എന്‍ എഫിന്‍റെ ഓര്‍മ്മകളില്‍ സ്വന്തം കുട്ടേട്ടന്‍..

“കുട്ടേട്ടന്‍ അന്ന് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു…”  

പറയുന്നത് മലയാളസിനിമയുടെ വില്ലന്‍ഭാവങ്ങളെ അനശ്വരമാക്കിയ എന്‍ എഫ് വര്‍ഗ്ഗീസ്. പറഞ്ഞത് വില്ലനും, നായകനും, ഉപനായകനും ഒക്കെയായ മലയാളികളുടെ സ്വന്തം വിജയരാഘവനോടും… 
മലയാള സിനിമാ ലോകത്ത് അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ഓജസ്സും തേജസ്സും നല്‍കി പ്രേക്ഷക മനസ്സുകളില്‍ അനശ്വര സ്ഥാനം പിടിച്ചെടുത്ത എന്‍ എഫ് വര്‍ഗ്ഗീസിന്‍റെ പതിനഞ്ചാം ചരമ ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് എന്‍ എഫിന്‍റെ കുട്ടേട്ടന്‍ പ്രിയതാരം വിജയരാഘവന്‍ ഓണ്‍മലയാളത്തോടൊപ്പം..

സിനിമയില്‍ അഭിനയിച്ചുതുടങ്ങും മുമ്പ് തന്നെ എന്‍ എഫ് വര്‍ഗ്ഗീസും വിജയരാഘവനും അടുത്ത സുഹൃത്തുക്കളായിരുന്നു. നാടകങ്ങളും മിമിക്രി വേദികളും ശബ്ദംകൊണ്ടും അഭിനയം കൊണ്ടും എന്‍ എഫ് കൈയ്യടക്കിയിരുന്ന കാലം. അദ്ദേഹത്തിന്‍റെ മിമിക്രി പരിപാടികള്‍ വിജയരാഘവനും കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ നേരിട്ട് അഭിനന്ദിച്ചിട്ടുണ്ട് എന്‍എഫിനെ. അദ്ദേഹത്തിന് നല്ല ഭാവിയുണ്ടെന്ന് അന്ന് തന്നെ എനിക്കുറപ്പുണ്ടായിരുന്നുവെന്ന് വിജയരാഘവന്‍ പറയുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്ക് സിനിമയില്‍ നല്ല ഭാവി ഉണ്ടാകും എന്ന് എന്‍എഫിനോട് അന്ന് പറയുകയും ചെയ്തു. പിന്നീട് സിനിമയില്‍ സജീവമായപ്പോള്‍ കുട്ടേട്ടന്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു എന്ന് എന്‍എഫ് പറഞ്ഞു. വിജയരാഘവനെ കുട്ടേട്ടന്‍ എന്നാണ് എന്‍ എഫ് വര്‍ഗ്ഗീസ് വിളിച്ചിരുന്നത്. അതാണ് അവര്‍ തമ്മിലുള്ള ബന്ധവും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ബന്ധം വേര്‍പെടുത്താന്‍ മരണത്തിനായിട്ടില്ല.


അസാമാന്യ അഭിനയ കഴിവുള്ള വ്യക്തിത്വമാണ് എന്‍എഫ് എന്ന് വിജരാഘവന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ശബ്ദം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ശബ്ദനിയന്ത്രണത്തില്‍ എല്ലാ നടന്‍മാര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം. സിനിമയില്‍ വരുന്നതിന് മുമ്പ് പല കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് എന്‍എഫ് എന്നും വിജയരാഘവന്‍ ഓര്‍ക്കുന്നു. ചെറുപ്രായത്തില്‍ തന്നെയുള്ള അദ്ദേഹത്തിന്‍റെ മരണം സിനിമാ മേഖലയ്ക്ക് തീരാ നഷ്ടമാണ്. എന്‍ എഫ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നിരവധി വിലപ്പെട്ട കഥാപാത്രങ്ങള്‍ ഉണ്ടാകുമായിരുന്നു. ഇന്നത്തെ സിനിമാമേഖലയ്ക്ക് അതൊരു നികത്താനാകാത്ത നഷ്ടം തന്നെയാണ്. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ വെറുതെ എന്തെങ്കിലും പറഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് അദ്ദേഹം. അഭിനയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.

സിനിമാനടനും സംവിധായകനും ഒന്നും മരണപ്പെട്ടാല്‍ ഓര്‍മ്മിച്ചെടുക്കേണ്ട കാര്യമില്ല. സിനിമകളിലൂടെ അവര്‍ അനശ്വരമായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്‍ എഫിനെ പോലെയുള്ളവര്‍ ജനങ്ങളുടെ മനസില്‍ എന്നും അനശ്വരമായി ജീവിക്കുന്നത് തന്നെയാണ് ഒരു കലാകാരന്‍റെ ശക്തി. – വിജയരാഘവന്‍ പറഞ്ഞു.
1949 ല്‍ കൊച്ചിയില്‍ ജനിച്ച എന്‍ എഫ് വര്‍ഗ്ഗീസ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലിരിക്കെ മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. ടി വി പരമ്പരകളിലും എന്‍എഫ് അഭിനയിച്ചിട്ടുണ്ട്. ആകാശദൂതിലെ കേശവന്‍, പത്രത്തിലെ വിശ്വനാഥന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഫാന്‍റം, ഒന്നാമന്‍, നന്ദനം എന്നീ സിനിമകളിലാണ് അവസാന നാളുകളില്‍ അഭിനയിച്ചത്. 2002 ജൂണ്‍ 19 ന് ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം വന്ന് എന്‍എഫ് വിടപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *