പ്രേതം വരുന്നു…
പുതിയ ഗെറ്റപ്പിൽ ജയസൂര്യയുടെ പ്രേതം വരുന്നു..
പുണ്യാളൻ അഗർബതീസ്, സു.. സു… സുധി വാത്മീകം എന്നീ ഹിറ്റുകൾക്ക് ശേഷം രഞ്ജിത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് പ്രേതം. മാനസിക രോഗിയുടെ വേഷത്തിൽ വരുന്ന ജയസൂര്യയുടെ വിവിധ ഗെറ്റപ്പിലുള്ള ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ഒരു കലാകാരനായ മാനസിക രോഗിയാണ് ഇതിലെ കഥാപാത്രം.
അവബോധ മനസ്സിന്റെ കടിഞ്ഞാൺ കയ്യിലേന്തി ഹിപ്നോട്ടിസം, ടെലിപ്പത്തി തുടങ്ങി ആരെയും അതിശയിപ്പിക്കുന്ന വിധമുള്ള കണക്ക് കൂട്ടലുകളിലൂടെ മറ്റൊരുവന്റെ മനസ് വായിച്ചറിയാനുള്ള ഒരു അസാമാന്യ പ്രതിഭയുടെ വേഷമാണ് ജോൺ ഡോൺ ബോസ്കോ ആയി ജയസൂര്യ കൈകാര്യം ചെയ്യുന്നത്.
സെൻട്രൽ പിക്ചർസിന് വേണ്ടി ജയസൂര്യ – രഞ്ജിത് ശങ്കർ കൂട്ടുകെട്ട് തന്നെയാണ് ചിത്രം നിർമിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനന് ആണ് സംഗീതം നല്‍കുന്നത്. ജിത്തു ദാമോദരന്‍ ചായാഗ്രഹണം. അജു വര്‍ഗീസ് , ധര്മജന് ബോള്‍ഗാട്ടി , ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദിന് , പേളി മാണി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഓഗസ്റ്റ് 12 ന് സിനിമ തീയേറ്ററുകളില്‍ എത്തും.