ടിയാനെ നിര്‍വ്വചിക്കുമ്പോള്‍…

ഇന്ത്യന്‍ രാഷ്ട്രീയം പച്ചയായി അവതരിപ്പിച്ച സിനിമയാണ് ടിയാന്‍.
ടിയാന്‍ നിര്‍വചിക്കുന്നത് ഇന്ത്യന്‍ ജനതയെയാണ്. അവരുടെ രാഷ്ട്രീയത്തെയാണ്. വിശ്വാസത്തെയാണ്. വിശ്വാസം അന്ധമാകുന്നത് അപകടമാണെന്നും ആത്മമാകുമ്പോള്‍ അത് യഥാര്‍ത്ഥമാകുമെന്നും സിനിമ പറയുന്നു. അന്ധവിശ്വാസത്തിന്‍റെ അപകടവും ആത്മവിശ്വാസത്തിന്‍റെ പ്രകമ്പനവുമാണ് മുരളിഗോപി ഒരുക്കിയ ടിയാന്‍.

മേപ്പടിയാന്‍,
ടിയാന്‍..
മുകളില്‍ പറഞ്ഞിരിക്കുന്ന ആള്‍.

അത്രെ ഉള്ളു എന്ന് വിചാരിച്ചാല്‍ തെറ്റി. ആരാണ് ടിയാന്‍. ഞാനാണോ..? നീയാണോ..? നമ്മളാണോ..?. വ്യക്തമായ നിര്‍വചനമാണ് മുരളിഗോപി നല്‍കുന്നത്. സിനിമയുടെ ട്രെയ്ലറും പോസ്റ്ററും നായകډാരുടെ ലുക്കും എല്ലാം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആദ്യ ദിവസം തന്നെ സിനിമ വിവാദങ്ങളിലേക്കും പോകുന്നുണ്ട്. സവര്‍ണാധിപത്യത്തെ പ്രതിഷ്ഠിക്കുക, ദളിതനെ ഇകഴ്ത്തിക്കാട്ടുക, സവര്‍ണ രാഷ്ട്രീയം പ്രചരിപ്പിക്കുക എന്നിങ്ങനെ ചില വിശേഷണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം ഹിന്ദി ഭാഷ ഉപയോഗിക്കുന്നതിനാലും ഏറെ ഹാര്‍ഡ് ആയി കഥ പറയുന്നതിനാലും സാധാരണ മലയാളി പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട് എന്നത് വാസ്തവമാണ്. ഇതൊക്കെയാണെങ്കിലും ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണ് ടിയാന്‍ എന്നാണ് സിനിമ കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത്. കാരണം, ഇന്ത്യന്‍ രാഷ്ട്രീയം പച്ചയായി അവതരിപ്പിച്ച സിനിമയാണ് ടിയാന്‍. അതുകൊണ്ട്തന്നെ ടിയാന്‍,
അത് നമ്മളാണ്.
ഞാനും നീയുമാണ്.
ടിയാന്‍ നിര്‍വചിക്കുന്നത് ഇന്ത്യന്‍ ജനതയെയാണ്. അവരുടെ രാഷ്ട്രീയത്തെയാണ്. വിശ്വാസത്തെയാണ്. വിശ്വാസം അന്ധമാകുന്നത് അപകടമാണെന്നും ആത്മമാകുമ്പോള്‍ അത് യഥാര്‍ത്ഥമാകുമെന്നും സിനിമ പറയുന്നു. അന്ധവിശ്വാസത്തിന്‍റെ അപകടവും ആത്മവിശ്വാസത്തിന്‍റെ പ്രകമ്പനവുമാണ് മുരളിഗോപി ഒരുക്കിയ ടിയാന്‍. കഥയിലെ ഓരോ സന്ദര്‍ഭവും അന്ധവിശ്വാസവും ആത്മവിശ്വാസവും തമ്മിലുള്ള ഏറ്റമുട്ടലാണ്. മുസ്ലീമായ ടിയാനെ കൊല്ലാന്‍ വില്ലന് ധൈര്യം കൊടുക്കുന്നത് കയ്യില്‍കെട്ടുന്ന ഒരു ഏലസാണ്. അതായിരുന്നു അയാള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. പക്ഷെ, ഉډാദിയായ വില്ലന്‍ അപകടപ്പെടുന്നതിന്‍റെ ക്രഡിറ്റ് ടിയാന് ലഭിക്കുന്നു. ടിയാന്‍ മുസ്ലീം ആള്‍ദൈവമാകുന്നു. ഹിന്ദുവായ ടിയാന് ആത്മവിശ്വാസം നല്‍കുന്നത് മുസ്ലീം ടിയാന്‍റെ കരസ്പര്‍ശമാണ്. പക്ഷെ, ആള്‍ദൈവത്തിന് അവസാനനിമിഷം ആത്മവിശ്വാസം നല്‍കാന്‍ ഇതൊന്നും മതിയാകുന്നുമില്ല. ഇവിടെയാണ് ആത്മവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അന്തരത്തെ മുരളിഗോപി നിര്‍ണയിക്കുന്നത്.

നാനാത്വങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യ, പക്ഷെ, സ്പര്‍ദ്ധയപുടെ വിളനിലമാണ് എന്നത് സത്യമാണ്. ഇന്ത്യയുടെ ജാതി വ്യവസ്ഥയും, സവര്‍ണ-അവര്‍ണ വേര്‍തിരിവുകളും തന്നെയാണ് നമ്മുടെ രാഷ്ട്രീയം. കേരളം ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നത് പുറംമോഡിയായി നില്‍ക്കുന്ന അഭിമാനബോധത്തോടെയാണ്. ചരിത്രപരമായി ഇവിടെഉണ്ടായ ചില മുന്നേറ്റങ്ങളാണ് ഈ അഭിമാനബോധം ഉണ്ടാക്കിയത്. ഇപ്പോഴും ജാതി-മത രാഷ്ട്രീയത്തിന് മലയാളിയുടെ മനസില്‍ സ്ഥാനമുണ്ടെന്ന് മനസിലാക്കുക. ജാതീയമായ വേര്‍തിരിവുള്ള മനുഷ്യരാണ് മലയാളികളും എന്നത് സത്യമാണ്. ആ ജാതി ബോധം തികട്ടിവന്നാല്‍ ഉണ്ടാകാന്‍ പോകുന്ന അപകടവും ഇതിന്‍റെയെല്ലാം പിന്നില്‍ സ്ഥാപിത ബിസിനസ് താല്‍പര്യങ്ങളാണെന്നും ടിയാന്‍ തുറന്നുകാണിക്കുന്നു. അതിന്‍റെ ഉദാഹരണമാണ് ഉത്തരേന്ത്യന്‍ഗ്രാമങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം. അവിടെ രാഷ്ട്രീയം തന്നെ ജാതിയും മതവുമാണ്. ഉപയോഗപ്പെടുത്തുന്നത് ആള്‍ദൈവങ്ങളും കപട സന്ന്യാസിമാരും. ആ യാഥാര്‍ത്ഥ്യത്തെ ഭീകരമായി അവതരിപ്പിക്കാന്‍ ടിയാന് കഴിഞ്ഞിട്ടുണ്ട്.
ഒരു മനുഷ്യദൈവത്തിന് ആശ്രമം പണിയാന്‍ ഒരു ഗ്രാമം സ്വന്തമാക്കാനുള്ള തന്ത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ടിയാന്‍. എല്ലാ മതത്തില്‍പ്പെട്ടവരും ഒരുപോലെ കഴിഞ്ഞിരുന്ന ആ ഗ്രാമത്തില്‍ അയാള്‍ വരുന്നതോടെ മതസ്പര്‍ദ്ധ ഉണ്ടാകുന്നു. സ്വന്തം വീടും ജോലിയും സ്ഥലവും പോകുമെന്നറിഞ്ഞിട്ടും അവര്‍ പ്രതികരിക്കാത്തത് വിശ്വാസത്തിന്‍റെ പേരിലാണ്. അതുവരെ കൂടെ നിന്നവരെ ജാതിയും മതവും നോക്കി വേര്‍തിരിക്കാന്‍ തുടങ്ങി. ആകെ വെള്ളം കിട്ടുന്ന വീട് തകരുമെന്നറിഞ്ഞിട്ടും അവര്‍ക്ക് സങ്കടമില്ല. കാരണം വിശ്വാസമായിരുന്നു. അന്ധമായ വിശ്വാസം. ജാതിബോധമായിരുന്നു.

ഇന്ത്യയിലെ സവര്‍ണ രാഷ്ട്രീയം തുറന്നുകാണിക്കാനാണ് സിനിമയിലെ ഒരു നായകന്‍ സവര്‍ണനായ ബ്രാഹ്മണനായി തന്നെ വരുന്നത്. അയാളിലൂടെ ഒരു ബ്രാഹ്മണന്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നും എന്തായിരിക്കണമെന്നും പറയുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. അത് നമ്മുടെ പാരമ്പര്യ സംസ്കാരത്തിലൂടെ പറഞ്ഞു എന്നതും വ്യത്യസ്തമാണ്. നമ്മുടെ സംസ്കാരം ഇപ്പോള്‍ ചിലര്‍ പറയുന്നതല്ലെന്ന യാഥാര്‍ത്ഥ്യം ബ്രാഹ്മണ കഥാപാത്രത്തിലൂടെ തുറന്നുകാണിക്കാനും സിനിമ തയ്യാറായിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബ്രാഹ്മണിസത്തെ എടുത്തുയര്‍ത്തുകയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇവര്‍ പറയുന്ന ഇന്ത്യന്‍ സംസ്കാരം, അത് എങ്ങനെയായിരിക്കണം, എന്താണ് നമ്മുടെ പാരമ്പര്യം പറയുന്നത് എന്നൊക്കെ മുരളി ഗോപി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് സവര്‍ണാധിപത്യം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പറയാനാകില്ല. പച്ചയായ യാഥാര്‍ത്ഥ്യം അങ്ങനെയാകുമ്പോള്‍ അത് ആവിഷ്കരിക്കുക മാത്രമാണ് സിനിമ ചെയ്തത് എന്ന നിലയിലെ കാണാനാകു.
ഹിന്ദുവായാലും, മുസ്ലീമായാലും, ഏത് മതക്കാരനായാലും വിശ്വാസത്തിന്‍റെ നിര്‍വചനം ഒന്ന് തന്നെയാണെന്ന് സിനിമ പറയുന്നു. പൃഥ്വി അവതരിപ്പിക്കുന്ന മുസ്ലീം കഥാപാത്രം ബോംബെയിലാണ്. അയാള്‍ മുസ്ലീംനാമധാരി മാത്രമല്ല. അയാള്‍ പോലും അറിയാതെ ഒരു ആള്‍ദൈവമായി മാറുകയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അയാളെ തന്‍റെ ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത് ആത്മവിശ്വാസമാണ്. നാടുവിട്ട അയാള്‍ സന്ന്യാസമാരുടെ കൂടെ പോകുന്നതും ധ്യാനത്തില്‍ ഏര്‍പ്പെടുന്നതും അങ്ങനെയാണ്.

കൊലപാതകങ്ങളും, മരണങ്ങളും, ആക്ഷനും എല്ലാം അതിരുകടന്ന് അവതരിപ്പിക്കുന്ന രീതിയാണ് ഉപയോഗിച്ചത്. ബോളിവുഡില്‍ കണ്ടുവരുന്ന ഒരു ശൈലിയാണിത്. ക്യാമറയും, എഡിറ്റിംഗും ബോളിവുഡിനോട് സാമ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

നിലവിലുള്ള രാഷ്ട്രീയസ്ഥിതിയും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിയമ സംവിധാനങ്ങള്‍ പോലും ജാതിയും മതവുമാണ് കൈയ്യാളുന്നത്. ഗോമാംസം കഴിച്ചതിന് സ്വന്തം മകനെയാണ് പോലീസുകാരനായ അച്ഛന്‍ മര്‍ദ്ദിക്കുന്നത്. ഗോമാംസം കഴിച്ചവരെ കൊണ്ട് ഗോമാതാവിനെ കുറിച്ച് പാട്ട് പാടിക്കുന്നു. തൊട്ടപ്പുറത്ത് കോര്‍പറേറ്റുകളായി വന്നവര്‍ നല്ല ക്വാളിറ്റിയുള്ള ബീഫ് എന്ന് പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. ബീഫ് രാഷ്ട്രീയത്തിന്‍റെ യഥാര്‍ത്ഥ പൊള്ളത്തരം തുറന്നുകാട്ടുകയാണിവിടെ. ഗോക്കളെ വളര്‍ത്തി ജീവിക്കുന്ന ദളിതന്‍റെ അവസ്ഥ ഈ ഒരു ഡയലോഗിലൂടെ അടയാളപ്പെടുത്തുന്നുണ്ട്.


കൊലപാതകങ്ങളും, മരണങ്ങളും, ആക്ഷനും എല്ലാം അതിരുകടന്ന് അവതരിപ്പിക്കുന്ന രീതിയാണ് ഉപയോഗിച്ചത്. ബോളിവുഡില്‍ കണ്ടുവരുന്ന ഒരു ശൈലിയാണിത്. ക്യാമറയും, എഡിറ്റിംഗും ബോളിവുഡിനോട് സാമ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. വിഷ്വല്‍ ട്രീറ്റ്മെന്‍റാണ് എടുത്തുപറയാനുള്ളത്. ട്രെയിലറില്‍ തന്നെ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രങ്ങളുടെ അഭിനയത്തില്‍ പൃഥ്വിരാജ് വേറിട്ട കാഴ്ച സമ്മാനിച്ചു. ചെറിയ ഭാഗം മാത്രമെ ഉള്ളുവെങ്കിലും പത്മപ്രിയയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഇന്ദ്രജിത്തും, അനന്യയും ഇന്ദ്രജിത്തിന്‍റെ മകള്‍ നക്ഷത്രയും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ആള്‍ദൈവമായി കഥാപാത്രത്തോട് അലിഞ്ഞുചേര്‍ന്ന അഭിനയമായിരുന്നു മുരളിഗോപിയുടേത്.

ജിയെന്‍ കൃഷ്മകുമാറിന്‍റെ സംവിധാനമാണ് എടുത്തുപറയാനുള്ള മറ്റൊന്ന്. ഒരു വ്യത്യസ്ത പ്രതലത്തില്‍ നിന്നും പറയുന്ന കഥ അതേ വ്യത്യസ്തതയില്‍ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‍ സാധിച്ചിട്ടുണ്ട്. ഏറെ ഹാര്‍ഡായും റഫ് ആയും ഉപയോഗിച്ചിരിക്കുന്ന കഥാപറച്ചില്‍ രീതിയാണ് ആളുകള്‍ക്ക് മടുപ്പുളവാക്കുന്നത്. ഇത്ര വിപുലമായ രീതിയിലും പച്ചയായും പറഞ്ഞിട്ടില്ലെങ്കിലും ആള്‍ദൈവവും കപട വിശ്വാസവും ഇന്ത്യന്‍ സിനിമ നേരത്തെ കണ്ടിട്ടുണ്ട് എന്നതും ടിയാനില്‍ പുതുമ ഉണ്ടാക്കുന്നില്ല. ഇതെല്ലാം വിമര്‍ശനവിധേയമാകുന്നുണ്ട്. പക്ഷെ, എന്തുകൊണ്ട് ഞാന്‍ എന്നും എന്താവണം നമ്മള്‍ എന്നും മനസിലാക്കാന്‍ ടിയാന്‍ വീക്ഷിക്കുമ്പോള്‍ സാധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *