വെറുതെയിരിക്കുമ്പോ ഒരു തിരിച്ചുപോക്ക് ആയാലോ..? കാണാം യെല്ലോ ഫ്ലവേർസ് ഓൺ ദ ഗ്രീൻ ഗ്രാസ്..

Sharing is caring!

യദുൻലാൽ സി വി

നമ്മുടെയൊക്കെ ജീവിതത്തിൽ യാതൊരു വിധ ഉപാധികളോ തടസ്സങ്ങളോ ഇല്ലാതെ ആസ്വദിച്ചത് ബാല്യകാലം തന്നെ ആയിരിക്കില്ലേ? നഷ്ടമായി കൊണ്ടിരിക്കുന്ന എന്തൊക്കെയോ കാഴ്ചകളില്ലേ ഓർമ്മകളിൽ ഇപ്പോഴും. അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകൾക്കിടയിലും കോട്ടങ്ങളൊന്നും ഇല്ലാതെ കാത്തു സൂക്ഷിച്ചിട്ടില്ലേ നാട്ടിൻ പുറത്തിന്റെ നന്മകളെ. അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത ഓർമ്മകളാൽ സമ്പന്നമല്ലേ നമ്മുടെയൊക്കെ കുട്ടിക്കാലം. ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കി ജീവിക്കുക എന്നത് എത്ര മനോഹരമാണ്. ഒരു പക്ഷേ കുട്ടിക്കാലവും അതിനെ ചുറ്റിപ്പറ്റിയുള്ള നൊസ്റ്റാൾജിയയും ഒരു അസാധ്യ കോമ്പിനേഷനാണ്.

അങ്ങനെയൊരു കാലത്തേക്ക് പതിയെ കൈ പിടിച്ചു നടത്തുകയാണ് വിക്ടർ വ്യൂ എന്ന വിയറ്റ്നാമീസ് സംവിധായകനും അയാളുടെ ചിത്രം “Yellow flowers on the green grass”

സഹോദരൻമാരായാ ത്വോങ്, തെയോ അവരുടെ കൂട്ടുകാരി മാൻ എന്നീ കുട്ടികളുടെ ജീവിതാനുഭവങ്ങളിലൂടെ ഓർമ്മകളുടെ അടിത്തട്ടിൽ ഇപ്പോഴും സജീവമായിരിക്കുന്ന ഒരു കാലത്തിന്റെ ബാക്കിയിലേക്ക് വെളിച്ചം വീശുന്നുണ്ട് വിക്ടർ വ്യൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും മതിലിൻ മേൽ പറ്റി പിടിച്ച പായലുകളിലെ ചെറു ചെടികൊണ്ട് കൊളുത്തി പിടിച്ച് ശക്തി പരീക്ഷിച്ചിട്ടുണ്ടെങ്കിൽ പച്ചോല കൊണ്ട് കളിപ്പാട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഗോട്ടി കളിച്ചിട്ടുണ്ടെങ്കിൽ പച്ച പുല്ലിൽ വീണു കിടക്കുന്ന മഞ്ഞ പുഷ്പങ്ങൾ വല്ലാത്തൊരു നഷ്ട ബോധമുണ്ടാക്കുമെന്നുറപ്പ്. അത്തരത്തിലൊരുഭവമാണ് തുടക്കം മുതൽ അവസാനം വരെ ചിത്രം തരുന്നതും.

ചേട്ടനെ ഏറെ സ്നേഹിക്കുന്ന ത്വോങ് ,മുൻ ശുണ്ഠിയുണ്ടെങ്കിലും ഉള്ളിൽ അനിയനെ ജിവനായ തെയോ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരി മാൻ. മൂന്നു പേരുടേയും കളികളിലൂടെയും ചിരികളിലൂടെയും കരച്ചിലുകളിലൂടെയും പിടിച്ചിരുത്തുന്നുണ്ട് ചിത്രം. ഒരു മുത്തശ്ശി കഥയുടെ നൈർമല്യമുണ്ട് അതിന്
അതു കൊണ്ടു തന്നെയാണ് അതിലേക്ക് രാജാവും രാജകുമാരിയും മാന്ത്രികതവളയും രാക്ഷസ കടുവയും ഒക്കെ അതിഥികളായെത്തുന്നത്. അതേ നൈർമല്യത്തിലേക്കും നിഷ്കളങ്കമായ ബാല്യ കാലത്തേക്കും തന്നെയാണ് ചിത്രം വഴി വെട്ടുന്നതും, ആ വഴിയിലെ പച്ച പുല്ലിൽ വഴി തെറ്റാതിരിക്കാനായി നിറയെ മഞ്ഞ പുഷ്പങ്ങൾ വിതറിയിട്ടായിരുന്നു സ്വപ്ന കഥയിലെ രാജകുമാരി പോയത്.

Yellow flowers on the green grass” wins Toronto award

80 ളിലെ വിയറ്റ്നാമിന്റ ഗ്രാമീണ കാഴ്ചകളെ തുറന്നു കാട്ടുന്നുണ്ട് ചിത്രം. അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതത്തെയും നന്നായി ഒപ്പിയെടുത്തു വിക്ടർ വ്യു. അതിൽ അടച്ചുറപ്പില്ലാത്ത അവരുടെ കൂരകളുണ്ടായിരുന്നു, തൊഴുത്തുകളുണ്ടായിരുന്നു, ചന്തകളുണ്ടായിരുന്നു, അവരുടെ വിശ്വാസങ്ങളുണ്ടായിരുന്നു, കെട്ടുകഥകളുണ്ടായിരുന്നു, അവരുടെ പരസ്പര സ്നേഹമുണ്ടായിരുന്നു, ദാരിദ്യമുണ്ടായിരുന്നു, സർവോപരി ഗ്രാമത്തിന്റെ പച്ചപ്പും വിശുദ്ധിയും ഉണ്ടായിരുന്നു. അങ്ങനെയങ്ങനെ ഒരു പാട് ഓർമ്മകളിലേക്കുള്ള ഫ്ളാഷ് ബാക്കാവുന്നുണ്ട് yellow flowers on the green grass.

ഒരു പക്ഷേ പറയത്തക്ക കഥയോ കഥാ പരിസരമോ ചിത്രത്തിനുണ്ടായെന്നു വരില്ല. പക്ഷെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അതിനകത്ത് രഹസ്യമാക്കി വച്ചിട്ടുണ്ട് വ്യൂ. മനോഹരമായ ദൃശ്യങ്ങളും പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും. തെളിമയുള്ള അരുവി പോലെ പച്ചപ്പുല്ലുകളേയും അതിൽ കിടക്കുന്ന മഞ്ഞ പുഷ്പങ്ങളെയും തഴുകി കൊണ്ട് അതിങ്ങനെ ശാന്തമായി ഒഴുകിയിറങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com