് എഡിറ്റിംഗ് നിര്‍വ്വഹിച്ചു. നീരജ് ലനയുടേതാണ് ക്യമറ. ഉമേഷ് കല്ല്യാശ്ശേരി പശ്ചാത്തല സംഗീതം നല്കി.