വാരിക്കുഴിയൊരുക്കി ഫാ.വിൻസന്റ് കൊമ്പന കാത്തിരിക്കുന്നു

Sharing is caring!

വൈഷ്ണവ് പുല്ലാട്ട്

വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക മനസുകളിൽ ഇടം നേടിയ ഒരു തലക്കെട്ട്, വർഷങ്ങൾക്കിപ്പുറം ഒരു സിനിമയെന്ന യാഥാർഥ്യമാവുമ്പോൾ വാരികുഴിയിലെ കൊലപാതകം എന്ന മലയാള സിനിമയുടെ അണിയറ പ്രവർത്തകർക്കുമുണ്ട് ചിലത് പറയാൻ. കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാരിക്കുഴിയിലെ കൊലപാതകം ടീമിന്റെ മീറ്റ് ദി പ്രസ്സിൽ കേൾക്കാനിടയായ  വാക്കുകളിലൂടെ ഒരു യാത്ര പുറപ്പെടുന്നതിനൊപ്പം  സിനിമയെ കുറിച്ചും ചിലത് പറയുകയാണ്, ഇവിടെ..

നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ ഡിക്റ്റക്റ്റിവ് നോവലിസ്റ്റ് ഹിച്ച്കോക്ക് കഞ്ഞിക്കുഴിയായി വേഷമിട്ട  മണിയൻപിള്ള രാജു ട്രെയിനിൽ വെച്ച് സഹയാത്രികനായ മമ്മുട്ടിയോട് തന്റെ നോവൽ സിനിമയാക്കാൻ മദ്രാസിലേക്ക് പോവുകയാണെന്നും നോവലിന്റെ തലക്കെട്ട് വാരിക്കുഴിയിലെ കൊലപാതകം ആണെന്നും പറയുന്ന രംഗം മനസ്സിൽ പതിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ ആ തലക്കെട്ട് ഒരു സിനിമയാകുന്നു എന്ന വാർത്തക്കൊപ്പം സിനിമ പ്രേമികൾക്ക് പ്രതീക്ഷയും ആവേശവും വർദ്ധിക്കുകയാണ് ഉണ്ടായത്. കാത്തിരിപ്പിനും പ്രതീക്ഷക്കും നൂലിട മങ്ങൽ ഏൽപ്പിക്കാതെയാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നതും.

ഒരു ഇടവക മുഴുവൻ ഭയഭക്തി ആദരവോടെ ബഹുമാനിക്കുന്ന  പള്ളിലച്ചന്മാരെ ഒരുപാട് സിനിമകളിൽ കാണാൻ ഇടയായിട്ടുണ്ടെങ്കിലും നല്ല കട്ട താടിയും മുടിയുമുള്ള, ഗുണ്ടായിസത്തിന് പെടയും  പിഴയും ഉറപ്പ് വരുത്തുന്ന, ളോഹക്കുള്ളിൽ ഒരു ഇടിവണ്ടി പോലീസുകാരനെ കൊണ്ടുനടക്കുന്ന ഫാദർ വിൻസന്റ് കൊമ്പനയെന്ന കഥാപാത്രം പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അമിത്ത് ചക്കാലക്കൽ എന്ന യുവ നായകന്റെ ഉദയമാണ് ഫാ.വിൻസന്റ് കൊമ്പനയെന്ന കഥാപാത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം തന്നെ ഈ വേഷം ചെയ്യാൻ സംവിധായകൻ രജീഷ് മിഥില തെരഞ്ഞെടുത്തതിന് പിന്നിലെ സാഹചര്യം ഒരു ഭാഗ്യമായി കണക്കാക്കുന്നതിനൊപ്പം താരമൂല്യമുള്ള നായകന്മാരുടെ ഡേറ്റ് കിട്ടുന്നതിലുള്ള കഷ്ടപ്പാടുകളും സമയവും അമിത്ത് ചക്കാലക്കൽ മീറ്റ് ദി പ്രസ്സിൽ പറയുകയുണ്ടായി.

മുൻ നിരനായകന്മാരിൽ ചിലർ ചെയ്യാൻ സമ്മതം മൂളിയ ഫാ.വിൻസന്റ് കൊമ്പന എന്ന കഥാപാത്രം പലകാരണങ്ങളാൽ ഒഴിഞ്ഞു മാറി ഒടുവിൽ അമിത്തിലേക്ക് എത്തുകയായിരുന്നു.  കൃത്യമായ സിനിമ പാരമ്പര്യമോ ഗുരുസ്ഥാനീയരുടെ പേരുകളോ അവകാശപ്പെടാനില്ലാത്ത രജീഷ് മിഥിലക്ക് പിന്നിൽ ശക്തമായി നിലയുറപ്പിച്ച കോഴിക്കോടുകാരായ  നിർമ്മാതാക്കൾ ഷിബു ദേവദത്തനും സുജീഷ് കോലൊത്തൊടിയും തങ്ങളുടെ ആദ്യ സിനിമയെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ തികഞ്ഞ സംതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.

അമിത്തിനെ നായകനായി ഉറപ്പിച്ചത് മുതൽ വാക്ക് പറഞ്ഞ നിർമ്മാതാക്കളുടെ പിൻവലിച്ചിൽ സമ്മാനിച്ച മാനസിക സംഘർഷങ്ങൾ അലട്ടിയ രജീഷ് മിഥിലയുടെ മുന്നിലേക്ക് താരമൂല്യങ്ങളെക്കാൾ ഉപരിയായി നല്ലൊരു കഥ സിനിമയാക്കുവാൻ ഞങ്ങൾ കൂടെയുണ്ടെന്ന പ്രഖ്യാപനവുമായാണ് ഷിബു ദേവദത്തനും സുജീഷ് കോലൊത്തൊടിയും എത്തിയത്. ഏറ്റവും ഒടുവിൽ ചിത്രം പ്രദർശനത്തിന് എത്തിച്ചപ്പോൾ തങ്ങൾ നേരിട്ട തിയറ്റർ ലഭ്യത ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ പക്ഷെ അടുത്ത കാൽവെപ്പിന് കൂടുതൽ ഊർജ്ജം പകരുന്നവയാണെന്നാണ് ഈ കോഴിക്കോട്ടുകാർക്ക് പറയാനുള്ളത്. ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ സിനിമയോട് നീതിപുലർത്താൻ രജീഷ് മിഥില പരിശ്രമിച്ചതിന്റെ ഫലമായാണ് വാരിക്കുഴിയിലെ കൊലപാതകം പ്രേക്ഷക ശ്രദ്ധ നേടുന്നതെന്ന് എടുത്ത് പറയാം.

ഒരു ഇടവകയിൽ നടക്കുന്ന ഒരു കൊലപാതകത്തെ തുടർന്ന് പള്ളിലച്ചൻ ഫാ.വിൻസന്റ് കൊമ്പന ഒരുക്കുന്ന വാരിക്കുഴിയിൽ വീഴുന്ന കൊലപാതകി. ക്ളീഷേ പള്ളിലച്ചന്മാരെ മറികടന്ന് ളോഹധരിച്ചെത്തുന്ന പോലിസ് ഗുണ്ടയെന്ന് തോന്നിയേക്കാവുന്ന ഫാ.വിൻസന്റ് കൊമ്പനയുടെ പ്രകടനം ചിത്രത്തിന് ആവേശം വർദ്ധിപ്പിക്കുന്നതിനൊപ്പം വെടിച്ചില്ല് ത്രില്ലിംഗ് ദൃശ്യാനുഭൂതിയാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്.

അമിത്ത് ചക്കാലക്കലിനൊപ്പം കിടപിടിക്കുന്ന ബലാബലം കഥാപാത്രമായി ദിലീഷ് പോത്തന്റെ കാട്ടുതറ ജോയ് എന്ന കഥാപാത്രം കൂടി എത്തുമ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുകയാണ്. നെടുമുടിവേണുവിന്റെ കുറുക്കൻ പൊന്നപ്പൻ, കപ്പിയാര് കുഞ്ഞോയിയായി വേഷമിട്ട ഷമ്മി തിലകൻ, ലാൽ, നന്ദു, ലെന, സുധീ കോപ്പ, അഞ്ജലി നായർ, അഞ്ജന അപ്പുകുട്ടൻ, ഗോകുലൻ, കൈനകരി തങ്കരാജ്   എന്നിവരും മികച്ച കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സംഗീതവിരുന്ന് ഒരുക്കിയതിനൊപ്പം ദുരൂഹത നിറഞ്ഞ ഒരു കഥാപാത്രമായി മെജോ ജോസഫ് കൂടി എത്തുന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

സിനിമ കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് ഇനിയും പ്രതീക്ഷകൾ ഉണ്ടെന്നാണ് ഏറ്റവം ഒടുവിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത് . പുതിയ കുമ്പസാരങ്ങൾ കേട്ട് തീർപ്പു കല്പിക്കാനും ഇടവകജനതയെ നേർവഴിക്കു നടത്താനും ഫാ.വിൻസന്റ് കൊമ്പന ഇനിയും എത്തും. രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് പറയുന്നതിനൊപ്പം അമിത്ത് ചക്കാലക്കൽ പറയുന്നതിങ്ങനെ “കൊലപാതകങ്ങൾ ഇനിയും നടക്കും പക്ഷെ വാരിക്കുഴിയൊരുക്കി ഫാ.വിൻസന്റ് കൊമ്പന കാത്തിരിക്കും”. ചൈനയിൽ റിലീസ്  ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന ഖ്യാതിക്ക് കൂടി അർഹതനേടാനൊരുങ്ങുകയാണ് വാരിക്കുഴിയിലെ കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com