സിനിമയിലെ ടെക്നിക്കല്‍ സംഘടനകള്‍ കുശുമ്പും കുന്നായ്മയും നിര്‍ത്തണം

Sharing is caring!

വെബ് ഡസ്ക്

മലയാള സിനിമയിലെ ടെക്നിക്കല്‍ സംഘടനകള്‍ കുശുമ്പും കുന്നായ്മയും നിര്‍ത്തി സാങ്കേതിക കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ഓസ്കാര്‍ അവാര്‍ഡ് ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. പുതിയകാല സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സിനിമകളെ അതേ നിലവാരത്തില്‍ പ്രേക്ഷകരിലെത്തിക്കാന്‍ കേരളത്തിലെ തിയേറ്ററുകളില്‍ സൗകര്യങ്ങളില്ല. മള്‍ട്ടിപ്ലക്സുകള്‍ പോപ്കോണും മറ്റ് കച്ചവടങ്ങളും ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഇത് സിനിമയുടെ നിലവാരത്തികര്‍ച്ചയിലേക്കാണ് എത്തിച്ചേരുക. സിനിമ വ്യവസായം എന്നാണ് പറയുന്നതെങ്കിലും ഇവിടെ വ്യവസായം ഇല്ല എന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

സൗണ്ട് ഡിസൈനിംഗില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തി ലോകപ്രശസ്തനായ മലയാളിയാണ് റസൂല്‍ പൂക്കുട്ടി. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായ ഇദ്ദേഹം മലയാള സിനിമയുടെ സാങ്കേതികമികവില്‍ വലിയ സംഭാവനകള്‍ നല്‍കി. എന്നാല്‍ അത് അനുഭവിക്കാനുള്ള ഭാഗ്യം മലയാളിക്കില്ലെന്നാണ് ഇപ്പോള്‍ റസൂല്‍ പൂക്കുട്ടി തുറന്നുപറഞ്ഞിരിക്കുന്നത്.
ലോകത്ത് ആദ്യമായി 4കെ സൗണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ശങ്കര്‍-രജനി ചിത്രം 2.0. എന്നാല്‍ ഈ സാങ്കേതിക വിദ്യ അനുഭവിച്ച് സിനിമ കാണാന്‍ പറ്റുന്ന ഒരു തിയേറ്റര്‍ പോലും കേരളത്തിലില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ നേരിട്ട് തിയേറ്ററില്‍ ഈ സംവിധാനം ഏര്‍പ്പാടാക്കാം എന്ന് പറഞ്ഞെങ്കിലും അതിന് തിയേറ്റര്‍ നടത്തിപ്പുകാര്‍ സഹകരിക്കാത്ത സ്ഥിതിയായിരുന്നു.

ഇന്ത്യയില്‍ ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് ഉപയോഗിച്ച് ഒരുക്കിയ വി കെ പ്രകാശിന്‍റെ നിത്യമേനോന്‍ ചിത്രം പ്രാണയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് പൂക്കുട്ടി പറഞ്ഞു. പ്രാണയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് 90 ശതമാനം തിയേറ്ററുകളില്‍ നിന്നും മോശപ്പെട്ട സൗകര്യങ്ങളാണ് ലഭിച്ചത്. എട്ട് മാസത്തെ പോസ്റ്റ്പ്രൊഡക്ഷന്‍ കൊണ്ട് സ്ഥലത്തെയും ശബ്ദത്തെയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മലയാള സിനിമയാണ് പ്രാണ. എന്നാല്‍ അത് അനുഭവിക്കാന്‍ മലയാളത്തിലെ തിയേറ്ററുകളില്‍ സൗകര്യമില്ലെന്നത് അണിയറപ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണ്.

ചെറിയ തിയേറ്ററുകള്‍ ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നുണ്ടെങ്കിലും മള്‍ട്ടിപ്ലക്സുകള്‍ നിസ്സഹരണമാണ് കാണിക്കുന്നത്. സിനിമ ഒരുക്കുന്നതിനപ്പുറം പ്രേക്ഷകന് നല്ല അനുഭവം നല്‍കാനുള്ള ഉത്തരവാദിത്വം കൂടി സിനിമാപ്രവര്‍ത്തകര്‍ക്കുണ്ടെന്നും ഇതിനായി സിനിമാ സംഘടനകള്‍ മുന്‍കയ്യെടുക്കണമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

കോടികള്‍ മുടക്കി വലിയ സാങ്കേതിക വിദ്യയില്‍ നിരവധി മലയാള സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ആശയത്തിലും സാങ്കേതികത്തികവിലും മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ്. നിരവധി ചരിത്ര സിനിമകളും അണിയറയിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റസൂല്‍ പൂക്കുട്ടി തിയേറ്ററുകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിരിക്കുന്നത്. ഭാവി വികസനത്തിനായി മലയാള സിനിമാ ലോകം പൂക്കുട്ടിയുടെ വാക്കുകള്‍ ഗൗരവത്തോടെയാണ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com