പേരറിയാത്തവരെന്ന യാഥാര്‍ഥ്യം

 സ്വാതന്ത്ര്യ ദിനമാണ്. രാവിലെ 10 മണി ആയിക്കാണും. റൂമില്‍ നിന്നും ഇറങ്ങി. ഹോസ്റ്റലിന് മുന്നില്‍ നിന്നും ഓട്ടോ കിട്ടി. ദിവസേന കാണുന്നതാണെങ്കിലും യാത്രയില്‍ ചുറ്റുപാടും നോക്കുകയെന്നത് ഒരു ഹോബിയാണ്. ആദ്യ സിഗ്നലിന് മുന്നില്‍ ഓട്ടോ നിന്നപ്പോഴാണ് അവര്‍ എന്‍റെ ശ്രദ്ധയില്‍പെട്ടത്. ഇന്നലെ കൈരളി സിനമാ കോംപ്ലക്സിലെ നിള തിയേറ്ററില്‍ നിന്നും കണ്ടിറങ്ങിയ പേരറിയാത്തവര്‍ ദാ എന്‍റെ കണ്‍മുന്നില്‍. രാവിലെ 10 മണിയായിട്ടും തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ പണിയെടുക്കുകയാണ്.

hqdefault

റോഡിലൂടെ പോകുന്ന ഓരോ വാഹനത്തിലും ചീറി പായുന്ന ബൈക്കിലും യൂനിഫോമിട്ട വിദ്യാര്‍ത്ഥിയുടെ കൈയ്യിലും ദേശീയപതാകയുണ്ട്. ഇവരുടെ കൈകളില്‍ സുരാജേട്ടന്‍ പിടിച്ച ആ ചൂല് മാത്രം. ചുറ്റും വിവിധ സംഘടനകളുടെ സ്വാതന്ത്ര്യ ദിനാഘോഷ റാലികളുടെയും പരിപാടികളുടെയും കൊടിതോരണങ്ങളും പോസ്റ്ററുകളും. ഇന്നലെ രാത്രിയില്‍ സംഘടനാ പ്രവര്‍ത്തകര്‍ കെട്ടിയതാണ് ഇവയൊക്കെ. പേരറിയാത്തവര്‍ കണ്ടിറങ്ങുമ്പോള്‍ വായിച്ചറിഞ്ഞ ആദിവാസി സമരമുഖങ്ങള്‍ മാത്രമെ മനസില്‍ ഉണ്ടായുള്ളു. എന്നാല്‍ സ്വാതന്ത്ര്യദിന പുലരിയില്‍ ഞാന്‍ തിരിച്ചറിഞ്ഞു, പേരറിയാത്തവരെന്ന യാഥാര്‍ത്ഥ്യത്തെ.
യഥാര്‍ത്ഥ മലയാളികളെ, അല്ലെങ്കില്‍ കപട മനസ്സുള്ള മലയാളികളെ പച്ചയായി കാണിക്കുന്ന ചിത്രമാണ് ഡോ. ബിജുവിന്‍റെ പേരറിയാത്തവര്‍. പേര് പോലെ തന്നെ സിനിമ പേരറിയാത്തവരുടെ കഥയാണ്. സിനിമ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ മനസില്‍ ഒരു കൂരമ്പ് തറച്ച് കൊളുത്തി വലിക്കും പോലെ അനുഭവപ്പെടും. കാരണം, നമുക്കും നമ്മുടെ പേരറിയില്ല. ആര്‍ക്കും ആരെയും അറിയില്ല. പറഞ്ഞുകേട്ട വ്യവസ്ഥിതിയിലൂടെ ആര്‍ക്കോ വേണ്ടി ജീവിക്കുന്ന വെറും ചവറുകളാണ് നമ്മളെന്ന് ഒരു ചവറുപെറുക്കിയിലൂടെ ഡോ. ബിജു നമുക്ക് കാണിച്ചു തന്നു. കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. നമ്മുടെ ചരിത്രപരമായ സവിശേഷതകള്‍ കൊണ്ട് തന്നെ യൂറോപ്യന്‍ രാജ്യങ്ങളുമായാണ് കേരളത്തിന്‍റെ ജീവിത നിലവാരം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ആ കേരളത്തിന്‍റെ യഥാര്‍ത്ഥ മുഖം എന്താണെന്നും ഇവിടെ ആരും കാണാത്ത കുറെ മനുഷ്യര്‍ ജീവിക്കുന്നുണെന്നും പേരറിയാത്തവരിലൂടെ കാണാം.

Perariyathavar-movie-subtitles
“കൂരയില്‍ കപ്പയും കയ്യില്‍ പച്ചമരുന്നും ഉള്ളിടത്തോളം കാലം നമ്മള്‍ ആദിവാസികള്‍ ഈ കാട്ടില്‍ ജീവിക്കും” ഇന്ദ്രന്‍സെന്ന മഹാനടനിലൂടെ ചാമിയണ്ണന്‍ പറഞ്ഞ ഈ വാക്കുകള്‍ നമ്മുടെ നിയമ വ്യവസ്ഥയും അധികാര വര്‍ഗ്ഗങ്ങളും കേള്‍ക്കേണ്ടതാണ്. ആദിവാസികളെ മാറ്റി നിര്‍ത്തിയും ചൂഷണം ചെയ്തും ആ വിഭാഗത്തെ വംശനാശ ഭീഷണിയിലാക്കുന്ന മലയാളിയെ നാം തിരിച്ചറിയണം. ഗോത്രവിഭാഗങ്ങളുടെ കഴിവ് നാം കണ്ടില്ലെന്ന് നടിക്കരുത്. അവര്‍ അങ്ങനെ ജീവിച്ചോട്ടെ, പക്ഷെ വികസനത്തിന്‍റെ പേരില്‍ കുടിലുകള്‍ക്ക് മുന്നില്‍ മിന്നുന്ന ടൈല്‍സ് പാകി ഉണ്ടാക്കരുത്. ഭൂപരിഷ്കരണം നടത്തിയ സംസ്ഥാനമെന്ന് അഭിമാനത്തോടെ പറയുമ്പോഴും ഒരു തുണ്ട് ഭൂമിക്കായി കേഴുന്ന ആദിവാസികളും തെരുവോര ജനതയും ഇവിടെ ഉണ്ടെന്ന് ഓര്‍ക്കണം. ഒരു പിടി അന്നം വെറുതെ കളയുമ്പോള്‍ അത് കിട്ടാത്ത ജീവിതങ്ങള്‍ ഇവിടെ ഉണ്ടെന്ന് ഓര്‍ക്കണം. 1957 ന് ശേഷം എത്ര സര്‍ക്കാരുകള്‍ മാറി മാറി വന്ന് കേരളത്തില്‍ പട്ടയം വിതരണം ചെയ്തു. എന്നിട്ടും നമ്മുടെ ആദിവാസി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിച്ച് പതിച്ച് കിട്ടിയില്ല. ഇതില്‍ നിന്ന് തന്നെ മനസിലാകും വിവേചനത്തിന്‍റെ കഥ. ഇത് തുറന്നുകാണിക്കാന്‍ തന്‍റെ സിനിമയിലൂടെ ഡോ. ബിജുവിന് സാധിച്ചു. ലോക മേളകളില്‍ ഈ സിനിമ വിജയകരമായി പ്രദര്‍ശിപ്പിച്ചു എന്നത് വലിയ നേട്ടം തന്നെയാണ്.
സുരാജ് വെഞ്ഞാറമ്മൂടെന്ന നല്ല നടനെ രാജ്യം തിരിച്ചറിഞ്ഞ സിനിമയായിരുന്നു ഇത്. അതിനുള്ള അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചു. സുരാജിനൊപ്പം അഭിനയിച്ച ഓരോ കഥാപാത്രവും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. വിവേചനത്തിന്‍റെ ചൂഴിയില്‍പെട്ട് തെരുവ് തെണ്ടികളായി ജീവിക്കേണ്ടി വരുന്നവരുടെ അവസ്ഥ സിനിമ വരച്ച് കാട്ടുന്നുണ്ട്. നല്ല മഴ വന്നാല്‍ മൂടിപുതച്ചുറങ്ങുന്ന നമ്മള്‍ എപ്പോഴെങ്കിലും കട വരാന്തകളില്‍ കിടന്നുറങ്ങുന്നവരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ.?, ഒരു മരച്ചുവട്ടില്‍ ഏതാനും തുണികള്‍ മറയാക്കി തങ്ങളുടെ കൊച്ചുങ്ങളെയും കൊണ്ട് കിടക്കുന്നവര്‍ ഒരു മഴയത്ത്, അല്ലെങ്കില്‍ നല്ല കാറ്റ് വന്നാല്‍ എവിടെ പോകുമെന്ന് ചിന്തിച്ചിട്ടുണ്ടോ.? പേരറിയാത്തവര്‍ നമ്മെ ചിന്തിപ്പിക്കും. കാമവെറിമൂത്ത ഭ്രാന്തന്‍മാര്‍ക്ക് ഈ തെരുവ് തെണ്ടികളെയാണ് ആവശ്യം. പിഞ്ചു കുഞ്ഞിനെ ഉറങ്ങിക്കിടക്കുമ്പോള്‍ എടുത്ത് കൊണ്ട് പോയി പീഢിപ്പിച്ച് കാട്ടിലുപേക്ഷിച്ച സംഭവം കാണുമ്പോള്‍ നമ്മുടെ ഉള്ളുലയ്ക്കുന്നു. മലയാളിയുടെ മണ്ണിലെ ജീവിതങ്ങളാണ് ഇവയെന്ന് നമ്മെ ഓര്‍മപ്പെടുത്തുകയാണ് ഈ സിനിമ. നിരവധി സംഭവങ്ങളുടെ വാര്‍ത്ത ദിവസേന പത്രത്താളില്‍ കാണുമ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ നാം സ്വാര്‍ത്ഥരാകുന്നു.

13880424_1225245374189017_2754463402454773979_n
ശുചീകരിച്ച് തിരിച്ച് പോകുന്ന തൊഴിലാളികളുടെ മുന്നില്‍ വെച്ച് തന്നെ നിമിഷ നേരം കൊണ്ട് ആ സ്ഥലം വൃത്തികേടാക്കുന്ന മലയാളിയെ സിനിമയില്‍ കാണാം. അതൊരു യാഥാര്‍ത്ഥ്യമാണ്. പെറുക്കി എന്നും പെറുക്കിയായിരുന്നു. അയാള്‍ കണ്‍മുന്നില്‍ കാണുന്ന എല്ലാ മാലിന്യവും ഏത് സമയത്തും ശുചീകരിക്കും. തുണി നനക്കാന്‍ പുഴയില്‍ പോയപ്പോഴും അയാള്‍ അതിലെ മാലിന്യങ്ങള്‍ എടുത്ത് മാറ്റി. ആദിവാസികളുടെ ഊരില്‍ കൂറ്റന്‍ മരങ്ങളുള്ള കാട്ടിലെ പുഴയില്‍ ചെന്നപ്പോഴും ആ മാലിന്യം കണ്ടപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. ആ മനോഹര പ്രകൃതിയെ നശിപ്പിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ “ചില പിള്ളേര് വരും, കള്ളുകുടിക്കാന്‍. എന്നിട്ട് ഇവിടം കുപ്പിയും പ്ലാസ്റ്റിക്കും ഉപേക്ഷിച്ച് പോകും” എന്ന മറുപടിയാണ് അയാള്‍ക്ക് ലഭിക്കുക. നാടും വീടും ശുചീകരിക്കുന്നവന്‍റെയും പച്ചമരുന്നുകളും കൃഷിയുമായി ഇന്നും നല്ല സംസ്കാരത്തോടെ ജീവിക്കുന്നവന്‍റെയും പോരാട്ട ജീവിതമാണ് പേരറിയാത്തവര്‍. ഒപ്പം, നമുക്കാര്‍ക്കും നമ്മുടെ പേരറിയില്ലെന്ന മലയാളിയുടെ കപട ബോധത്തെ തുറന്ന് കാണിക്കുന്ന നല്ല രാഷ്ട്രീയ സിനിമയും.
എന്‍റര്‍ടെയ്ന്‍മെന്‍റുകളുടെ മലവെള്ളപ്പാച്ചിലില്‍ പേരറിയാത്തവരെ കാണാതെ പോകരുത്. കാരണം, അതൊരു ഓര്‍മപ്പെടുത്തലിനും പുതിയ ജീവിതത്തിനും കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *